പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏകാധിപത്യ ഭരണത്തിൽ ഞെരിഞ്ഞമർന്നിരിക്കുകയാണ് നാടും ജനങ്ങളും. അതിൽ നിന്നുള്ള മോചനം ലക്ഷ്യം വയ്ക്കുന്നതാണ് ജനമഹായാത്ര. സ്വാശ്രയക്കൊള്ളയുടെ രക്തസാക്ഷി ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയുടെ ഞാനൊരു അമ്മയാണ്..""എന്ന ഹൃദയഭേദകമായ നിലവിളി പിണറായി കേട്ടില്ല. ആദിവാസി യുവാവ് മധുവിന്റെയും യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെയും നെയ്യാറ്റിൻകര സ്വദേശി സനലിന്റെയും വരാപ്പുഴ ശ്രീജിത്തിന്റെയും നിലവിളികൾ ഹൃദയം പിളർത്തുന്നതായിരുന്നു. കിരാത ഭരണത്തിൽ തകർന്ന കർഷകരുടെയും ചെറുകിട സംരംഭകരുടെയും സ്ത്രീകളുടെയും പ്രളയബാധിതരുടെയും തൊഴിൽരഹിതരുടെയും കണ്ണീർത്തടങ്ങൾ നമുക്കു ചുറ്റുമുണ്ട്.
തൊഴിലില്ലായ്മ കുതിക്കുന്നു
പ്രതിവർഷം രണ്ട് കോടി യുവാക്കൾക്ക് തൊഴിൽ നല്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയതാണ് മോദി. എന്നാൽ തൊഴിലില്ലായ്മ 45 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ദേശീയ സാമ്പിൾ സർവെയുടെ പൂഴ്ത്തിവച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. തൊഴിലില്ലായ്മ 6.1 ശതമാനമായി കുതിച്ചു കയറി. സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ അനുമതി നൽകി രണ്ടുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് ആക്ടിംഗ് ചെയർമാൻ പി.സി. മോഹനൻ, അംഗം ജെ.വി. മീനാക്ഷി എന്നിവർ രാജിവച്ചു. നോട്ടുനിരോധനത്തിലൂടെ കർഷകരും ചെറുകിട സംരംഭകരും കുത്തുപാളയെടുത്തു.
കാവൽക്കാരനല്ല കൊള്ളക്കാരൻ
രാജ്യത്തിന്റെ കാവൽക്കാരനല്ല, കൊള്ളക്കാരനാണെന്ന് രാഹുൽഗാന്ധി മുഖത്തുനോക്കി വിളിച്ചിട്ടും മോദിക്ക് പ്രതികരണമില്ല. 41,000 കോടി രൂപയാണ് റാഫേൽ ഇടപാടിൽ രാജ്യത്തിനു നഷ്ടപ്പെട്ടത്. 30,000 കോടി രൂപ എത്തിയത് അനിൽ അംബാനിയുടെ കീശയിൽ. റാഫേൽ ഇടപാടു നടന്ന ഫ്രാൻസ് സന്ദർശനത്തിന് പ്രതിരോധമന്ത്രിക്കു പകരം പ്രധാനമന്ത്രി കൊണ്ടുപോയത് അനിൽ അംബാനിയെയാണ്. താഴെത്തട്ടിലുള്ള 13.6 കോടി ജനങ്ങൾ കടക്കെണിയിലായി. ശതകോടികൾ വെട്ടിച്ച വിജയ് മല്യ, ലളിത് മോദി, നീരവ് മോദി തുടങ്ങിയ ഭീമന്മാർ ഭരണകക്ഷിയുടെ സംരക്ഷണത്തിൽ വിദേശത്തേക്ക് കടന്നു, 15 വമ്പൻ വ്യവസായികളുടെ മൂന്നരലക്ഷം കോടി രൂപ എഴുതിത്തള്ളി. സ്യൂട്ടും ബൂട്ടും ധരിച്ചവരുടേതു മാത്രമാ
ണ് സർക്കാരെന്ന് എ.ഐ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത് എത്ര ശരിയാണ്.
