തിരുവനന്തപുരം: നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിൽ മൃഗവേട്ടയ്ക്കെത്തിയ സംഘത്തിനായി പൊലീസും വനംവകുപ്പും അന്വേഷണം ശക്തമാക്കി. ജയിൽ വളപ്പിൽ നിന്ന് ലഭിച്ച മൊബൈൽഫോൺ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. ഫോണിലെ സിം കാഡും കോളുകളും വേട്ടക്കാരെ തിരിച്ചറിയാൻ സഹായകമാകുമെന്ന് പൊലീസ് കരുതുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെ ഫോണിന്റെ ഉടമയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിൽ മൃഗവേട്ടാ സംഘം എത്തിയത്. വെടിയൊച്ചകേട്ട് ജയിലുദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും വേട്ടക്കാർ രക്ഷപ്പെട്ടിരുന്നു. ബംഗ്ലാവ് കുന്നിൽ വെളിച്ചം ശ്രദ്ധയിൽപ്പെട്ട സ്ഥലത്ത് ജയിൽ ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് ഹെഡ് ലൈറ്റും തോക്കും വെടിമരുന്നും കണ്ടെത്തിയത്.
നാലുപേരടങ്ങുന്ന സംഘമാണ് 450 ഏക്കർ വിസ്തൃതിയുള്ള ജയിൽവളപ്പിൽ കടന്നതെന്ന് ജയിൽ അധികൃതർ പറയുന്നു. കാട്ടുപന്നി, മാൻ തുടങ്ങിയവയുടെ വിഹാര കേന്ദ്രമായ ഇവിടെ ഇവയെ വേട്ടയാടാനാണ് സംഘം എത്തിയത്. സംഭവത്തെ തുടർന്ന് ജയിൽ വളപ്പിലെ പട്രോളിംഗ് ശക്തമാക്കിയതായി ജയിൽ സൂപ്രണ്ട് അറിയിച്ചു. രാത്രി പന്ത്രണ്ട് മണിക്ക് ശേഷവും പുലർച്ചെ 4ന് മുമ്പും രണ്ട് തവണ കൂടുതൽ പട്രോളിംഗ് നടത്തുമെന്ന് ജയിലധികൃതർ അറിയിച്ചു.