ജീവിതത്തിൽ ആവശ്യങ്ങൾ കുറഞ്ഞുവരുന്ന മനുഷ്യർ കുറയുകയും ആവശ്യങ്ങൾ കൂടിവരുന്ന മനുഷ്യർ കൂടുകയും ചെയ്യുന്ന ഒരു കാലമാണിത്. പെരുകിവരുന്ന ആവശ്യങ്ങളെ ഒരു പുനരവലോകനം നടത്തി അവശ്യം വേണ്ടവയെ നിലനിറുത്തുവാനും അതിനു പുറമേയുള്ളവയെ നിരാകരിക്കുവാനുമുള്ള വിവേകം അധികമാരും പുലർത്താറില്ല. ഈ വിവേകമില്ലായ്മയാണു പലപ്പോഴും മനുഷ്യരെ അക്ഷമരും അശാന്തചിത്തരുമാക്കിത്തീർക്കുന്നത്. കാരണം ഓരോരുത്തരും വ്യക്തിപരമായി അവരവരുടെ ആവശ്യങ്ങൾക്കാണ് പ്രാധാന്യം നല്കുന്നത്. അതിന്റെ നിർവഹണത്തിനായുള്ള പരിശ്രമത്തിനിടയിൽ മറ്റാരുടെയെങ്കിലും ന്യായമായ ആവശ്യങ്ങൾ തന്മൂലം ഹനിക്കപ്പെടുന്നുണ്ടോ എന്നു അയാൾ ശ്രദ്ധിക്കുന്നുണ്ടാവില്ല. ഒരു പക്ഷേ ഈയൊരു അശ്രദ്ധകൊണ്ട് മറ്റൊരാൾക്കുണ്ടാവുന്ന പ്രയാസങ്ങൾ പിന്നീട് അയാൾ എത്ര പ്രയത്നിച്ചാലും പരിഹരിക്കപ്പെടാവുന്നതായിത്തീരുകയുമില്ല. അതിന് ഒരുദാഹരണം പറയാം.
ഒരാൾ പുതിയതായി വലിയൊരു ഭവനം നിർമ്മിക്കാനുള്ള പണികൾ തുടങ്ങി. അതിന്റെ ആവശ്യത്തിലേക്കായി വലിയ അളവിൽ പാറയും മണലും ഇഷ്ടികയുമെല്ലാം വരുത്തി. സ്വന്തം പറമ്പിൽ വേണ്ടത്ര ഇടമില്ലാതിരുന്നതിനാൽ റോഡിലേക്കുകൂടി ഈ സാമഗ്രികൾ ഇറക്കിവയ്പ്പിച്ചു. അപ്പോഴാണ് ഒരു ആംബുലൻസ് അതുവഴി വന്നത്. അപകടത്തിൽപ്പെട്ട് മൃതപ്രാണനായ ഒരാളെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു ആംബുലൻസ്. പാറയും മണലുമെല്ലാം റോഡിൽ കൂടിക്കിടന്നിരുന്നതിനാൽ വീതികുറഞ്ഞ ആ റോഡിൽക്കൂടി പോകുന്നതിനോ മറ്റൊരു വഴിയിൽക്കൂടി പോകുന്നതിനു വാഹനം തിരിച്ചെടുക്കുന്നതിനോ കഴിയാതെ ആംബുലൻസിന്റെ ഡ്രൈവർ വല്ലാതെ വിഷമിച്ചു. ഒടുവിൽ മണിക്കൂറുകൾക്കുശേഷം ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അപകടത്തിൽപ്പെട്ടിരുന്നയാൾ രക്തം വാർന്നു മരണപ്പെടാനിടയായി.
ഇതൊരു പുതിയ സംഭവമല്ല. ഇത്തരത്തിലുള്ള പല പല സംഭവങ്ങൾ നമുക്കു പരിചിതമാണ്. ഇവിടെ സംഭവിച്ച ആ മരണത്തിന്റെ പ്രധാന ഉത്തരവാദിയെന്നു പറയാവുന്നത് ആ റോഡിലെ ഗതാഗതം തടസപ്പെടുത്തും വിധം നിർമ്മാണസാമഗ്രികൾ ഇറക്കിവയ്പ്പിച്ച മനുഷ്യൻ തന്നെയാണ്. സ്വന്തം ആവശ്യം നിറവേറ്റുന്നതിൽ കാണിച്ച ധൃതിയും അതുമൂലം മറ്റുള്ളവരുടെ ഗതാഗതസൗകര്യം മുടങ്ങിപ്പോകുമെന്ന കാര്യം അവഗണിച്ചതുമാണ് ഒരുവന്റെ ജീവൻ പൊലിയാൻ കാരണമായിത്തീർന്നത്. മരണപ്പെട്ടുപോയ ആ സാധുമനുഷ്യന്റെ ജീവൻ അയാൾക്കു തിരികെക്കൊടുക്കുവാൻ കഴിയുമോ?
