ന്യൂഡൽഹി: അധികാരത്തിൽ നിന്നിറങ്ങാൻ മൂന്നരമാസം മാത്രം ശേഷിക്കുന്ന കേന്ദ്രസർക്കാരിന്റെ ഇടക്കാല ബഡ്‌ജറ്റ് ജനപ്രിയവും മോദി സർക്കാരിന്റെ ആത്മവിശ്വാസത്തിന്റെ അടയാളവുമാണെന്ന് ഡോ.ആർ ബാലശങ്കർ. സൗജന്യങ്ങളും വാഗ്‌ദാനങ്ങളുമായാണ് മോദി സർക്കാരിന്റെ അവസാന ബഡ്‌ജറ്റ് എത്തിയത്. കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി പിയുഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബഡ്‌ജറ്റ് മോദി സർക്കാർ അടുത്ത തിരഞ്ഞെടുപ്പിലും അധികാരത്തിലെത്തുമെന്നതിന്റെ ആത്മവിശ്വാസമാണ് പ്രകടമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്കും മദ്ധ്യവർഗത്തിനും ഗുണകരമായ ഒട്ടേറെ നല്ല നിർദ്ദേശങ്ങൾ ധനമന്ത്രി മുന്നോട്ടുവച്ചിട്ടുണ്ട്.
കർഷകർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, ശമ്പളക്കാർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവർക്കായി ധാരാളം പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിൽ കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി സർക്കാരിന് അധികാരത്തിലെത്താൻ ബഡ്‌ജറ്റ് സഹായകമാകുമെന്നും ശങ്കർ കൂട്ടിച്ചേർത്തു. ബഡ്‌ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളെ എടുത്ത് പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി ദേശീയ കമ്മറ്റി അംഗമാണ് ഡോ.ആർ ബാലശങ്കർ.
ബഡ്‌ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
ചെറുകിട കർഷകർക്ക്
ചെറുകിട കർഷകർക്ക് വരുമാനം ഉറപ്പാക്കാൻ കേന്ദ്ര ബഡ്‌ജറ്റിൽ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം കിസാൻ) എന്ന പേരിൽ പുതിയ പദ്ധതി. ഇതനുസരിച്ച് രണ്ടു ഹെക്ടർ വരെ ഭൂമിയുള്ള കർഷകർക്ക് കേന്ദ്രസർക്കാർ പ്രതിവർഷം 6000 രൂപ ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടു നൽകും. 2000 രൂപ വീതം മൂന്നു തവണയായാണ് തുക നൽകുക. 12 കോടി ചെറുകിട കർഷക കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
2018 ഡിസംബർ ഒന്നു മുതൽ പ്രാബല്യമുള്ള പദ്ധതിയിൽ മാർച്ച് 31 വരെയുള്ള ആദ്യ ഗഡു ഈ വർഷം തന്നെ നൽകും. ഇതിനായി 20,000 കോടി മാറ്റിവച്ചു. വിളവെടുപ്പ് സീസണു മുമ്പുണ്ടാകുന്ന അടിയന്തരാവശ്യങ്ങൾക്ക് കൈത്താങ്ങാവുക കൂടി ലക്ഷ്യമിടുന്ന പദ്ധതിയുടെ വാർഷിക ചെലവ് 75,000 കോടിയാണ്. മൃഗസംരക്ഷണം, ഫിഷറീസ് മേഖലയിൽ ഉൾപ്പെടെ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പകൾക്ക് രണ്ടു ശതമാനം പലിശയിളവും പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ കൃത്യമായി അടച്ചാൽ മൂന്നു ശതമാനം പലിശയിളവും ലഭിക്കും.
അസംഘടിതർക്ക് പെൻഷൻ
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസ പെൻഷൻ ഉറപ്പാക്കാൻ പ്രധാൻമന്ത്രി ശ്രം യോഗി മൻധൻ പദ്ധതിയനുസരിച്ച്, അംഗമാകുന്ന തൊഴിലാളിക്ക് 60 വയസ് കഴിഞ്ഞാൽ മാസം 3000 രൂപ വീതം പെൻഷൻ ലഭിക്കും.
29 വയസു മുതൽ പദ്ധതിയിൽ ചേരുന്ന അസംഘടിത തൊഴിലാളി 60 വയസു വരെ മാസം പ്രതിമാസം 100 രൂപ പ്രീമിയം അടയ്ക്കണം. 18 വയസിൽ ചേരുന്നവർക്ക് പ്രീമിയം 55 രൂപ. എല്ലാ മാസവും കേന്ദ്രസർക്കാരും തുല്യ പ്രീമിയം അടയ്ക്കും. തെരുവു കച്ചവടക്കാർ, റിക്ഷ വലിക്കുന്നവർ, ബീഡി തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെടെ 10 കോടി അസംഘടിത തൊഴിലാളികൾക്ക് പദ്ധതി ഗുണം ചെയ്യും. 500 കോടിയാണ് പദ്ധതിക്കായി മാറ്റിവച്ചത്.
