ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് ഇടക്കാല ജാമ്യം. ഡൽഹി പട്യാല കോടതിയാണ് ഫെബ്രുവരി 16വരെ വാദ്രയ്‌ക്ക് ജാമ്യം അനുവദിച്ചത്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഫെബ്രുവരി ആറിന് ഹാജരാകാനും വാദ്രയോട് നിർദേശിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് റോബർട്ട് വാദ്ര കോടതിയെ സമീപിക്കുകയായിരുന്നു. ലണ്ടനിലെ വാദ്രയുടെ വസ്‌തു ഇടപാടുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസ്. വസ്‌തു വാങ്ങിയതുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് വാദ്ര കോടതിയെ സമീപിച്ചത്.
1.9 മില്യൺ പൗണ്ട് ചിലവഴിച്ചാണ് ബിസിനസ് പങ്കാളി മനോജ് അറോറയുടെ സഹായത്തോടെ വസ്‌തു വാങ്ങിയത്. മനോജ് അറോറയ്‌ക്കും ഒരു സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി ഇടക്കാല സംരക്ഷണം നൽകിയിരുന്നു. ഇതേ കേസിലാണ് ഇപ്പോൾ റോബർട്ട് വദ്രയും മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമാക്കിയാണ് എൻഫോഴ്സ്‌മെന്റിന്റെ നടപടിയെന്നായിരുന്നു വാദ്ര മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമാക്കിയത്. അതേസമയം, തനിക്കെതിരെയുളളത് വ്യാജ കേസാണെന്നാണ് വാദ്രയുടെ ആരോപണം. കള്ള കേസുകളാണ് തനിക്കെതിരെ എടുത്തിരിക്കുന്നതെന്ന് വാദ്ര പറഞ്ഞു.