മുംബയ്: ഇറ്രാലിയൻ സൗന്ദര്യവും ഉന്നത സാങ്കേതിക മികവും സമന്വയിപ്പിച്ച് മഹീന്ദ്രയുടെ ട്രക്ക് ആൻഡ് ബസ് ഡിവിഷൻ ഒരുക്കിയ ഇന്റർമീഡിയേറ്ര് കൊമേഴ്‌സ്യൽ വാഹനമായ (ഐ.സി.വി) 'ഫ്യൂറിയോ" വിപണിയിലെത്തി. ഐ.സി.വി ശ്രേണിയിൽ മഹീന്ദ്രയുടെ ആദ്യ മോഡലാണിത്. 6.5 ടൺ മുതൽ 16 ടൺവരെ കൈകാര്യശേഷിയുള്ള വാണിജ്യവാഹന വിഭാഗത്തിലെ മഹീന്ദ്രയുടെ അഭാവമാണ് ഫ്യൂറിയോ നികത്തുന്നത്. ഫ്യൂറിയോ12ന് (19 അടി എച്ച്.എസ്.ഡി) 17.45 ലക്ഷം രൂപയും ഫ്യൂറിയോ14ന് (19 അടി എച്ച്.എസ്.ഡി) 18.10 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
600 കോടി രൂപ നിക്ഷേപത്തോടെ, 2014ലാണ് ഫ്യൂറിയോയുടെ നിർമ്മാണത്തിന് മഹീന്ദ്ര തുടക്കമിട്ടതെന്ന് മാനേജിംഗ് ഡയറക്‌ടർ ഡോ. പവൻ ഗോയങ്ക പറഞ്ഞു. 500 തൊഴിലാളികൾ നിർമ്മാണത്തിൽ പങ്കുചേർന്നു. ഫ്യൂറിയോയുടെ രൂപകല്‌പന നിർവഹിച്ചത് ഇറ്രാലിയൻ ഡിസൈനർമാരായ പിനിൻ ഫാരിനയാണ്. ഉന്നത സുരക്ഷ, ഒതുക്കമുള്ളതും കരുത്തുറ്റതുമായ ബോഡി, വിശാലവും മികച്ച കൂളിംഗോടെ സുഖയാത്ര സമ്മാനിക്കുന്നതുമായ കാബിൻ, കുറഞ്ഞ മെയിന്റനൻസ് ചെലവ്, ഉയർന്ന മൈലേജ് ഉറപ്പാക്കുന്ന മൾട്ടി മോഡ് സിസ്‌റ്റം, കരുത്തുറ്റ ബ്രേക്കിംഗ് സംവിധാനം തുടങ്ങിയ സവിശേഷതകളും ഫ്യൂറിയോയ്ക്കുണ്ട്.