കൊച്ചി: മദ്യനിരോധനം സംബന്ധിച്ച് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.സി.ബി.സി. 'മദ്യവിരുദ്ധ ഞായർ' ആചാരത്തിന്റെ ഭാഗമായി കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷൻ ഇറക്കിയ സർക്കുലറിലാണ് വിമർശനം. പ്രതിപക്ഷത്തിന്റെ ആത്മാർത്ഥതയിൽ സംശയമുണ്ടെന്നും സർക്കുലറിൽ പറയുന്നു.
സമൂഹത്തെ മദ്യമെന്ന വിപത്തിൽ നിന്ന് രക്ഷിക്കാൻ സർക്കാരിന് ഉള്ള ഉത്തരവാദിത്തം വലുതാണെന്നും സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു. മദ്യനിരോധനവും ബോധവത്കരണവും നടത്തി മദ്യവിമുക്ത കേരളം നിർമ്മിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഭാഗികമായ മദ്യനിരോധനം ഒഴിവാക്കാനായി ഉപയോഗിച്ച തൊടു ന്യായമായിരുന്നു മയക്കുമരുന്നിന്റ ഉപയോഗം കൂടുന്നു എന്ന് പറഞ്ഞത്. എന്നാൽ മദ്യത്തിന്റെ കുത്തൊഴുക്കുണ്ടാക്കിയിട്ടും മയക്കുമരുന്ന് ഉപയോഗത്തിന്റെ അളവിൽ വ്യത്യാസം ഉണ്ടായില്ലെന്നും സർക്കാർ കുറ്റപ്പെടുത്തുന്നു.
പതിനായിരത്തിൽ താഴെ അംഗങ്ങളുള്ള പഞ്ചായത്തുകളിൽ നഗരസ്വഭാവമുള്ളതായി കണക്കാക്കി മദ്യശാലകൾ തുടങ്ങാൻ അനുമതി നൽകിയത് പ്രകടനപത്രികയ്ക്ക് വിരുദ്ധമാണെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തുന്നു. പ്രതിവർഷം 10 ശതമാനം ബെവ് കോ ഔട്ട്‌ലെറ്റുകൾ പൂട്ടാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടെന്നും സർക്കുലറിൽ വിശദമാക്കിയിട്ടുണ്ട്.