mammootty

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി സിനിമാ ലോകത്ത് എത്തിയിട്ട് 38വർഷങ്ങൾ പിന്നിടുകയാണ്. വർഷങ്ങൾക്ക് ശേഷം അദ്ദേഹം അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് യാത്ര. മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കഥപറയുന്ന ചിത്രമാണ് യാത്ര. സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം തെലുങ്ക് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയിൽ അദ്ദേഹത്തിന് സംഭവിച്ച ചില കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.

വൈ.എസ്.ആറിന്റ പ്രമുഖ രാഷ്ട്രീയ നയമായിരുന്നു പദയാത്ര. അതേ പദയാത്ര തന്നെയാണ് ചിത്രത്തിലെയും പ്രധാന ഘടകം. എന്നാൽ സിനിമയ്ക്കപ്പുറം അതിനൊരു വൈകാരിക ബന്ധമുണ്ട്. സമൂഹത്തിലെ പല തട്ടിലെ നിരവധി മനുഷ്യരുടെ ജീവിതം,​ കാഴ്ചപ്പാടുകൾ,​ പ്രശ്നങ്ങളുടെ പരിഹാരം തേടൽ ഇതെല്ലാമാണ് യാത്ര.

'സാധാരണയായി ഒരു കഥാപാത്രത്തോടും ഞാൻ അടുക്കാറില്ല. സംവിധായകൻ കട്ട് പറഞ്ഞാൽ കഥാപാത്രത്തിൽ നിന്ന് ഞാൻ പുറത്തെത്താറുണ്ട്. എന്നാൽ ചിത്രത്തിലെ ചില സീനുകൾ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ചില ഘട്ടങ്ങളിൽ ഞാൻ സ്വയം നിയന്ത്രിക്കുകയായികരുന്നു. ഇതെല്ലാം സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞ് ഞാൻ എന്നെ തന്നെ സമാധാനിപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. അത്രയേറെ വൈകാരികമായാണ് യാത്ര എന്നെ സ്വാധീനിച്ചത്.' അദ്ദേഹം പറഞ്ഞു.

എഴുപതോളം നവാഗത സംവിധായകർക്കൊപ്പം ഞാൻ സിനിമ ചെയ്തിട്ടുണ്ട്. അവരിൽ ഭൂരിഭാഗം പേരും ഇപ്പോഴും സിനിമ ചെയ്യുന്നുമുണ്ട്. മഹി ഒരു പുതിയ സംവിധായകനല്ല എന്നാൽ ചെറുപ്പക്കാരനുമാണ്. യാത്രയുടെ കഥ പറഞ്ഞപ്പോൾ തന്നെ എനിക്കിഷ്ടമായി. സംവിധായകനിൽ എനിക്ക് വിശ്വാസം തോന്നിയത് കൊണ്ടാണ് ചിത്രത്തിൽ അഭിനയിക്കാമെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.