ലക്‌നൗ: ഉത്തർപ്രദേശിൽ കലാപം സൃഷ്‌ടിക്കാൻ ബി.ജെ.പി നേതാക്കൾ ലക്ഷ്യമിടുന്നതായി ബി.ജെ.പിയുടെ സഖ്യകക്ഷിയായ എസ്.ബി.എസ്.പി നേതാവ് ഓംപ്രകാശ് രാജ്ബർ വ്യക്തമാക്കി. ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 21 ന് കലാപങ്ങളുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. കലാപം നടത്താൻ ശ്രമിക്കുന്നവർ അപകടകാരികളാണെന്നും രാജ്ഭർ കൂട്ടിച്ചേർത്തു. 'ഹിന്ദു മുസ്ലീം മത വിഭാഗങ്ങളുടെ പേരിൽ കലാപങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദയവായി മതത്തിന്റെ പേരിൽ കലാപങ്ങൾ നടത്തരുത്. കലാപം നടന്നാൽ അതിൽ സാധാരണ ജനങ്ങൾ മാത്രമാണ് കൊല്ലപ്പെടുക. കലാപത്തിന് കോപ്പു കൂട്ടുന്ന പാർട്ടി നേതാക്കൾ കലാപത്തിനിരയാകാറില്ലെന്നും' ഒ.പി രാജ്ഭർ പറഞ്ഞു.
ബി.ജെ.പിയെ രാജ്ഭർ നേരത്തേയും രുക്ഷമായി വിമർശിച്ചിരുന്നു. തങ്ങളുമായ സഖ്യത്തിന് ബി.ജെ.പിക്ക് താൽപര്യമില്ലെങ്കിൽ സഖ്യത്തിൽ നിന്നും പുറത്തു പോകുമെന്നും രാജ്ഭർ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് മറുപടി നൽകാൻ താൻ ബി.ജെ.പി ക്ക് 100 ദിവസം സമയം കൊടുത്തിട്ടുണ്ടെന്നും ഈ സമയത്തിനുള്ളിൽ അതിന് വ്യക്തമായ ഉത്തരം ലഭിച്ചില്ലെങ്കിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുഹെൽദേവ് ബഹുജൻ സമാജ്‌വാദി പാർട്ടി 80 സീറ്റുകളിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.