ഓസ്ട്രിയ സ്വദേശികളായ ലിയാണ്ടർ നാർഡിനും കാമുകി മരിയയും അവരുടെ ഏഴ് വയസുകാരൻ മകനും കഴിഞ്ഞ രണ്ടുവർഷമായി യാത്രയിലാണ്. ഇവരുടെ സഞ്ചാരവും താമസവും എല്ലാം ഒരു മിലിട്ടറി ട്രക്കിലാണ്. ഈ വാഹനത്തിൽ താമസിച്ച് ഈ കുടുംബം 24 രാജ്യങ്ങളാണ് ഇതിനോടകം സഞ്ചരിച്ചത്. പ്രൊഫഷണൽ ഫൊട്ടോഗ്രഫറായ ലിയാണ്ടർക്ക് യാത്രകൾ തന്റെ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ തന്റെ യാത്രകളിൽ കുടുംബത്തെയും കൂടെകൂട്ടണമെന്ന ആഗ്രഹമാണ് ട്രക്ക് വീട് എന്ന ആശയത്തിലേക്ക് ലിയാൻഡറിനെ എത്തിക്കുന്നത്. യാത്രയ്ക്ക് അനുയോജ്യമായ വാഹനം എന്ന നിലയ്ക്കാണ് രണ്ടുവർഷം മുൻപ് മെഴ്സിഡസ് ബെൻസിന്റെ LA911B മോഡൽ മിലിട്ടറി ട്രക്ക് വാങ്ങിയത്. അതും ഓസ്ട്രിയയിലെ സ്വന്തം വീട് വിറ്റശേഷം.
രണ്ടു കിടപ്പുമുറികൾ, ഒരു ലിവിംഗ് റൂം, അടുക്കള, ബാത്റൂം എന്നിവ അടങ്ങിയതാണ് ഈ വണ്ടിവീട്. ഏഷ്യൻ രാജ്യങ്ങൾ, ഉസ്ബക്കിസ്ഥാൻ, മംഗോളിയ, ദക്ഷിണകൊറിയ, തുർക്കി, ഇറാൻ, ജപ്പാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെല്ലാം ഇതിനോടകം ഈ കുടുംബം സഞ്ചരിച്ചു കഴിഞ്ഞു. മകൻ ലിനക്സിനും ഇപ്പോൾ ഈ യാത്രകൾ ഏറെ പ്രിയമാണ്. യാത്രയിൽ തന്നെയാണ് അവന്റെ പഠനവും.