ന്യൂഡൽഹി : പശ്ചിമബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും സത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്കേറ്രു. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ റാലി നടന്ന മൈതാനത്തിന് പുറത്ത് കാത്തുനിന്നവർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് തിക്കിനും തിരക്കിനുമിടയാക്കിയത്. ഇതേത്തുടർന്ന് മോദി പ്രസംഗം ചുരുക്കി.
പ്രധാനമന്ത്രി പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിച്ചുവെങ്കിലും പ്രയോജനുമുണ്ടായില്ല. എന്നാൽ സ്ത്രീകൾക്കായി ഒഴിച്ചിട്ടിരുന്ന സ്ഥലത്തേക്ക് ജനങ്ങൾകസേരകൾ വലിച്ചെറിഞ്ഞു. സ്ഥിതിഗതി നിയന്ത്രിക്കാൻ കഴിയാതായതോടെ പ്രധാനമന്ത്രി മോദി പ്രസംഗം ചുരുക്കുകയും മറ്റൊരു റാലിയിൽ പങ്കെടുക്കേണ്ടതിനാൽ വേദിയിൽനിന്ന് പോവുകയാണെന്ന് അറിയിക്കുകയും ചെയ്തു.
തിക്കും തിരക്കും ഉണ്ടായതിനെത്തുടർന്ന് നിരവധി സ്ത്രീകൾ കുഴഞ്ഞുവീണുവെന്നും അവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുണ്ട്. അതിനിടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ അസൗകര്യത്തിൽ പ്രധാനമന്ത്രി ക്ഷമ ചോദിക്കുന്നുവെന്ന് അറിയിച്ചതായി വാർത്താഏജൻസി റിപ്പോർട്ടുചെയ്തു.
റാലിക്കെത്തിയ ജനങ്ങൾ അമിത ആവേശത്തിലായിരുന്നു.മൈതാനത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം പേർ റാലിക്കെത്തി. സംഭവത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.