മഹാഗുരുവിന്റെ ആത്മീയ ചൈതന്യത്തിന്റെ ആർദ്രഭാവങ്ങളുടെ സാക്ഷാത്കാരമായിരുന്നു ആധുനിക കേരളം. ഇന്ന് കാണുന്ന കേരളത്തിന്റെ തുടക്കം ശ്രീനാരായണഗുരുവിന്റെ നിശബ്ദ വിപ്ലവത്തിന്റെ വിസ്ഫോടനങ്ങളായിരുന്നു. തുടർന്ന് കേരളത്തിലെ മഹാന്മാരായിട്ടുള്ളവർ നടത്തിയിട്ടുള്ള നവോത്ഥാന പ്രവർത്തനങ്ങൾ എല്ലാം തന്നെയാണ് നമ്മുടെ നാടിനെ ഭ്രാന്താലയത്തിൽ നിന്നും ദേവാലയമാക്കിയത്. ആ പ്രവർത്തനങ്ങൾ മലയാളികളിൽ ഉണ്ടാക്കിയിട്ടുള്ള ഒരുമ മറ്റൊരിടത്തും ദർശിക്കാൻ കഴിയില്ല. ലോകത്തെ ഏറ്റവും കൂടുതൽ വേർതിരിവുകൾ നിലനിന്നിരുന്ന ഒരു നാടായിരുന്നു നമ്മുടേത്. ജാതി വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യജീവിതം രൂപപ്പെടുത്തി തൊഴിലും, മണ്ണും, വീടും, വിദ്യാഭ്യാസവും, സഞ്ചാര സ്വാതന്ത്ര്യവും, എല്ലാം തന്നെ ജനിച്ച കുലത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് നിറുത്തി സാമൂഹ്യജീവിതത്തിന് ജാതിച്ചരട് കൊണ്ട് നിയന്ത്രണങ്ങൾ സൃഷ്ടിച്ച നാട്ടിലാണ് ഗുരു ജ്ഞാനമാർഗ്ഗത്തിന്റെ ശക്തിയിലൂടെ സമൂഹത്തിൽ പരിവർത്തനം സൃഷ്ടിച്ചത്.
ആ പരിവർത്തനം കൊച്ചു കേരളത്തിൽ ഒതുക്കാതെ ലോകനന്മയ്ക്കായി ഉപയോഗിക്കാൻ നൽകിയ മഹാസന്ദേശമാണ് ''ഒരു ജാതി ഒരു മതം ഒരു ദൈവം''. ഗുരുവിന്റെ ദാർശനിക കാഴ്ചപ്പാടിന്റെ സ്വാധീനമാണ് സാമൂഹ്യ ജീവിതത്തിൽ ഇത്രയും നിയന്ത്രണങ്ങൾ ഉണ്ടായിട്ടും നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ ഭരണഘടനയുടെ അന്തഃസത്ത എറ്റുവാങ്ങാൻ ഈ നാടിനെ പ്രാപ്തമാക്കിയത്.
ഗുരുദർശനത്തിന്റെ സ്വാധീനം കേരളം എന്ന നമ്മുടെ നാടിനെ എത്ര കണ്ടാണ് മാറ്റിയത്. സ്നേഹത്തിന്റെയും സാഹോദാര്യത്തിന്റെയും സഹാനുഭൂതിയുടെയും സഹവർത്വത്തിന്റെയും നാടായി നമ്മുടെ നാടിനെ മാറ്റാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് നാം ഏറെ ആശാങ്കാകുലരാണ്. കാരണം നവോത്ഥാനമൂല്യങ്ങൾ അപമാനിക്കപ്പെടുന്നു. ജനാധിപത്യ വ്യവസ്ഥിതി വെല്ലുവിളിക്കപ്പെടുന്നു. ഭരണഘടന വ്യവസ്ഥകൾ അട്ടിമറിക്കപ്പെടുന്നു. ഒരു രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും അരാജകത്വത്തിലേയ്ക്ക് നയിക്കാൻ ഈ മൂന്ന് കാരണങ്ങളും ധാരാളമാണ്. ഭരണഘടനയിൽ ലിഖിതമല്ലാത്ത ഒട്ടനവധി മൂല്യങ്ങളെ ചേർത്ത് നിറുത്തിയാണ് നാം