ksrtc

തിരുവനന്തപുരം: കെ.എസ് ആർ.ടി.സിയിൽ വീണ്ടും കാര്യങ്ങൾ നിയന്ത്രിച്ച് യൂണിയനുകൾ. അധിക ഡ്യൂട്ടി ചെയ്യാൻ കഴിയില്ലെന്നും, ഡ്രെെവർ കം കണ്ടക്ടർ രീതി വേണ്ടെന്നും യൂണിയനുകൾ വ്യക്തമാക്കി. ജോലിക്ക് വന്ന ഡ്രെെവർ കം കണ്ടക്ടറെ തമ്പാനൂരിൽ നിന്നും ഇറക്കിവിട്ടു. ടോമിൻ തച്ചങ്കരിയെ എം.ഡി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെയാണ് പുതിയ നീക്കം.

ദീർഘദൂര സർവീസുകളിൽ അപകടം കുറയ്‌ക്കാൻ ലക്ഷ്യമിട്ടാണ് രണ്ടു ഡ്രൈവർമാർ ഉൾപ്പെടുന്ന ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്തിയത്. നാലായിരത്തോളം എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടേണ്ടിവന്നതോടെ എം.ഡി ടോമിൻ തച്ചങ്കരി കണ്ടക്ടർമാരുടെ കുറവ് പരിഹരിക്കാൻ ദീർഘദൂര സർവീസുകളിൽ ഇത് നിർബന്ധമാക്കി. എന്നാൽ, തച്ചങ്കരിയെ മാറ്റിയതിന്റ തൊട്ടടുത്തദിവസം തന്നെ ഇത് അട്ടിമറിച്ചു. മുകളിൽ നിന്നുള്ള നിർദേശത്തിന്റ അടിസ്ഥാനത്തിലാണ് ഡ്രൈവർ കം കണ്ടക്ടർ സംവിധാനം റദ്ദാക്കിയതെന്നാണ് ഡി.ടി.ഒയുടെ വിശദീകരണം.