കോട്ടയം: കുട്ടികളിൽ ഐക്യസന്ദേശം ഊട്ടിയുറപ്പിക്കുന്നതിൽ ബാലജനസഖ്യത്തിന്റെ പങ്ക് വളരെ വലുതാണെന്നും ഇതൊരു മികച്ച ആശയമാണെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അഖില കേരള ബാലജനസഖ്യത്തിന്റെ നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഉദ്ഘാടനത്തിന് ശേഷം മലയാളത്തിൽ പ്രസംഗം ആരംഭിച്ചാണ് അദ്ദേഹം സദസിനെ കൈയ്യിലെടുത്തത്. ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിൽ ബാലജന സഖ്യം മുന്നിട്ടുനിൽക്കുന്നു. നാട്ടിലുള്ള കുട്ടികളെ ഒരുമിച്ചു ചേർത്ത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവർത്തിക്കാൻ പ്രചോദനം നൽകിയ സഖ്യത്തിന്റെ ആശയം മഹനീയമാണെന്നും അദ്ദേഹം പറഞ്ഞു.
'അഹം ബ്രഹ്മാസ്മി' എന്നതാണ് ഇന്ത്യയുടെ തത്വശാസ്ത്രം. ഏതു മതത്തിൽ വിശ്വസിക്കുന്നതിലും എത് ദൈവത്തെ ആരാധിക്കുന്നതിലും രാജ്യത്ത് ഒരു എതിർപ്പുമില്ല. ഏവരെയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ സംസ്കാരം. രാജ്യത്തിന്റെ സംസ്കാരം സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ശ്രദ്ധ വേണമെന്ന് വെങ്കയ്യ നായിഡു ഓർമ്മിപ്പിച്ചു.
ഇക്കാലത്ത് എല്ലാവരും എന്തിനും ഏതിനും ഗൂഗിളിനോടാണ് ചോദിക്കുന്നത്. എന്നാൽ ഗൂഗിളല്ല ഗുരുവാണ് അതിനേക്കാൾ വലുത്. ലോകത്തിൽ എവിടെ പോയി പഠിച്ചാലും മാതൃരാജ്യത്തെയും മാതൃഭാഷയെയും മറക്കാരുത്. രാജ്യം കൂടുതൽ ഉയരങ്ങളിലെത്തണമെങ്കിൽ യുവാക്കൾക്കും കുട്ടികൾക്കും പ്രചോദനം നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾ വീട്ടിലിരിക്കണമെന്ന് ഒരു വേദങ്ങളിലും പറഞ്ഞിട്ടില്ല. ഇന്ത്യയെ മാതൃരാജ്യമെന്നാണ്, പിതൃരാജ്യമെന്നല്ല പറയുന്നതെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന സംസ്കാരമാണ് നമ്മുടേതെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. സർവ്വകലാശാലകളിലും മറ്റും സ്വർണമെഡലുകൾ നേടുന്ന പെൺകുട്ടികളെ കാണുമ്പോൾ അഭിമാനം തോന്നാറുണ്ടെന്നും നമ്മളെല്ലാം സഹോദരീ സഹോദരന്മാരാണെന്ന ബോധം കുട്ടികളിൽ വളർത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.