അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഷെവർലെയ്ക്ക് പിന്നാലെ ഇറ്റാലിയൻ കമ്പനിയായ ഫിയറ്റും ഇന്ത്യൻ വിപണി വിടുന്നു. പത്മിനിയിൽ തുടങ്ങി ഇന്ത്യൻ നിരത്തുകൾക്ക് ഒരു കാലത്ത് ഒട്ടേറെ വാഹനങ്ങൾ സമ്മാനിച്ച കമ്പനിയാണ് ഫിയറ്റ്. മലിനീകരണ നിയന്ത്രണത്തിനായി ബി.എസ് 6 നിലവാരത്തിലുള്ള എൻജിൻ നിർബന്ധമാക്കിയതാണ് ഫിയറ്റിന്റെ മടങ്ങിപ്പോക്കിന് കാരണം. എന്നാൽ ഇതോടൊപ്പം ഇന്ത്യൻ വിപണിയിൽ പിടിച്ചുനിൽക്കാനാവാത്തതും കമ്പനിയെ പിന്നോട്ടടിക്കാൻ കാരണമായെന്നും റിപ്പോർട്ടുണ്ട്.
കൂടാതെ ഫിയറ്റിന്റെ മുഖമായി ഉയർത്തിക്കാട്ടിയ മോഡലുകളായ ലിനിയയും പുണ്ടോയും കഴിഞ്ഞ വർഷം 101 യൂണിറ്റ് മാത്രമാണ് നിരത്തിലെത്തിയതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സുരക്ഷ മാനദണ്ഡം പാലിച്ചും പുതിയ എൻജിനും വാഹനം എത്തിക്കാൻ ഫിയറ്റ് വിമുഖത കാണിക്കുന്നുണ്ട്.
നിലവിൽ മാരുതി, ടാറ്റ തുടങ്ങിയ കമ്പനികൾക്ക് ഡീസൽ എൻജിൻ നൽകുന്നത് ഫിയറ്റാണ്. ബി.എസ് 6 നിലവാരത്തിലുള്ള എൻജിൻ എത്തുന്നതോടെ നിർമാണ ചെലവ് ഉയർന്നതിനെ തുടർന്ന് ഇവരും സ്വന്തമായി എൻജിൻ വികസിപ്പിക്കുന്നതും ഫിയറ്റിന് തിരിച്ചടിയായിരുന്നു. അതേസമയം, ഫിയറ്റിന്റെ മറ്റൊരു ബ്രാൻഡായ ജീപ്പിലേക്ക് വിൽപ്പന കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും ശ്രദ്ധേയമായ മോഡലുകളിലൊന്നാണ് ജീപ്പിന്റെ കോമ്പസ്.