തൃശൂർ: സ്വാതന്ത്ര്യ ദിനത്തേക്കാൾ മികച്ചതായി റിപ്പബ്ളിക് ഡേ മാറുന്നതെന്തുകൊണ്ട്? ഒരു അദ്ധ്യാപകന്റെ തന്റെ വിദ്യാർത്ഥികളോടുള്ള വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദേശമംഗലം ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനായ ഇ.ആർ ശിവപ്രസാദാണ് കലക്കൻ പ്രസംഗത്തിലൂടെ സമൂഹമാദ്ധ്യമങ്ങളിലെ താരമായി മാറിയത്. ഇക്കഴിഞ്ഞ ജനുവരി 26ന് സ്‌കൂളിൽ നടന്ന റിപ്പബ്ളിക് ഡേ ആഘോഷത്തിലായിരുന്നു തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളോടുള്ള ശിവപ്രസാദിന്റെ ഉപദേശം.
'സ്വതന്ത്രപരമാധികാര റിപ്പബ്ളിക്കായി പ്രഖ്യാപിക്കും വരെ രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ടത് സ്വാതന്ത്ര്യമാണെന്ന് ധരിച്ച സ്ഥലത്ത് സ്വാതന്ത്ര്യത്തേക്കാൾ പരമപ്രധാനമായ മറ്റു ചില ഘടകങ്ങൾ കൂടി രാജ്യത്തുണ്ടെന്നും, അതിനകത്താണ് ഒരു രാജ്യം നിലനിൽക്കേണ്ടതെന്നും പരസ്യമായി പ്രഖ്യാപിച്ച ഒരു ദിനം കൂടിയായിരുന്നു 1950ജനുവരി 26. അതായത് സ്വാതന്ത്ര്യത്തേക്കാൾ മഹത്തരമായ ദിനം. തിരിച്ചു പറഞ്ഞാൽ ലഭിച്ച സ്വാതന്ത്ര്യത്തെ നാടിനും ജനതയ്‌ക്കും ഗുണകരമായ രീതിയിൽ നിലനിറുത്തുന്നതിന് വേണ്ടി അടിത്തറയില്ലാത്ത ഒരു വീടാണ് നിർമ്മിച്ചതെങ്കിൽ അതിന് കൃത്യമായ അടിത്തറ പാകി ചുമരുകൾ പണിത് അതിന്റെ മുകളിൽ മേൽക്കൂര പണിയുന്ന സ്ഥിതിയായിരുന്നു ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ളിക് എന്ന പ്രഖ്യാപനം. എന്തുകൊണ്ടും സ്വാതന്ത്ര്യത്തേക്കാൾ മികച്ചതായി റിപ്പബ്ളിക് ദിനം മാറുന്നതും അതുകൊണ്ടാണ്'- ശിവപ്രസാദിന്റെ വാക്കുകൾ.
കൂടാതെ ഇന്ന് ലഭിക്കുന്ന മിഠായിയുടെ മധുരം നുണയുന്നതിന് വേണ്ടിയുള്ള കേവല ആചാരങ്ങളായി മാറുകയാണ് റിപ്പബ്ളിക് ഡേയും സ്വാതന്ത്ര്യ ദിനവുമെന്ന കവിവാക്യവും അദ്ധ്യാപകൻ പങ്കുവയ്‌ക്കുന്നു. ഈ അവസ്ഥ മാറി പുതിയൊരു സ്വപ്‌നം കാണാനും ശിവപ്രസാദ് വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്യുന്നു. അടുത്ത സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ളിക് ഡേയ്‌ക്കും ഈ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാർത്ഥി പങ്കാളിത്തത്തോടു കൂടി ഇന്ത്യൻ ഭരണഘടനയെയും ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തെയും അറിയുന്ന പ്രവർത്തനങ്ങളിലേക്ക് ദേശമംഗലം സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളും മാറണമെന്നും അദ്ദേഹം പറയുന്നു.
അദ്ധ്യാപന ജീവിതത്തിന് മുമ്പ് ഗ്രാമപഞ്ചായത്തംഗം, ചെറുതുരുത്തി സർവീസ് സഹകരണ സംഘം ഡയറക്‌ടർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ശിവപ്രസാദ്. ഇദ്ദേഹത്തിന്റെ നിരന്തരമായ പ്രവർത്തനഫലമായി രാവിലെ 7 മണി മുതൽ രാത്രി 9 വരെ നീണ്ട പഠനോത്സവത്തിലൂടെ മികച്ച വിജയശതമാനം പാഞ്ഞാൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിനെ തേടിയെത്തി. ഇതിന് പുറമെ അദ്ധ്യാപകനായി സേവനമനുഷ്‌ഠിച്ചിരുന്ന സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി. ഇപ്പോൾ ദേശമംഗലം ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനാണ് ശിവപ്രസാദ്.