k-muraleedharan

കോഴിക്കോട്: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തെ പിന്തുണച്ച് കെ.പി.സി.സി പ്രചാരണ വിഭാഗം അദ്ധ്യക്ഷൻ കെ. മുരളീധരനും രംഗത്ത് വന്നതോടെ പ്രശ്നം സങ്കീർണമായി.

മുസ്ലിംലീഗിനെ അനുനയിപ്പിക്കാൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി ചർച്ച നടത്തിയതിനു പിന്നാലെയാണ് ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് മാദ്ധ്യമ പ്രവർത്തകരോട് കെ. മുരളീധരൻ പറഞ്ഞത്.

മുമ്പും ലീഗിന് മൂന്ന് സീറ്റ് നൽകിയിട്ടുണ്ട്. കാസർകോട്ടും വടകരയിലുമാണ് സീറ്റ് നൽകിയത്. സീറ്റ് അധികം നൽകണമെന്ന ആവശ്യം കേരള കോൺഗ്രസും ഉന്നയിച്ചിട്ടുണ്ട്. കൊടുത്തിട്ടും ഉണ്ട്. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന ആരും കേരളത്തിൽ നിന്ന് പാർലമെന്റിൽ എത്തില്ല.

സ്ഥാനാർത്ഥി ചർച്ച ഇതുവരെ നടന്നിട്ടില്ല. സിറ്റിംഗ് എം.പിമാർക്ക് മുൻഗണന കൊടുക്കണം. മുതിർന്ന നേതാക്കളുടെ പ്രാതിനിദ്ധ്യം സഭയിൽ വേണം. യുവാക്കളെ തഴയാനും പാടില്ല. കേരള കോൺഗ്രസിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് യു.ഡി.എഫിൽ ആർക്കും അഭിപ്രായമില്ല. പി.സി. ജോർജിന്റെ കാര്യവുംചർച്ച ചെയ്തിട്ടില്ല. ഉമ്മൻചാണ്ടി ലോക്‌സഭയിലേക്ക് എത്തുന്നതിനെക്കാളും നിയമസഭയിൽ ഉണ്ടാവുന്നതാണ് നല്ലത് - കെ. മുരളീധരൻ പറഞ്ഞു.