''ഇതോ?"
സി.ഐ അരവിന്ദാക്ഷൻ നാവു വളച്ച് മേൽച്ചുണ്ടിൽ മുട്ടിച്ചിട്ട് ഒന്നു ചൂളം വിളിച്ചു.
''ഇതൊക്കെ ഓരോ കലാപരിപാടിക്കല്ലേ ശിവദാസാ. പറഞ്ഞു കേൾക്കുന്നതിനേക്കാൾ നേരിട്ട് അനുഭവിക്കുന്നതാണ് ഏറെ രസകരം."
തുടർന്ന് അയാൾ തിരിഞ്ഞ് പോലീസുകാരിൽ ഒരാളെ നോക്കി.
''പേനയും പാഡും എടുത്തോ. ശിവദാസൻ ഒന്നും വിട്ടുപോകാതെ എല്ലാം പറയാൻ പോകുകയാണ്."
കോൺസ്റ്റബിൾ റൈറ്റിംഗ് പാഡും പേനയുമായി മുന്നോട്ടു നീങ്ങിനിന്നു.
അരവിന്ദാക്ഷൻ, ശിവദാസനെ നോക്കി ചിരിച്ചു.
''അപ്പോൾ നമ്മൾ ആരംഭിക്കുകയാണ്. തനിക്ക് ഞങ്ങളോട് സഹകരിക്കാം, സഹകരിക്കാതിരിക്കാം. രണ്ടായാലും വിഷയമല്ല."
ശിവദാസൻ നെറ്റി ചുളിച്ച് സി.ഐയെത്തന്നെ നോക്കിയിരുന്നു.
ഉള്ളിൽ ഭീതി തിളച്ചുതുടങ്ങിയെങ്കിലും അതയാൾ പുറത്തുകാട്ടിയില്ല.
ആക്കുളം കായലിനു മീതെ കാറ്റു വീശിക്കൊണ്ടിരുന്നു. അത് ആ തകരഷീറ്റുകളിൽ അടിച്ച് ഭീതിദമായ ശബ്ദം ഇടയ്ക്കിടെ ഉണ്ടാക്കി.
''കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറായിട്ടും തന്നെ രക്ഷിക്കാൻ തന്റെ തമ്പുരാക്കന്മാർക്ക് കഴിഞ്ഞില്ലെങ്കിൽ അതിന് ഒരേയൊരു അർത്ഥമേയുള്ളൂ ശിവദാസാ.. അവർ തന്നെ കൈവിട്ടെന്ന്."
അരവിന്ദാക്ഷൻ പോക്കറ്റിൽ നിന്ന് ഒരു സിഗററ്റെടുത്ത് ചുണ്ടിൽ വച്ചു. ശേഷം ലൈറ്ററിന്റെ നാളത്തിൽ തീ പടർത്തി ഒരു കവിൾ പുകയൂതി. പിന്നെ തുടർന്നു:
''ഇത്രയും കാലം താൻ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം അനുഭവിക്കാതെ മരണം പോലും തന്നെ കൊണ്ടുപോകില്ല. എനിക്കറിയാം. അതുകൊണ്ട് മസിലു പിടിച്ചിരുന്നിട്ട് യാതൊരു പ്രയോജനവുമില്ല."
ശിവദാസൻ പക്ഷേ ആ വാക്കുകൾ അവഗണിച്ചു.
''ഞാൻ ചെയ്യാത്ത കാര്യം നിങ്ങൾക്കു മുന്നിൽ ഒരിക്കലും സമ്മതിക്കാൻ പോകുന്നില്ല."
അയാളുടെ കടപ്പല്ലു ഞെരിഞ്ഞു.
''ഓക്കെ ഇനിയെല്ലാം തന്റെ ഇഷ്ടം. ഞാൻ തുടങ്ങുകയാണ്."
അരവിന്ദാക്ഷൻ കസേരയിൽ മുന്നോട്ടാഞ്ഞിരുന്നു.
''താൻ എന്തിനാ മരിയ ഫെർണാണ്ടസിനെ കൊന്നത്?"
''ഇല്ല. ഞാൻ കൊന്നിട്ടില്ല."
''ഓക്കെ. പിന്നെ എന്തിനാ അവിടെ പോയത്?"
''വ്യഭിചരിക്കാൻ." ശിവദാസൻ അലറി." അങ്ങനെയൊരു മറുപടി കിട്ടിയാൽ നിനക്ക് തൃപ്തിയാകുമോടാ?"
അരവിന്ദാക്ഷന്റെ മുഖത്തേക്കു ചോര ഇരച്ചുകയറി.
''നീയെന്നും എടാന്നുമൊക്കെ ഒരു പോലീസ് ഓഫീസറെ വിളിക്കാൻ നിനക്കാരാടാ ധൈര്യം തന്നത്?"
ചോദ്യവും കാലുയർത്തി ഒറ്റ ചവിട്ടുമായിരുന്നു.
''അയ്യോ..." കസേരയോടൊപ്പം ശിവദാസൻ പിന്നിലേക്കു മലർന്നു വീണു.
സി. ഐ, പോലീസുകാർക്ക് കണ്ണുകൊണ്ട് ഒരടയാളം നൽകി.
അവർ കസേരയോടൊപ്പം ശിവദാസനെ ഉയർത്തി നേരെ ഇരുത്തി.
''ഇനി ഇങ്ങനെ സംസാരിക്കുമോടാ?"
ശിവദാസന്റെ മുഖം കുനിഞ്ഞു. അരവിന്ദാക്ഷൻ അയാളുടെ താടി പിടിച്ചുയർത്തി.
''മറുപടി പെട്ടെന്നു വേണം.."
''ഇല്ല... ഞാനിനി അങ്ങനെ പറയില്ല."
ശിവദാസൻ പറഞ്ഞുപോയി.
''വെരിഗുഡ്."
അരവിന്ദാക്ഷൻ അയാളുടെ കവിളത്ത് മെല്ലെ ഒന്നടിച്ചു.
''മരിയയുടെ വീട്ടിൽ പോയത് എന്തിനെന്ന് പറഞ്ഞില്ല..."
''അവളെ കാണണമായിരുന്നു. ബാക്കി ഞാൻ കോടതിയിൽ പറഞ്ഞോളാം."
അരവിന്ദാക്ഷൻ തിരിഞ്ഞ് കോൺസ്റ്റബിളിനെ നോക്കി.
''സുരേഷേ.. രക്ഷയില്ല."
''സാർ..."
സുരേഷ് തുണിചുറ്റിയ ഇരുമ്പു സ്പ്രിംഗ് എടുത്ത് അരവിന്ദാക്ഷന്റെ കയ്യിൽ കൊടുത്തു.
അടുത്ത നിമിഷം അത് വീശി ഒറ്റയടിയായിരുന്നു സി.ഐ.
കാളയുടെ പുറത്ത് ചാട്ടകൊണ്ട് അടിക്കുന്നതുപോലെ ഒരൊച്ച.
''ഹാ..."
ശരീരം ചുറ്റി അടിയേറ്റ ശിവദാസൻ കസേരയിൽ ഇരുന്നു പുളഞ്ഞു. ഒരു തവണ കൂടി സ്പ്രിംഗ് വടിവട്ടം ചുറ്റി അയാളുടെ ശരീരത്തിൽ അടിവീണു.
(തുടരും)