കണ്ണൂർ : നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം നടത്തിയ റെയിഡിൽ പിടികൂടിയത് മായം കലർന്ന തേയില. ചായയ്ക്ക് നിറവും കടുപ്പവും വർദ്ധിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള തേയില ഉപയോഗിക്കുന്നത്. ഇത് കൂടാതെ കൂടുതൽ ഗ്ലാസ് ചായ ഇത്തരം തേയില ഉപയോഗിക്കുന്നതിലൂടെ ഉണ്ടാക്കുവാനാവുന്നതും, കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതും ഹോട്ടലുടമകളെ ആകർഷിക്കുന്നുണ്ട്.
ഹോട്ടലുകളിൽ ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പിണ്ടിയിൽ കളർ ചേർത്താണ് വീണ്ടും പാക് ചെയ്ത് തേയിലയാക്കി വിൽപ്പന നടത്തുന്നത്. സംശയം തോന്നി പിടികൂടിയ തേയില ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കോഴിക്കോട്ടെ റീജനൽ അനലറ്റിക്കൽ ഫുഡ് ലബോറട്ടറിയിൽ പരിശോധിച്ചപ്പോൾ കൃത്രിമ വർണ വസ്തുക്കളായ കാർമിയോസിൻ, സൺസെറ്റ് യെല്ലോ, ടാർടാറിസിൻ എന്നിവ ചേർത്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന് ദോഷമായ ഇവയെല്ലാം നിരോധിതമാണ്.
ഈ രാസവസ്തുക്കൾ സ്ഥിരമായി ശരീരത്തിലെത്തിയാൽ കാൻസർ പോലെയുള്ള മാരകമായ അസുഖങ്ങളുണ്ടാവാനുള്ള സാദ്ധ്യതയുണ്ട്. വിവിധ ഇടങ്ങളിൽ നിന്നും ശേഖരിക്കുന്ന ചായപ്പിണ്ടി കേരളത്തിന് പുറത്തുള്ള രഹസ്യകേന്ദ്രങ്ങളിൽ വന്ന് മായം കലർത്തിയ ശേഷം വിൽപ്പനയ്ക്ക് എത്തിക്കുകയാണ്.