ചൈനീസ് വിഭവങ്ങൾ രുചിച്ച് നോക്കാൻ സാധാരണ എല്ലാവരും വലിയ ഹോട്ടലുകളിലേക്കാണ് പോവാറ്. പലരും അത് വീട്ടിലുണ്ടാക്കാൻ മടിക്കും. എന്നാൽ പല ചൈനീസ് വിഭവങ്ങളും നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. അങ്ങനെ നമുക്ക് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി വിഭവമാണ് ഡ്രാഗൺ ചിക്കൻ. ചെറുമധുരത്തിലുള്ള ഡ്രാഗൺ ചിക്കന്റെ രുചി വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എങ്കിൽ നമുക്ക് വീട്ടിൽ എങ്ങനെ ഡ്രാഗൺ ചിക്കൻ ഉണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
1, പാം ഓയിൽ - 750 ഗ്രാം
2, കോൺഫ്ലോർ - 3 സ്പൂൺ
3, മുട്ട - ഒരെണ്ണം
4, സവാള - 50 ഗ്രാം
5, ക്യാപസിക്കം - 50 ഗ്രാം
6, ക്യാരറ്റ് - 50 ഗ്രാം
7, മൈദ - 3 സ്പൂൺ
8, ഉപ്പ് - ആവശ്യത്തിന്
9, മുളകുപൊടി - 2 സ്പൂൺ
10, കുരുമുളകുപൊടി - നാല് സ്പൂൺ
11, ജിഞ്ചർ ഗാർലിക്ക് പേസ്റ്റ് - രണ്ട് സ്പൂൺ
12, സോയ സോസ് - ഒരു സ്പൂൺ
13, ടൊമാറ്റോ സോസ് - 3 സ്പൂൺ
14, ചില്ലി സോസ് - ഒരു സ്പൂൺ
15, പഞ്ചസാര - കാൽ ടീ സ്പൂൺ
16, ചിക്കൻ - 200 ഗ്രാം
തയ്യാറാക്കുന്നവിധം
ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ പാമോയിൽ ഒഴിച്ച് ആദ്യം തിളപ്പിക്കണം. പിന്നീട് ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് മൂന്ന് സ്പൂൺ കോൺഫ്ലവർ മൂന്ന് സ്പൂൺ മൈദ ആവശ്യത്തിനുള്ള ഉപ്പ് രണ്ട് സ്പൂൺ മുളക് പൊടി നാല് സ്പൂൺ കുരുമുളക് പൊടി രണ്ട് സ്പൂൺ ജിഞ്ചർ ഗാർലിക്ക് പേസ്റ്റ് ഒരു സ്പൂൺ സോയ സോസ് ഒരു സ്പൂൺ ചില്ലി സോസ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് മിക്സ് ചെയ്യണം. ഇനി ഇതിലേക്ക് 200 ഗ്രാം ചിക്കൻ ചേർത്ത് നന്നായി പുരട്ടിവയ്ക്കുക. ഈ ചിക്കൻ തിളപ്പിച്ച പാമോയിലിൽ നന്നായി പൊരിച്ചെടുക്കുക. തുടർന്ന് മറ്രൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക.
പിന്നീട് മറ്റൊരു പാത്രത്തിൽ അൽപം പാമോയിൽ ഒഴിച്ച് തിളപ്പിക്കുക. എന്നിട്ട് അതിലേക്ക് രണ്ട് സ്പൂൺ ജിഞ്ചർ ഗാർലിക്ക് പേസ്റ്റിട്ട് വഴറ്റുക. വഴന്നുവരുമ്പോൾ അതിലേക്ക് സവാള, ക്യാപ്സിക്കം, പച്ചമുളക്, ക്യാരറ്ര് എന്നിവ ചേർത്ത് വീണ്ടും വഴറ്റിയെടുക്കുക. എന്നിട്ട് അതിലേക്ക് പൊരിച്ചുവച്ച ചിക്കൻ ഇട്ടുകൊടുക്കുക. പിന്നീട് അതിലേക്ക് കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ചില്ലി സോസ്, ടൊമാറ്റോ സോസ്, സോയ സോസ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇപ്പോൾ നിങ്ങളുടെ മുന്നിൽ കാണുന്നതാണ് നല്ല അടിപൊളി ഡ്രാഗൺ ചിക്കൻ.