വാഹന വിപണിയിൽ അന്നും ഇന്നും തന്റേതായ മുഖമുദ്ര പതിപ്പിച്ച കമ്പനിയാണ് ജപ്പാൻ കാർ നിർമ്മാതാക്കളായ മാരുതി സുസൂക്കി. സാധാരണക്കാരുടെ വാഹന സ്വപ്‌ന സാക്ഷാത്കാരത്തിന് മാരുതി സുസൂക്കി വഹിച്ച പങ്ക് അത്ര ചെറുതൊന്നുമല്ല. ഇപ്പോഴിതാ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ആൾട്ടോ മോഡലിനെ പുറത്തിറക്കുന്നു. ഈ വരുന്ന ഒക്ടോബറോടെ രാജ്യാന്തര വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. നിലവിലെ ആൾട്ടോയെ വെല്ലുന്ന ചെറു കാറുകൾ മറ്റ് കമ്പനികൾ പുറത്തിറക്കിയതോടെ പഴയ ആൾട്ടോയുടെ മാർക്കറ്റ് ഇടിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് പുതുതലമുറ മോഡലിനെ അവതരിപ്പിക്കാൻ കമ്പനി നിർബന്ധിതനാവുന്നത്.
നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ആൾട്ടോയും രാജ്യാന്തര വിപണിയിലുള്ള ആൾട്ടോയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇന്ത്യൻ റോഡ് സാഹചര്യങ്ങൾ പരിഗണിച്ചാണ് ആൾട്ടോയെ മാരുതി ഇവിടെ പുറത്തിറക്കുന്നത്. ഇക്കാരണത്താൽ രാജ്യാന്തര പതിപ്പിൽ നിന്നും വേറിട്ട രൂപഭാവം ഇന്ത്യൻ ആൾട്ടോയ്ക്ക് ലഭിക്കുന്നു.
ഭാരം കുറവെങ്കിലും ദൃഢതയിൽ വിട്ടുവീഴ്ച്ച സംഭവിക്കില്ലെന്ന് സുസുക്കി പറയുന്നുണ്ട്. കൂടുതൽ സ്‌പോർടി പരിവേഷം പുതുതലമുറ ആൾട്ടോയ്ക്ക് പ്രതീക്ഷിക്കാം. പുതിയ ബമ്പറുകളും ഹെഡ്ലാമ്പുകളും ഉൾപ്പെടെ ആൾട്ടോയെ കമ്പനി ഉടച്ചുവാർത്താണ് പുറത്തിറക്കുന്നത്. നിലവിലുള്ള 660 സി.സി പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും പുതിയ ആൾട്ടോയ്ക്കും സുസുക്കി നൽകുക. എഞ്ചിന് 50 ബി.എച്ച്.പി കരുത്തും 63 എൻ.എം ടോർക്കും പരമാവധി കുറിക്കാനാവും. 37 കിലോമീറ്റർ മൈലേജാണ് കമ്പനി ജാപ്പനീസ് വിപണിയിൽ ഇറങ്ങുന്ന ആൾട്ടോയ്ക്ക് കമ്പനി അവകാശപ്പെടുന്നത്. പുതിയ സുരക്ഷാ ചട്ടങ്ങൾ മാനിച്ച് ഇന്ത്യയിലും ആൾട്ടോയെ പുതുക്കാൻ മാരുതി ഒരുക്കങ്ങൾ നടത്തുന്നുണ്ട്.