lng

 പദ്ധതി കൊച്ചിയിൽ  ഇന്ത്യയിൽ തന്നെ ആദ്യം  ഏപ്രിലിൽ കമ്മിഷൻ ചെയ്യും

 സംസ്ഥാനത്ത് 4 എൽ.എൻ.ജി ഔട്ട്‌ലെറ്റുകളും തുറക്കുമെന്ന് പെട്രോനെറ്ര് എൽ.എൻ.ജി ചെയർമാൻ പ്രഭാത് സിംഗ്

കൊച്ചി: രാജ്യത്ത് ആദ്യമായി കൊച്ചിയിൽ എൽ.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം)​ ഇന്ധനമായി പ്രവർത്തിക്കുന്ന ബസുകൾ നിരത്തിലിറക്കാൻ പെട്രോനെറ്ര് എൽ.എൻ.ജി ഒരുങ്ങുന്നു. മാർച്ചോടെ രണ്ടു ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുകയും ഏപ്രിലിൽ കമ്മിഷൻ ചെയ്യുകയുമാണ് ഉദ്ദേശിക്കുന്നതെന്ന് പെട്രോനെറ്ര് എൽ.എൻ.ജി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ പ്രഭാത് സിംഗ്,​ എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'മുഖാമുഖ"ത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് എൽ.എൻ.ജി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനായി തിരുവനന്തപുരം,​ കൊച്ചി,​ കണ്ണൂർ,​ എടപ്പാൾ എന്നിവിടങ്ങളിൽ എൽ.എൻ.ജി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കും. സ്ഥലം ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. ഓരോ സ്‌റ്രേഷനും രണ്ടര മുതൽ മൂന്നുകോടി രൂപവരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് മത്സ്യബന്ധന ബോട്ടുകളെയും എൽ.എൻ.ജിയിലേക്ക് മാറ്റാൻ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. പരീക്ഷണത്തിനായി ഒരു ബോട്ട് പെട്രോനെറ്ര് ഏറ്റെടുക്കും.

കൊച്ചി പുതുവൈപ്പിലെ പെട്രോനെറ്ര് എൽ.എൻ.ജി ടെർമിനലിന്റെ പ്രതിവർഷ സംഭരണശേഷി അഞ്ച് മില്യൺ മെട്രിക് ടണ്ണാണ്. ഇതിന്റെ 10 ശതമാനമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഗെയ്‌ലിന്റെ കൊച്ചി-മംഗളൂരു വാതക പൈപ്പ്‌ലൈൻ യാഥാർത്ഥ്യമാകുമ്പോൾ ടെർമിനലിന്റെ പ്രവർത്തനം 40 ശതമാനമായി ഉയരും. പ്രളയംമൂലം കാലതാമസമുണ്ടായെങ്കിലും മേയ്-ജൂണോട് കൂടി പൈപ്പ്‌ലൈൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാരിൽ നിന്ന് ഇതിന് മികച്ച പിന്തുണയുണ്ട്. പൈപ്പ്‌ലൈൻ ബംഗളൂരുവിലേക്ക് നീട്ടുന്നത് പൂർത്തിയാകുന്നതോടെ വാതക വിതരണത്തിന്റെ ദേശീയ ഗ്രിഡിൽ കൊച്ചിയും ഭാഗമാകും.

കൊച്ചിക്കൊപ്പം പ്രവർത്തനം തുടങ്ങിയ കമ്പനിയുടെ ഗുജറാത്തിലെ ദഹേജ് ടെർമിനലിന്റെ ഉപയോഗം ഇപ്പോൾ 110 ശതമാനമാണ്. ഇത് ലോക റെക്കാഡാണ്. ആയിരം വെസലുകൾ ഇതുവരെ എൽ.എൻ.ജി കൈമാറ്റത്തിനായി ദഹേജിൽ എത്തി. 2014ൽ പ്രവർത്തനം തുടങ്ങിയ കൊച്ചിയിൽ ഇതുവരെ എത്തിയത് 50 വെസലുകളാണ്. രാജ്യത്തെ എല്ലാ മേഖലകളിലും സിറ്രി ഗ്യാസ് വിതരണത്തിൽ പങ്കുവഹിക്കാനും പെട്രോനെറ്ര് ഉദ്ദേശിക്കുന്നുണ്ട്. ഇതിനായുള്ള ടെൻഡർ നടപടികളിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കായംകുളം എൻ.ടി.പി.സിക്കും

ബി.എസ്.ഇ.എസിനും കരുത്തേകും

പ്രകൃതി വാതകത്തിലേക്ക് മാറി ഊർജോത്പാദനം ശക്തിപ്പെടുത്താൻ കായംകുളത്തെ എൻ.ടി.പി.സിക്കും കൊച്ചിയിലെ ബി.എസ്.ഇ.എസ് കമ്പനിക്കും പിന്തുണ നൽകുമെന്ന് പ്രഭാത് സിംഗ് പറഞ്ഞു. നിലവിൽ ബി.എസ്.ഇ.എസ് ഡീസലും എൻ.ടി.പി.സി നാഫ്‌തയുമാണ് ഉപയോഗിക്കുന്നത്. പ്രകൃതിവാതകത്തിലേക്ക് മാറുന്നത് രണ്ടുസ്ഥാപനങ്ങളുടെയും പ്രവർത്തനച്ചെലവ് കുറയ്‌‌ക്കും. പ്രകൃതി വാതകം ഉപയോഗിച്ചുള്ള വൈദ്യുതിക്ക് യൂണിറ്രിന് ആറുരൂപയോളമേ വിലയൂള്ളൂ എന്നും അദ്ദേഹം പറഞ്ഞു.