അതിനാൽ നമ്മുടെ ആവശ്യങ്ങൾ എത്ര ചെറുതായിരുന്നാലും വലുതായിരുന്നാലും അതിന്റെ നിർവഹണത്തിനിറങ്ങുമ്പോൾ അതുകൊണ്ട് മറ്റാരുടെയെങ്കിലും ന്യായമായ ആവശ്യം നിഷേധിക്കപ്പെടാൻ ഇടയായിക്കൂടാ. അഥവാ അങ്ങനെ ഇടയായാൽ അത് സ്വന്തം ആത്മാവിനെ തന്നെ സ്വയം നിന്ദിക്കുന്നതായിത്തീരും. ഈ ആത്മനിന്ദ ആത്മീയതയുടെ അപ്രകാശനത്തിൽ നിന്നുമുണ്ടാകുന്നതാണ്. ആത്മീയത പ്രകാശമാനമായിരിക്കുമ്പോഴാണ് ഒരുവൻ മറ്റുള്ളവരുടെ ന്യായമായ ആവശ്യങ്ങളെ മാനിക്കുന്നതും അതു ഹനിക്കാതിരിക്കുന്നതും. അതേസമയം ആത്മീയത അപ്രകാശമാനമായിരുന്നാൽ മനുഷ്യൻ മനുഷ്യരൂപമുള്ള ചെകുത്താനായി മാറും.
ആത്മീയതയെന്നത് എല്ലാവരിലുമുള്ളതാണ്. കാരണം അതു മനുഷ്യസൃഷ്ടമല്ല. ഈശ്വരസൃഷ്ടമാണ്. എന്നാൽ ഉള്ളിലിരിക്കുന്ന ആത്മീയതയെ കണ്ടെത്തേണ്ടതും പ്രകാശിപ്പിക്കേണ്ടതും പകർന്നുകൊടുക്കേണ്ടതും അവനവൻ തന്നെയാണ്. അതിനുള്ള ജ്ഞാനസാധനാ മാർഗ്ഗങ്ങളാണു ഗുരുക്കന്മാർ കാലാകാലം നമുക്ക് ഉപദേശിച്ചു നല്കിയിട്ടുള്ളത്.
ഇന്നു ജീവിതത്തിൽ വന്നുകൂടുന്ന ആവശ്യങ്ങൾ സാധ്യമാക്കുന്നതിനു വേണ്ടതെല്ലാം വാങ്ങാനും വില്ക്കാനുമുള്ള ഒരു കമ്പോളമായി ലോകം മാറിയിരിക്കുകയാണ്. വേണ്ടത്ര പണമുണ്ടായാൽ മതി അതിനെന്നാണു മനുഷ്യൻ ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ ഈ പണം കൊടുത്താൽ ലോകത്തിലെ ഒരു കമ്പോളത്തിൽ നിന്നും വാങ്ങുവാൻ കിട്ടാത്ത ചിലതെല്ലാമുണ്ട്. ഇങ്ങനെ വാങ്ങാനും വില്ക്കാനും കഴിയാത്ത ചിലതാണ് ജീവിതത്തിന്റെ നട്ടെല്ല് ഭദ്രമാക്കുന്നതും മനുഷ്യന്റെ ഹൃദയം ശുദ്ധമാക്കുന്നതെന്നുമുള്ള സത്യം മനുഷ്യൻ മറന്നുപോകുന്നു. വാങ്ങാനാവുന്നവയെല്ലാം ജീവിതത്തിനു താല്ക്കാലികമായ ബാഹ്യസുഖമേകുന്നതാണെങ്കിൽ വാങ്ങാനാവാത്തവയാകട്ടെ ജീവിതത്തിനു ആന്തരികമായ ശാന്തിയും സുഖവുമാണു കൈവരുത്തുന്നത്.
