തിരുവനന്തപുരം : അരുമക്കുരുന്നുകൾ ഉപേക്ഷിക്കപ്പെടുമ്പോൾ സ്വീകരിച്ച് സംരക്ഷിക്കാൻ കേരള സംസ്ഥാന ശിശുക്ഷേമ സമിതി ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച് ഇന്നലെ തിരുവനന്തപുരത്ത് സമിതി ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ച ഹൈടെക് അമ്മത്തൊട്ടിലിൽ പ്രഥമ അതിഥി എത്തി. ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് ആറു ദിവസം പ്രായം തോന്നിക്കുന്ന കുട്ടിയെ ഉപേക്ഷിച്ച നിലയിൽ ലഭിച്ചത്. ഉടനടി അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തിക്കൊണ്ട് സന്ദേശമെത്തി. കൂടെ ബീപ് സൈറനും. ദത്തെടുക്കൽ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരായ ഷീജ എസ്.റ്റി യും സൂര്യ രാജും അമ്മക്കരുതലിൽ എത്തി കുട്ടിയെ സ്വീകരിച്ച് തുടർപരിചരണത്തിനായി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ചു. ഭാരം 2.70 ഗ്രാം. പൂർണ ആരോഗ്യവാൻ. കുഞ്ഞിന് പേരിടുന്നതിലും സമിതി വ്യത്യസ്തത കാണിച്ചു. അന്തരിച്ച മുൻ രാഷ്ട്രപതിയുടെ സ്മരണ നിലനിറുത്തി ഹൈടെക്കിലെ പ്രഥമന് 'അബ്ദുൾ കലാം' എന്നാണ് സമിതി ജനറൽ സെക്രട്ടറി ദീപക് എസ്.പി. പേരിട്ടത്. സംസ്ഥാനത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 263-ാമത്തെ കുഞ്ഞാണ് 'അബ്ദുൾ കലാം'. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 121-ാമത്തെ കുട്ടിയും 112-ാമത്തെ ആൺകുഞ്ഞുമാണ് അതിഥി. ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ ഈ കുട്ടിക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ദീപക് അറിയിച്ചു.