തിരുവനന്തപുരം: ഡ്രെയിനേജ് നവീകരണത്തിനായി മാസങ്ങൾക്ക് മുമ്പ് തുരന്ന് മറിച്ച മാഞ്ഞാലിക്കുളം റോഡിന് ആറ്റുകാൽ പൊങ്കാലയായിട്ടും ശാപമോക്ഷമായില്ല. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റേഷനിൽ നിന്നും സെക്രട്ടേറിയറ്റിലേക്കുള്ള പ്രധാന പാതയായ റോഡ് ഡ്രെയിനേജ് നവീകരണത്തിനായി പത്തുമാസം മുമ്പാണ് തുരന്ന് മറിച്ചത്. മഴക്കാലത്ത് വെള്ളക്കെട്ടായി മാറുന്ന നഗരത്തിലെ ഏക റോഡാണിത്. റോഡിന് മദ്ധ്യഭാഗത്തുകൂടി മലിനജലം ഒഴുകിപൊയ്ക്കൊണ്ടിരുന്ന 150 എം.എം കാസ്റ്റ് അയൺ പൈപ്പുകൾ കാലപ്പഴക്കത്താൽ പൊട്ടുകയും പലയിടത്തും ചോർച്ചയുണ്ടാകുകയും ചെയ്തതോടെ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പൈപ്പുമാറ്റിസ്ഥാപിക്കാൻ 35 ലക്ഷം രൂപ അനുവദിച്ചിരുന്നു.
മൂന്നുവർഷം മുമ്പ് നൽകിയ കരാറിൽ എട്ടുമാസം മുമ്പാണ് ജോലികൾ തുടങ്ങിയത്. തമ്പാനൂർ ആർ.എം.എസ് മുതൽ 450 മീറ്റർ ദൂരത്തിൽ 150 എം.എം പൈപ്പിന് പകരം ഇരട്ടിവ്യാസമുള്ള പൈപ്പുകളാണ് മാറ്റി സ്ഥാപിച്ചത്. പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് മുമ്പ് പൊതുമരാമത്ത് വകുപ്പിന് ജല അതോറിട്ടി റോഡ് ഗതാഗത യോഗ്യമാക്കാനുള്ള പണം കെട്ടിവച്ചെങ്കിലും പൈപ്പിടീൽ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയില്ല. നഗരത്തിൽ ഹോട്ടൽ ശൃംഖലകളുടെ കേന്ദ്രമാണ് ഇവിടം. നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സെക്രട്ടേറിയറ്റിൽ നിന്ന് റെയിൽവേ സ്റ്റേഷൻ - ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പമാർഗമായ ഇതുവഴിയാണ് ജീവനക്കാരും പൊതുജനങ്ങളും യാത്രചെയ്യുന്നത്. ചെറിയമഴയിൽപ്പോലും അരയൊപ്പം വെള്ളത്തിൽ മുങ്ങുന്ന റോഡിൽ വേനൽ കടുത്തതോടെ പൊടി ശല്യം രൂക്ഷമായിരിക്കുകയാണ്. കുഴികൾ നിറഞ്ഞതോടെ അപകടങ്ങളും വർദ്ധിച്ചിട്ടുണ്ട്. സ്മാർട്ട് സിറ്റി പദ്ധതി പ്രദേശമായ ഇവിടെ വൈദ്യുതി ടെലിഫോൺ കേബിളുകൾ ഭൂമിക്കടിയിലേക്ക് മാറ്റാനുള്ള ചേമ്പറുകളും ഡ്രഞ്ചുകളും പണിയാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. അത് കൂടി പൂർത്തിയായശേഷം റോഡ് ടാർചെയ്ത് ഗതാഗത യോഗ്യമാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. ആറ്റുകാൽ പൊങ്കാലയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ കുണ്ടും കുഴിയുമായി തകർന്ന് കിടക്കുന്ന റോഡ് പൊങ്കാലയിടാനെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കും.