po

തിരുവനന്തപുരം: പൊലീസിന്റെ വീഴ്ചകൾക്ക് ദുഷ്‌പേര് കേൾക്കുന്ന സർക്കാർ, സേനയെ അച്ചടക്കത്തിന്റെ വരുതിയിലാക്കാനുള്ള വജ്രായുധം പ്രയോഗിച്ചു തുടങ്ങി. 11 ഡിവൈ.എസ്.പിമാരെ തരംതാ‌ഴ്‌ത്തിയത് ഒരു സന്ദേശമാണ്. ശിക്ഷാനടപടിക്ക് വിധേയരായാൽ സ്ഥാനക്കയറ്റം വെള്ളത്തിലാവുമെന്ന ചിന്തയോടെ വേണം പൊലീസ് ജനങ്ങളോട് ഇടപെടാൻ - മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കസ്റ്റഡിമരണത്തിലോ കൊലക്കേസിലോ പീഡനക്കേസിലോ പ്രതിയായാലും ആറുമാസത്തെ സസ്പെൻഷൻ കഴിഞ്ഞ് ക്രമസമാധാനചുമതലയിലേക്കുതന്നെ തിരിച്ചെത്താനും സ്ഥാനക്കയറ്റം നേടാനും അവസരം നൽകിയിരുന്ന ചട്ടങ്ങളാണ് സർക്കാർ ഭേദഗതി ചെയ്തത്. പക്ഷേ, സസ്പെൻഷൻ ആറുമാസം പൂർത്തിയായാൽ പുനഃപരിശോധിക്കാമെന്ന ചട്ടം നിലനിൽക്കുന്നു. കേസിൽ പെട്ടതും നടപടി നേരിടുന്നതുമായ ഉദ്യോഗസ്ഥർക്ക് ക്രമസമാധാനം നൽകരുതെന്ന ഹൈക്കോടതി ഉത്തരവുകൾ നടപ്പാക്കുകയാണ് സർക്കാരിന്റെ അടുത്ത ദൗത്യം.

ഇതോടെ കേസിൽപെടുന്നവർ അപ്രധാന ചുമതലകളിലേക്ക് മാറ്റപ്പെടും. നടപടി നേരിടുന്നവരുടെ സ്ഥാനക്കയറ്റം തടഞ്ഞാൽ, കോടതിയിൽ നിന്ന് സ്ഥാനക്കയറ്റ ഉത്തരവ് നേടുന്നതായിരുന്നു പതിവ്. കുറ്റവാളികളായ പൊലീസുകാരുടെ പോലും സ്ഥാനക്കയറ്റം തടയാൻ സർക്കാരിന് കഴിയാത്തത് മറികടക്കാനാണ് ചട്ടം ഭേദഗതി ചെയ്‌തത്.

ലോക്കപ്പിലിട്ട് ആളെ കൊല്ലുന്നവർക്കും ആറുമാസത്തെ സസ്പെൻഷനു ശേഷം കാക്കിയിട്ട് വിലസാമെന്ന സ്ഥിതി ഇതോടെ മാറും. കേസിൽ പെടുന്നവരെ ചാർജ്‌ മെമ്മോ നൽകാതെ രക്ഷിക്കുന്നതും നിലയ്‌ക്കും. ക്രിമിനൽ കേസിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടുമെന്ന് ഭരണാധികാരികൾ ആവർത്തിച്ചെങ്കിലും നടന്നില്ല. ഇങ്ങനെയുള്ള 950ലേറെ പൊലീസുകാർ സേനയിലുണ്ട്. ക്രമസമാധാന, കുറ്റാന്വേഷണ ചുമതലകളിൽ നിന്ന് ഇവരെ ഒഴിവാക്കാത്തതിനാൽ ക്വട്ടേഷൻ-മാഫിയാ-രാഷ്ട്രീയ-പൊലീസ് മാഫിയ തഴച്ചുവളരുന്നു.

സർക്കാർ നയം
 നിഷ്പക്ഷമായ നീതിനിർവഹണത്തിന് പരാതികളിൽ കൃത്യമായി ഇടപെടണം.

 ജാതി-മത - രാഷ്ട്രീയ-വ്യക്തിഗത സ്വാധീനങ്ങൾക്ക് വഴങ്ങരുത്.

 കുറ്റവാളികളോട് കർക്കശ സമീപനം വേണം. മാന്യത കൈവിടരുത്.

 ജനങ്ങളോട് തട്ടിക്കയറരുത്, ബലപ്രയോഗം പാടില്ല.

 സ്ത്രീസുരക്ഷയ്ക്ക് മുൻഗണന നൽകണം.

 സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പ്രത്യേകസംഘം അന്വേഷിക്കണം.

 സ്റ്റേഷനുകളിൽ വസ്തുതാപരമായ വിവരം കിട്ടിയാൽ എഫ്.ഐ.ആർ നിർബന്ധം.

'തെറ്റായ നിലപാടുകളും നിയമവിരുദ്ധ ഇടപെടലുകളും പാടില്ല. നടപടി നേരിട്ടാൽ പ്രശ്‌നമാണെന്ന ഓർമ്മവേണം".

എം.വി.ജയരാജൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

'എല്ലാ ഉദ്യോഗസ്ഥരും ക്ലീൻ റെക്കാഡ് സൂക്ഷിക്കണം. അല്ലെങ്കിൽ സ്ഥാനക്കയറ്റത്തിന് പ്രശ്‌നമാവും".

ലോക്‌നാഥ് ബെഹ്റ

പൊലീസ്‌ മേധാവി