മുന്നോട്ട് നീങ്ങുന്നത്. പരസ്പരം സ്നേഹിക്കാനും സഹായിക്കാനും ബഹുമാനിക്കാനും ഉൾക്കൊള്ളാനും നമ്മെ പഠിപ്പിച്ചത് ഭരണഘടനയല്ല. മറിച്ച് മാനുഷിക മൂല്യങ്ങളാണ്. പഞ്ചശുദ്ധിയിലൂടെ മനുഷ്യരുടെ നൈമിഷിക വികാര വിചാരങ്ങളെ അതിജീവിക്കാൻ നമ്മെ പഠിപ്പിച്ചത് ആചാരങ്ങളാണ്. ആരോഗ്യമുള്ള മനസും ശരീരവും പ്രദാനം ചെയ്യാൻ യോഗ നമുക്ക് ഉപദേശിച്ചത് ആർഷഭാരതത്തിലെ ഋഷി പരമ്പരകളാണ്. പ്രപഞ്ച രഹസ്യങ്ങളുടെ കലവറ മനുഷ്യന്റെ മുന്നിൽ തുറന്നിട്ടത് വേദങ്ങളാണ്. എന്നാൽ ആ വേദസംഹിതകളെ ഒരു വിഭാഗം മാത്രം കൈയ്യടക്കി അവരുടെ സുഖത്തിനും സന്തോഷത്തിനും ലാഭത്തിനും വേണ്ടി ഉപയോഗിച്ചു.
ആ അറിവുകളെയാണ് ശ്രീനാരായണ ഗുരുദേവൻ ഭഗീരഥന്റെ പ്രയ്തനം കണക്കെ മാനവ സമൂഹത്തിലേയ്ക്ക് എത്തിച്ച് ഏക ലോക മാനവികതയുടെ ദർശനം പകർന്ന് നൽകിയത്. എന്നാൽ തലമുറ മാറ്റം എന്ന പ്രതിഭാസത്തിലൂടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ വ്യതിചലിക്കപ്പെട്ടപ്പോൾ ഒഴിവാക്കിയതും മാറ്റി നിർത്തപ്പെട്ടതും ഈ തത്വദർശനം ആയിരുന്നു.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ചർച്ച നടത്തിയപ്പോൾ മാനുഷിക മൂല്യങ്ങൾക്ക് അവധികൊടുത്തു. അത് പലപ്പോഴും വലിയ വികസന സ്വപ്നങ്ങൾക്ക് സഹായകരമായിരുന്നു എന്നുള്ളത് വിസ്മരിക്കാൻ കഴിയില്ല. പക്ഷേ, അപ്പോൾ സാമൂഹിക ജീവിതത്തിന്റെ അടിത്തറയ്ക്ക് ബലക്ഷയം സംഭവിച്ചു. അത് നമ്മുടെ നാടിന്റെ തിരിച്ചു പോക്കിന് കാരണമാക്കി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള കണക്കുകൾ ഭയാനകമാണ്. ആധുനിക സാങ്കേതികവിദ്യകൾ എത്ര ഉണ്ടായിട്ടും അതിക്രമങ്ങളും നിയമലംഘനങ്ങളും പതിന്മടങ്ങ് വർദ്ധിക്കുന്നു. ആശുപത്രികളുടേയും, പൊലീസ് സ്റ്റേഷനുകളുടേയും എണ്ണം വർദ്ധിക്കുന്നു. ഒരു രാജ്യത്ത് പൊലീസ് വിഭാഗത്തിന്റെയും ഡോക്ടർമാരുടേയും എണ്ണം വർദ്ധിക്കുന്നുവെങ്കിൽ അത് ഒരിക്കലും വികസനമല്ല. മറിച്ച് നവോത്ഥാനമൂല്യങ്ങളുടെ തിരിച്ചു പോക്കാണ്. അതാണ് ഇന്ന് കാണുന്ന കേരളം. അതിനെ തിരിച്ചറിയാൻ, മനസ്സിലാക്കാൻ, ഇടപെടാൻ ഒരു ഭരണകൂടം തയ്യാറെടുക്കുമ്പോൾ അതിന് ഒപ്പം ചേരേണ്ടത് അടുത്ത തലമുറയോടുള്ള നമ്മുടെ കരുതലാണ്. അല്ലെങ്കിൽ ഇന്ന് കാണുന്നതിനേക്കാൾ ഭയാനകമായിരിക്കും അടുത്ത തലമുറയുടെ ജീവിതം.