വിഭജിക്കുക, ഭരിക്കുക
എം.എം കൽബുർഗി, നരേന്ദ്ര ധബോൽക്കർ, ഗൗരി ലങ്കേഷ്, ഗോവിന്ദ് പൻസാരെ തുടങ്ങിയ ബുദ്ധിജീവികൾ മോദി ഭരണത്തിൽ കശാപ്പ് ചെയ്യപ്പെട്ടു. കശാപ്പുനിയന്ത്രണ നിയമം സംഘപരിവാരങ്ങൾ കയ്യിലെടുത്തപ്പോൾ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട 25 പേരുൾപ്പെടെ 30 പേർക്ക് ജീവൻ നഷ്ടമായി. അയോദ്ധ്യാ ക്ഷേത്രനിർമാണം പൊടിതട്ടിയെടുത്ത് വർഗീയത ആളിക്കത്തിക്കാനാണ് ശ്രമം. ശബരിമലയിലും ഇതാണ് അജൻഡ
കേരളത്തെ വിഭജിച്ചു
ശബരിമല വിഷയത്തിൽ യു.ഡി.എഫ് സർക്കാർ നല്കിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ തിരുത്തി നല്കിയാണ് ഇടതുസർക്കാർ വിശ്വാസികളെ അടിച്ചത്. അർദ്ധരാത്രിയിൽ അവിശ്വാസികളെ വിശ്വാസികളാക്കിയും ആണിനെ പെണ്ണാക്കി കോടതിയിൽ ലിസ്റ്റ് നല്കിയുമാണ് കോടതിവിധി നടപ്പാക്കിയത്. ശബരിമലയുടെ പേരിൽ ബി.ജെ.പി നാലു മാസത്തിനുള്ളിൽ ആറ് ഹർത്താലുകൾ നടത്തി കേരളത്തെ വീർപ്പുമുട്ടിച്ചു. പ്രളയദുരിതബാധിതർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
ശശിയും ശശീന്ദ്രനും
സ്ത്രീത്വത്തിനു നേരേ ഉയരുന്ന കരങ്ങൾ ഏതു പ്രബലന്റേതാണേലും പിടിച്ചുകെട്ടും എന്ന പ്രഖ്യാപനം മുഖ്യമന്ത്രി ഓർക്കാനിടയില്ല. പീഡനപരാതിയിൽ എം.എൽ.എ പി.കെ. ശശിയെ കണ്ണുംപൂട്ടി സംരക്ഷിച്ചു. മന്ത്രി എ.കെ. ശശീന്ദ്രനെ വെള്ളപൂശി തിരിച്ചെടുത്തു. ബാറുകളൊന്നും തുറക്കില്ലെന്ന് പരസ്യം ചെയ്ത് അധികാരത്തിലേറിയിട്ട് തുറന്നുകൊടുത്തത് 430 ബാറുകളും 400 ബിയർ വൈൻ പാർലറുകളുമാണ്.
ഇനി രാഹുൽ യുഗം
അധികാരവും സമ്പത്തും സൈബർ പോരാളികളുമുള്ള മോദി ഗോലിയാത്തിനെപ്പോലെ ഗോദയിൽ നില്കുമ്പോൾ, ദാവീദിനെപ്പോലെ രാഹുലിന്റെ കയ്യിലുള്ളത് ഇന്ത്യയെ കണ്ടെത്തിയ മനസു മാത്രമാണ്. രാജ്യത്തിനുവേണ്ടി ഏറ്റവും വലിയ ത്യാഗങ്ങൾ സഹിച്ച നെഹ്രു കുടുംബത്തിലെ കണ്ണികളായ രാഹുലും പ്രിയങ്കയും ജ്വലിക്കുന്ന യുവത്വത്തിന്റെ പ്രതീകമാണ്. ഗാന്ധിജിയുടെ നന്മകളും നെഹ്രു കുടുംബത്തിന്റെ ധിഷണാശക്തിയും ഇവരിലുണ്ട്. ഇനി രാജ്യം രാഹുൽ നയിക്കും.
ജനമഹായാത്ര
ജനാധിപത്യ മതേതര വിശ്വാസികൾക്ക് മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുകയെന്നത് ചിന്തിക്കാനാവില്ല. മോദിയുടെ മാതൃകയിലുള്ള ഏകാധിപത്യ ശൈലീ ഭരണമാണ് പിണറായി വിജയന്റേത്. ഇവർക്കെതിരേയുള്ള അതിശക്തമായ മുന്നേറ്റമായ ജനമഹായാത്രയ്ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.