ന്യൂഡൽഹി: വായ്പ എഴുതി തള്ളൽ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ കർഷകരെ രാഷ്ട്രീയ പാർട്ടികൾ തെറ്റിധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാൾ താക്കൂർ നഗറിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ നാലുവർഷമായി സർക്കാർ ശ്രമിച്ചത് കർഷകരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിന് വേണ്ടിയാണ്. പുതിയ ബഡ്‌ജറ്റ് പ്രകാരം ഓരോ കർഷകനും 6000രൂപ വീതമാണ് ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് എത്തുക. കർഷകരുടെ ഉന്നമനത്തിനായി നീതിപൂർവ്വമായ നടപടികൾ മാത്രമേ തന്റെ സർക്കാർ സ്വീകരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ പൗരത്വ ഭേതഗതി ബില്ലിനെ പിന്തുണക്കാൻ തൃണമൂൽ കോൺഗ്രസിനോട് താൻ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്രത്തിന് ശേഷം പലയിടങ്ങളിലായി ചിതറി തെറിച്ച് പോയ ജനവിഭാഗങ്ങൾ ഇന്ത്യയിലേക്ക് തിരിച്ച് വന്നിട്ടുണ്ട്. അവരിൽ ഹിന്ദുവും സിഖുകാരനും പാർസിയും ക്രിസ്ത്യനും എല്ലാവരുമുണ്ട്. അവർക്ക് വേണ്ടിയാണ് പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.