അത് അവരുടെ തെറ്റല്ല, മറിച്ച് ഇന്നത്തെ ദൗത്യം നിർവഹിക്കുന്നതിൽ നമുക്ക് സംഭവിച്ചിട്ടുള്ള കുറ്റകരമായ വീഴ്ചയാണ്. അതിന് ചരിത്രം നമുക്ക് മാപ്പു നൽകില്ല. ആ ദൗത്യ നിർവഹണമാണ് ഇപ്പോൾ സംഭവിക്കേണ്ടത്. അതിന്റെ ഭാഗമായാണ് കേരള സർക്കാർ നവോത്ഥാനസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചതും അതിനോടൊപ്പം നവോത്ഥാന പ്രസ്ഥാനങ്ങൾ ചേർന്ന് നിൽക്കുന്നതും. നിർഭാഗ്യമെന്ന് പറയട്ടെ കേരളത്തിലെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ തികച്ചും വേദനാജനകവും ആശങ്കഉളവാക്കുന്നതുമാണ്. സമയവും സന്ദർഭവും രാഷ്ട്രീയവും ജാതിയും നോക്കി നവോത്ഥാന പ്രസ്ഥാനത്തേയും പ്രവർത്തകരേയും അപമാനിക്കാൻ ശ്രമിക്കുമ്പോൾ നഷ്ടപ്പെടുന്നത് മൂല്യബോധമുള്ള തലമുറയുടെ ഉയർച്ചയാണ്. അത് വീണ്ടും സമൂഹത്തെ പിൻഗിയറിടുന്നതിന് കാരണമാകും. ഒരു പക്ഷേ അതായിരിക്കും പലരും ആഗ്രഹിക്കുന്നത്.
ജനാധിപത്യമാണ് ഒരു രാജ്യത്തിന്റെ അടിത്തറ എന്നു പറയുന്നത്. അതിനെ വെല്ലുവിളിച്ചു കൊണ്ട് സാധാരണ മനുഷ്യരുടെ ജീവിതത്തിന് വിലക്ക് ഏർപ്പെടുത്തുന്ന നിലപാടാണ് മറ്റൊരു ദുരന്തം. ഉൾക്കൊള്ളാത്തവരെ ഉന്മൂലനം ചെയ്യുക ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിന് പകരം നിയമം കൈയ്യിലെടുക്കുക, നിയമപാലകരെയും, നീതിപാലകരെയും അക്രമിക്കുകയും തടഞ്ഞു വെയ്ക്കുകയും ചെയ്യുന്നത് ജനാധിപത്യത്തെ അട്ടിമറിക്കലാണ്. അതിന് അരുനിൽക്കുന്നതും ഒപ്പം ചേരുന്നതും നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയിലുള്ള തകർച്ചയാണ്. മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനയെ അട്ടിമറിക്കുമ്പോൾ നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെടുന്നതും അതിദയനീയമാണ്. മഹാഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരന്റെ ജീവിതത്തെ അർത്ഥപൂർണമായ അവസരസമത്വത്തിന് വേണ്ടി ആയിരത്താണ്ടുകളായി അടിമത്തം അനുഭവിച്ചവർക്ക് നൽകിയ സംവരണ വ്യവസ്ഥയെ മണിക്കൂറുകൾ കൊണ്ട് അട്ടിമറിക്കാൻ കഴിഞ്ഞെങ്കിൽ അതും ഈ നാടിന്റെ മൂല്യ തകർച്ചയാണ്. നീതിബോധത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കേണ്ടവർ നീതികേടിന്റെ പര്യായായമായി മാറുമ്പോൾ അത് അസ്വസ്ഥതയോടെയും അസഹിഷ്ണുതയുടേയും വിത്ത് വിതയ്ക്കും. അവിടെ ജാതിയും മതവും രാഷ്ട്രീയവും പരസ്പരം പ്രണയിച്ചും കലഹിച്ചും ഒടുവിൽ ദുരന്തത്തിലേയ്ക്ക് കലാശിക്കുകയും ചെയ്യും. അതിനുള്ള അവസരം ഇല്ലാതാക്കുവാൻ നാം ഒന്നിക്കുക..........പോരാടുക......