കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് കമ്പനിയായ വി–ഗാർഡ് ഇൻഡസ്ട്രീസ് ഡിസംബർ 31ന് സമാപിച്ച ത്രൈമാസത്തിൽ 33.70 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 35.44 കോടി രൂപയേക്കാൾ അഞ്ച് ശതമാനം കുറവാണിത്. അതേസമയം, പ്രവർത്തന വരുമാനം 529.68 കോടി രൂപയിൽ നിന്ന് 12 ശതമാനം ഉയർന്ന് 594.27 കോടി രൂപയിലെത്തി.
സ്റ്റെബിലൈസർ, ഡിജിറ്റൽ യു.പി.എസ്, വാട്ടർ ഹീറ്റർ, ഫാൻ എന്നിവ മികച്ച വില്‌പനേട്ടം കൈവരിച്ചു. ഉത്‌പന്ന വിലകളിലെയും കറൻസി വിനിമയ നിരക്കിലെയും ചാഞ്ചാട്ടമാണ് ലാഭത്തെ ബാധിച്ചതെന്ന് മാനേജിംഗ് ഡയറക്‌ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.