palace

ഗ്രീസിലെ ഏറ്റവും വലിയ ദ്വീപായ ക്രെറ്റയിലെ നോസോസ് എന്ന കൊട്ടാരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഉത്ഖനനം ചെയ്ത് കണ്ടെത്തിയിട്ട് ഒരു നൂറ്റാണ്ടായെങ്കിലും ഇപ്പോഴും ഈ കൊട്ടാരത്തെയും അവിടുത്തെ രീതികളെയുംകുറിച്ചുള്ള രഹസ്യങ്ങൾ ശാസ്ത്രലോകത്തിന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആർതുർ ഇവാൻസാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവിടം കണ്ടെത്തുന്നത്.

കുടുക്കുവഴികൾ പോലെയുള്ള ആയിരകണക്കിന് മുറികളും ഹാളുകളുമാണ് ഇവിടുത്തെ പ്രത്യേകത. സാമൂഹിക സമത്വവും സ്ത്രീയും പുരുഷനും ഒരുമിച്ച് നൃത്തം ചെയ്യുന്നതുമായ ചുമർച്ചിത്രങ്ങളും കൊട്ടാരത്തിൽ കാണാം. 17-16 ബിസി നൂറ്റാണ്ടിൽ ഉണ്ടായ സുനാമിയിലാണ് കൊട്ടാരവും പരിസരപ്രദേശങ്ങളും നശിച്ചതെന്നാണ് ഒരുകൂട്ടം ഗവേഷകരുടെ കണ്ടെത്തൽ. നോസോസ് കൊട്ടാരത്തിലെ സങ്കീര്‍ണ്ണമായ ഒരു കണ്ടെത്തലായിരുന്നു 15 -ാം ബിസി നൂറ്റാണ്ടില്‍ നിര്‍മിച്ചെന്ന് കരുതപ്പെടുന്ന സിംഹാസന മുറി. ഇത് യൂറോപ്പിലെ ഏറ്റവും പഴയ സിംഹാസന മുറി എന്നാണ് വിശ്വാസം. മുറിയിൽ ഒരു സിംഹാസനവും തൊട്ടടുത്ത് ഒരു ബേസിനും മൂന്ന് ജിപ്‌സം ബെഞ്ചുകളുമാണുള്ളത്. പ്രഭാതത്തിൽ വെളിച്ചം ഒരു പ്രത്യേക രീതിയിൽ മുറിയിൽ പതിച്ചാൽ മാത്രമേ ഈ മുറിയിൽ ആചാരങ്ങളും മറ്റും നടത്താറുണ്ടായിരുന്നുള്ളൂ. അതേസമയം, ഇപ്പോഴും ഈ മുറിയെ കുറിച്ചുള്ള ഗവേഷണം നടക്കുകയാണ്. വിശ്വാസയോഗ്യമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടുമില്ല.