സ്നേഹം, കാരുണ്യം, ത്യാഗം, ക്ഷമ, ധൈര്യം, സാഹോദര്യം, അഹിംസ, ഭക്തി, സ്വാതന്ത്ര്യം തുടങ്ങിയ സനാതന മൂല്യങ്ങളൊന്നും തന്നെ ഒരു കമ്പോളങ്ങളിൽ നിന്നും കിട്ടുന്നവയല്ല. അതുകൊണ്ടുതന്നെ ഇവയൊന്നും പണത്തിനു അധീനവുമല്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ പണം കൊടുത്താൽ കിട്ടുന്നവകൊണ്ടുള്ള സുഖം നശ്വരവും പണം കൊടുത്താൽ കിട്ടാത്തവകൊണ്ടുള്ള സുഖം അനശ്വരവുമാണ്. കാരണം അവയിലാണു ആത്മീയതയുടെ പ്രകാശമുള്ളത്. ഇങ്ങനെ ഈ മൂല്യങ്ങളുടെ വിനിമയവാഹകരായി മനുഷ്യൻ അവനിലുള്ള ആത്മീയതയെ പ്രകാശവത്താക്കിയാൽ ജീവിതവും ലോകവും ശ്രേയസ്കരമായിത്തീരും.
സ്വന്തം ആവശ്യത്തിനു പ്രാധാന്യം കല്പിക്കുകയും മറ്റൊരാളുടെ ആവശ്യത്തിനു അപ്രധാന്യം കല്പിക്കുകയും ചെയ്യുന്നവൻ ആരായാലും അവനിലെ ആത്മീയത ഇരുളിലാണ്. അവൻ ആത്മീയ ഇരുൾ ബാധിച്ചവനാണ്. അവൻ തനിക്കു ചുറ്റിലുമുള്ളവരെ തനിക്കുവേണ്ടി എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്നാണ് ചിന്തിക്കുന്നത്. എന്നാൽ ആത്മീയപ്രകാശമുള്ളവൻ മറ്റുള്ളവരുടെ പ്രയോജനത്തിനായി സ്വയം രൂപപ്പെടുന്നവനാണ്. അവൻ പറയുന്നതും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ആത്മാവിനെ തൊട്ടുകൊണ്ടാണ്. ഇങ്ങനെ ആത്മാവിനെ തൊട്ടുകൊണ്ടു നില്ക്കുന്ന കൃപാലുവായി മനുഷ്യൻ രൂപപ്പെടണമെന്നതായിരുന്നു ഗുരുദേവതൃപ്പാദങ്ങളുടെ സങ്കല്പം. അതിന്റെ തുറന്ന വെളിപാടാണു 'അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായി വരേണ' മെന്ന ആത്മോപദേശശതകത്തിലെ വരികൾ.
ഈ വിധം സ്വന്തം ആവശ്യങ്ങളെ മറ്റുള്ളവരുടെ ആവശ്യങ്ങളുമായി ഇണക്കിനിർത്തുന്നവനെയാണ് സമൂഹം കാണുന്നത്. അവനൊരിക്കലും അവന്റെ ആവശ്യത്തിനുവേണ്ടി ശബ്ദമുയർത്തുകയോ വീമ്പിളക്കുകയോ ചെയ്യുകയില്ല. എന്നാൽ അവനവന്റെ ആവശ്യത്തെക്കുറിച്ച് നിരന്തരം ശബ്ദിക്കുന്നവനും വീമ്പിളക്കുന്നവനും തന്റെ ഓരോ ആവശ്യങ്ങളും അതിനുവേണ്ടിയുള്ള ഓരോ പരിശ്രമങ്ങളും തനിക്ക് എന്താണു കൊണ്ടുവരികെന്നതിൽ തീർത്തും അജ്ഞനും അന്ധനുമാണ്. ഇത്തരം അന്ധന്മാരാണു ലോകത്ത് ഇരുൾ കോരിയിടുന്നത്. അതുകൊണ്ട് ആദ്യം ഈ ആത്മീയഇരുളിൽ നിന്നും ആത്മീയ പ്രകാശത്തിലേക്കുയരുവാനുള്ള ഒരു മനപ്പാകത്തെ ഉണ്ടാക്കുകയാണ് വേണ്ടത്. അതിനു ഗുരുദേവന്റെ ചിന്തയും ധ്യാനവും പിന്തുടർന്നാൽ മതി.