പശു സംരക്ഷണത്തിന് കമ്മിഷൻ
പശു ക്ഷേമത്തിനായി ദേശീയതലത്തിൽ രാഷ്ട്രീയ കാമധേനു ആയോഗ് സ്ഥാപിക്കും. പശു സംരക്ഷണത്തിനും പശുക്കളുടെ ജനിതകശേഷി വർദ്ധിപ്പിക്കാനും ഉത്പാദനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംരംഭം. പശു സംരക്ഷണത്തിനായുള്ള നിയമങ്ങളുടെയും വിവിധ പദ്ധതികളുടെയും കാര്യക്ഷമമായ നടത്തിപ്പ് ആയോഗ് ഉറപ്പാക്കും. രാഷ്ട്രീയ ഗോകുൽ മിഷന് ഈവർഷം 750 കോടി അധികമായി അനുവദിച്ചു.
ആദായ നികുതി
ആദായ നികുതി ഒഴിവുപരിധി അഞ്ചുലക്ഷം രൂപയായി ഉയർത്തുകവഴി മദ്ധ്യവർഗത്തിൽപ്പെടുന്നവരെ മോദി സർക്കാർ ശരിക്കും കടാക്ഷിച്ചിരിക്കുകയാണ്. രണ്ടരലക്ഷം രൂപയായിരുന്ന നികുതി ഒഴിവ് പരിധി ഒറ്റയടിക്ക് അഞ്ചുലക്ഷമായാണ് ഉയർത്തിയിരിക്കുന്നത്. മറ്റു ഇളവുകൾ കൂടിചേർത്താൽ ഏഴുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് അടുത്ത സാമ്പത്തിക വർഷം മുതൽ ആദായനികുതി നൽകേണ്ടിവരില്ല. അതുപോലെ ബാങ്ക്- പോസ്റ്റാഫീസ് നിക്ഷേപ പലിശയിൽ നികുതി ഒഴിവുപരിധി 40000 രൂപയായി വർദ്ധിപ്പിച്ചതും ലക്ഷക്കണക്കിന് നിക്ഷേപകർക്ക് ഗുണകരമാകും.
ഗ്രാറ്റുവിറ്റി പരിധി 30 ലക്ഷം രൂപയായി ഉയർത്തുകവഴി സംഘടിത മേഖലയിലെ തൊഴിലാളികൾക്കും ശമ്പള വിഭാഗത്തിനും വലിയ ആനുകൂല്യമാണ് ലഭിക്കുക. വാടക വരുമാന നികുതി പരിധിയും 2.4 ലക്ഷം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ ആദായനികുതി ഇളവുപരിധി നേരിയ തോതിൽപോലും ഉയർത്താൻ മടിച്ചവർ ഇക്കുറി അത് നേരെ ഇരട്ടിയാക്കിയത് തിരഞ്ഞെടുപ്പിൽ കണ്ണുവച്ചുകൊണ്ടാണെന്ന് പ്രതിപക്ഷത്തുനിന്നും വിമർശനം ഉയർന്നിട്ടുണ്ടെങ്കിലും ആദായനികുതി നൽകുന്നവരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്.
ക്ഷേമ നിധി
പല ജോലികൾ ചെയ്‌ത് ജീവിക്കുന്ന നാടോടി സമൂഹത്തിന്റെ പൂർണമായ കണക്കെടുപ്പിനും അവർക്ക് ക്ഷേമ നിധി രൂപീകരിക്കാനും ഇടക്കാല ബഡ്‌ജറ്റ് നിർദ്ദേശിക്കുന്നു. കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിൽ നാടോടി ക്ഷേമ നിധി വികസന ബോർഡ് രൂപീകരിക്കും. സർക്കാരിന്റെ ഔദ്യോഗിക പട്ടികകളിൽ ഇടം നേടാത്ത നാടോടി സമൂഹങ്ങളെ കണ്ടെത്താൻ നീതി ആയോഗിന്കീഴിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും ബഡ്‌ജറ്റ് പ്രസംഗത്തിൽ കേന്ദ്രധനമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
രാജ്യത്ത് ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന സമൂഹമായ നാടോടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാടോടികളുടെ സവിശേഷ ജീവിത രീതികൾ മൂലം അവരിലേക്ക് സർക്കാരിന്റെ ക്ഷേമ പദ്ധതികൾ എത്തുന്നില്ല.പട്ടികയിൽ ഇടം നേടാത്തവരെ കണ്ടെത്താനാണ് നീതി ആയോഗിനു കീഴിൽ കമ്മിറ്റി രൂപീകരിക്കുക. സാമൂഹ്യ ക്ഷേമ വകുപ്പിന്കീഴിൽ രൂപീകരിക്കുന്ന ക്ഷേമ വികസന ബസർോഡ് വിവിധ ക്ഷേമനിധി പദ്ധതികൾ വിഭാവനം ചെയ്യും. പദ്ധതികൾ നാടോടികളിൽ എത്തിക്കാനുള്ള നടപടിക്രമങ്ങളും ബോർഡ് ആവിഷ്‌കരിക്കും.