മോസ്കോ: സ്‌കൂളിൽ ഒന്നിച്ച് പഠിച്ചിരുന്ന സഹപാഠിയെ കൊലപ്പെടുത്തി രക്തം കുടിച്ച ഡോക്ടർ ഇരുപത് വർഷത്തിന് ശേഷം അറസ്റ്റിൽ. വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ഡോക്ടറായി ജോലിയെടുത്തിരുന്ന റഷ്യക്കാരനായ ബോറിസ് കൊൺട്രാഷിൻ (36) ആണ് അറസ്റ്റിലായത്. ചെല്ല്യാബിൻസ്‌കിലെ ഉറാൽസ് നഗരത്തിൽ വർഷങ്ങളായി മനഃശാസ്ത്രജ്ഞനായി ബോറിസ് ജോലി ചെയ്‌തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാജരേഖകൾ കാണിച്ചാണു ജോലി നേടിയതെന്ന ആരോപണത്തെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുന്ന ബോറിസിന്റെ ചിത്രം നേരത്തേ ചികിത്സിച്ചിരുന്ന മനഃശാസ്ത്രജ്ഞന്റെ ശ്രദ്ധയിൽപെട്ടതോടെയാണു സംഭവം പുറത്ത് വന്നത്. തുടർന്നാണ് ഇയാളുടെ ചരിത്രം ആശുപത്രി അധികൃതർ വിശദമായി പരിശോധിച്ചത്. മദ്യത്തിന്റെയും പുകയിലയുടെയും ദോഷങ്ങൾ മനസ്സിലാക്കി ആളുകളെ പിന്തിരിപ്പിക്കുക, വ്യായാമത്തെപ്പറ്റി ബോധവൽക്കരിക്കുക തുടങ്ങിയവയായിരുന്നു ഇയാളുടെ ജോലി. ബോറിസിന്റെ സഹോദരി ഡോക്ടറാണ്. സഹോദരിക്കും അമ്മയ്‌ക്കുമൊന്നും ബോറിസ് ഡോക്ടറായ കാര്യം അറിയില്ലായിരുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസം മാത്രമെ മകനുള്ളൂവെന്ന് അമ്മ വെളിപ്പെടുത്തി. രേഖകൾ വ്യാജമായുണ്ടാക്കിയാണു ജോലിയിൽ പ്രവേശിച്ചതെന്നും കണ്ടെത്തി.
പൊതുസമൂഹത്തിന് ഭീഷണിയല്ലെങ്കിലും ബോറിസ് ഇപ്പോഴും നിരീക്ഷണത്തിലാണെന്നു നതല്യ പറഞ്ഞു.1998ൽ സഹപാഠിയായ പതിനാറുകാരനെ ബോറിസ് മരുന്ന് കുത്തിവച്ച് മയക്കി കൊല്ലുകയും ശരീരം മുറിച്ചു രക്തം കുടിക്കുകയും ചെയ്തിട്ടുണ്ടെന്നു റഷ്യൻ മാദ്ധ്യമങ്ങൾ പറയുന്നു. ബോറിസ് കൊൺട്രാഷിനെ രക്തദാഹിയായ മനുഷ്യൻ എന്നാണു പ്രദേശിക മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ‘ആചാരത്തിന്റെ ഭാഗമായി’ നടത്തിയ കൊലയെന്നാണു ബോറിസ് ഇതേപ്പറ്റി പൊലീസിനോടു പറഞ്ഞത്. അന്വേഷണത്തിനൊടുവിൽ 2000 ഓഗസ്റ്റിൽ, നരഹത്യാപ്രേരണയുള്ള മനോനില തെറ്റിയ വ്യക്തിയാണ് ഇയാളെന്നു സ്ഥിരീകരിച്ചു. ചികിത്സയ്ക്കൊപ്പം 10 വർഷത്തെ തടവുശിക്ഷയും വിധിച്ചു.