മുംബയ്: ഭീമ കൊരേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് പ്രമുഖ എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായി ആനന്ദ് തെൽത്തുംബ്ഡെയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുശേഷം വിട്ടയച്ചു. അറസ്റ്ര് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് പൂനെ കോടതി തെൽത്തുംബ്‌ഡെയെ വിട്ടയത്തത്. ഇന്നലെ പുലർച്ചെ നാല് മണിയോടെ മുംബയ് വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. തുടർന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
സുപ്രീംകോടതി തെൽത്തുംബ്‌ഡെയ്ക്ക് അനുവദിച്ച നാലാഴ്ചത്തെ ഇടക്കാല സംരക്ഷണം നിലനിൽക്കെ നടന്ന അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പൂനെ കോടതി ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക ജഡ്ജി കെ.ഡി.വദനെ തെൽത്തുംബ്‌ഡെയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസിൽ ഇദ്ദേഹത്തിന്റെ പങ്ക് തെളിയിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കുറ്റാരോപിതരെ വിചാരണ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ സുപ്രീംകോടതി സംരക്ഷണം ഉറപ്പാക്കിയിരിക്കെ ബോംബെ ഹൈക്കോടതിക്കോ സുപ്രീംകോടതിക്കോ മാത്രമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അവകാശമുള്ളതെന്ന് കോടതി പിന്നീട് ചൂണ്ടിക്കാട്ടി വിട്ടയയ്ക്കുകയായിരുന്നു.
കഴിഞ്ഞ വർഷം നടന്ന ഭീമ കൊരേഗാവ് സംഘർഷവുമായും അതിനുമുന്നോടിയായി എൽഗാർ പരിഷദ് എന്നപേരിൽ നടന്ന ദളിത് കൂട്ടായ്മയുമായും ബന്ധമുണ്ടെന്നാരോപിച്ച് മലയാളിയായ സാമൂഹിക പ്രവർത്തകൻ റോണ വിൽസൺ ഉൾപ്പെടെ അഞ്ചുപേരെ ജൂണിൽ പൂനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
പിന്നാലെ ആഗസ്റ്റ് 29-ന് തെലുങ്ക് കവി വരവരറാവുവും മാദ്ധ്യമപ്രവർത്തകൻ ഗൗതം നവ്‌ഖാലയും ഉൾപ്പെടെ അഞ്ചു മനുഷ്യാവകാശപ്രവർത്തകരെയും അറസ്റ്റുചെയ്തിരുന്നു. ഇതിനൊപ്പമാണ് ആനന്ദ് തെൽത്തുംബ്ഡെയുടെ ഗോവയിലെ വസതിയിൽ റെയ്ഡ് നടത്തി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേസെടുത്തത്.