കൊൽക്കത്ത: അധികൃതർ തന്നെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചാൽ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. സർക്കാർ ഏജൻസികൾ തന്റെ പാചകക്കാരനെ വരെ ചോദ്യം ചെയ്യുന്ന ദിവസത്തിനാണ് താൻ കാത്തിരിക്കുന്നതെന്നും മമത പരിഹസിച്ചു. പ്രതിപക്ഷ നേതാക്കളെ അധിക്ഷേപിക്കാൻ സ്വന്തം ഉദ്യോഗസ്ഥർക്കുമേൽ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മർദ്ദം ചെലുത്തുകയാണെന്നും അവർ കുറ്റപ്പെടുത്തി.
‘ഞാൻ ബജറ്റിനെ എതിർത്തു. നിങ്ങൾക്കുവേണ്ടി ഞാൻ ചിലതു പറഞ്ഞു. അതിന് അവർ എന്നെയും അറസ്റ്റു ചെയ്യുകയാണെങ്കിൽ എനിക്കൊരു പ്രശ്‌നവുമില്ല.’ മമത പറഞ്ഞു. ‘ഞാൻ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയല്ല. അവർ അത് ചെയ്യാൻ നിർബന്ധിതരാവുകയാണ്. നരേന്ദ്രമോദിജി ഓഫീസർമാരെ വീട്ടിലേക്ക് വിളിപ്പിക്കുന്നു എന്നാണ് എന്നോടു പറഞ്ഞത്. അദ്ദേഹം അവരോട് ചിലത് ചെയ്യാൻ പറയുന്നു. ജനങ്ങളുടെ കണ്ണിൽ പ്രതിപക്ഷത്തെ ഇകഴ്‌ത്തി കാട്ടാനുള്ള ചിലതെ'ന്നും അവർ പറഞ്ഞു. മമതയുടെ അടുത്ത സഹായിയായ മണിക് മജൂദാറിനെ കഴിഞ്ഞദിവസം സി.ബി.ഐ ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയ്‌ക്കെതിരെ മമത രംഗത്തുവന്നിരിക്കുന്നത്.