മുംബയ്: മുംബയ് ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിന് ഇന്ന് കൊടിയിറങ്ങും.
രാവിലെ ഗുരുദേവഗിരിയിലെ ക്ഷേത്രങ്ങളിലെ പതിവ് പൂജകൾക്കു ശേഷം 8 മുതൽ ഗുരുദേവന്റേതായി ലോകത്താകെ അവശേഷിക്കുന്ന ഏക ഭൗതിക തിരുശേഷിപ്പായ ദിവ്യദന്തം പൊതു ദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് 12.30 ന് കൗമുദി ടിവി ഒരുക്കിയ 'മഹാഗുരു' മെഗാപരമ്പരയുടെ പ്രിമിയർ ട്രെയിലർ പ്രദർശിപ്പിക്കും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി സർവേശ്വരാനന്ദ എന്നിവരുടെ കാർമ്മികത്വത്തിലാണ് ദിവ്യദന്ത ദർശനവും മഹാ ഗുരുപൂജയും. 10 നു നെരൂൾ ഈസ്റ്റിലെ ശിവാജി ചൗക്കിൽ നിന്ന് അലങ്കരിച്ച പുഷ്പരഥത്തിൽ ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള തീർത്ഥാടന ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്ര ഗുരുദേവഗിരിയിൽ എത്തിച്ചേരുമ്പോൾ മഹാഗുരുപൂജ ആരംഭിക്കും. ഒരു മണിക്ക് സമിതി പ്രസിഡന്റ് എൻ. ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ മഹാരാഷ്ട്ര മന്ത്രി ഗിരീഷ് ഡി. മഹാജൻ മുഖ്യാതിഥിയായിരിക്കും. സ്വാമി ശാരദാനന്ദ, മന്ദാമാത്രേ എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സ്വാമി വിശുദ്ധാനന്ദ പ്രഭാഷണം നടത്തും.
സ്വാമി വിശുദ്ധാനന്ദയ്ക്ക് സ്വീകരണം
പദ്മശ്രീ പുരസ്‌കാരം ലഭിച്ച ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്ക് ഗുരുദേവഗിരിയിൽ സ്വീകരണം നൽകി. സമിതി പ്രസിഡന്റ് എൻ. ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സ്വാമി ശാരദാനന്ദ, എം.ഐ. ദാമോദരൻ, എൻ. മോഹൻദാസ്, എൻ.എസ്. സലിംകുമാർ, കെ. നടരാജൻ ഡോ. എം. സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.