കോഴിക്കോട്: രണ്ടാംമൂഴം സിനിമയാക്കുന്നെന്ന വാർത്ത നിഷേധിച്ച് എം.ടി വാസുദേവൻ നായരുടെ അഭിഭാഷകൻ രംഗത്ത്. രണ്ടാമൂഴം സിനിമയാക്കുന്ന കാര്യത്തിൽ സംവിധായകൻ ശ്രീകുമാർ മേനോനുമായി ധാരണയായിട്ടില്ലെന്ന് എം.ടിയുടെ അഭിഭാഷകൻ അഡ്വ. ശിവരാമകൃഷ്ണൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. പുതിയൊരു നിർമ്മാതാവുമായി ചേർന്ന് എം.ടിയുടെ തിരക്കഥയിൽ രണ്ടാമൂഴം തുടങ്ങാൻ കരാറിൽ ഒപ്പുവച്ചുമെന്ന് ജോമോൻ പുത്തൻപുരയ്ക്കലിന്റെ വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യവസായിയായ എസ്.കെ നാരായണനും സംവിധായകൻ ശ്രീകുമാർ മേനോനും തന്റെ സാന്നിദ്ധ്യത്തിലാണ് ധാരണയിലെത്തിയെന്നായിരുന്നു ജോമോൻ പുത്തൻപുരയ്ക്കലിന്റെ അവകാശവാദം. എന്നാൽ ഇക്കാര്യം എം.ടി വാസുദേവൻ നായർ അറിഞ്ഞിട്ടല്ലെന്ന് അഡ്വ. ശിവരാമകൃഷ്ണൻ വ്യക്തമാക്കി. കേസ് പിൻവലിച്ച് സിനിമയുമായി മുന്നോട്ടുപോകാനുള്ള ഒരു നീക്കവും എം.ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എം.ടിയുമായി മോഹൻലാൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മഹാഭാരതവുമായി മുന്നോട്ടുപോകാൻ ധാരണയായെന്നും ജോമോൻ പറഞ്ഞിരുന്നു. അത്തരത്തിലൊരു ചർച്ച ഇതുവരെ നടന്നിട്ടില്ലെന്നും എം ടിയുടെ തിരക്കഥയിൽ ശ്രീകുമാർ മേനോന് സിനിമയെടുക്കാൻ നിയമപരമായ തടസങ്ങളുണ്ടെന്നും ശിവരാമകൃഷ്ണൻ വ്യക്തമാക്കി.
രണ്ടാമൂഴം സിനിമയ്ക്കുള്ള തിരക്കഥ നൽകി നാല് വർഷമാകുമ്പോഴും ചിത്രീകരണം ആരംഭിക്കാത്ത ഘട്ടത്തിലായിരുന്നു എം.ടി.വാസുദേവൻ നായർ കോടതിയെ സമീപിച്ചത്. കേസ് കോഴിക്കോട് മുൻസിഫ് കോടതിയുടെ പരിഗണനയിലാണ്. മോഹൻലാലിനെ നായകനാക്കി രണ്ടാമൂഴം തിരക്കഥയിൽ ചിത്രം നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ പരസ്യ ചിത്ര മേഖലയിൽ നിന്നു സിനിമ സംവിധാന രംഗത്ത് വന്ന ശ്രീകുമാർ തന്റെ ആദ്യ ചിത്രമായ ഒടിയന്റെ ചിത്രീകരണവുമായി ഏർപ്പെടുകയുംരണ്ടാമൂഴം കഥ കൊണ്ടുള്ള ചിത്രം പ്രാരംഭ നടപടികൾ പോലും തുടങ്ങി വയ്ക്കാത്ത അവസ്ഥയിലുമായി.