ksrtc

തിരുവനന്തപുരം: ഡ്രൈവർ കം കണ്ടക്ടർ ഡ്യൂറ്റിക്കെത്തിയ ജീവനക്കാരനെ തിരുവനന്തപുരത്തെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിൽ നിന്ന് യൂണിയൻ പ്രവർത്തകർ തടഞ്ഞ് ഇറക്കിവിട്ടു. തിരുവനന്തപുരം - പാലക്കാട് റൂട്ടിൽ ഡ്യൂട്ടിക്കെത്തിയ ജിനോയെയാണ് ബസിൽ നിന്ന് ഇറക്കി വിട്ടത്. എട്ട് മണിക്കൂർ താഴെ റണ്ണിങ് ടെെമുള്ള ഡ്രൈവർ കം കണ്ടക്ടമാരെ ആവശ്യമില്ലെന്ന് പറഞ്ഞാണ് ഇറക്കിമിട്ടത്.

ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നടപ്പിലാക്കിയ ടോമിൻ തച്ചങ്കരിയെ എം.ഡി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമാണ് ഇങ്ങിനെയൊരു സംഘടിത നീക്കം. സംഭവത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഡി.ടി.ഒയോട് റിപ്പോർട്ട് തേടി. തിരുവനന്തപുരം - പാലക്കാട് സർവീസ് ഇന്നു മുതൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനമില്ലെന്ന് പറഞ്ഞാണ് യൂണിയൻ പ്രവർത്തകർ ജിനോയെ തടഞ്ഞത്. ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ടോമിൻ തച്ചങ്കരിയാണ് കെ.എസ്.ആർ.ടി.സി എം.ഡിയായതിന് ശേഷമാണ് ഡ്രൈവർ കം കണ്ടക്ടർ തസ്തിക കൂടുതൽ ദീർഘദൂര സർവ്വൂീസുകളിലേക്ക് വ്യാപിപ്പിച്ചത്. എതിനെതിരെ തൊഴിലാളി യൂണിയന്റെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് നടന്ന സംഭവത്തിൽ യൂണിയൻ പ്രവർത്തകർക്ക് യാതൊരുവിധ പങ്കുമില്ലെന്ന് യൂണിയന്റെ വിശദീകരണം.