ബംഗളൂരു: നടിയും അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയുമായ സുമലത രാഷ്ട്രീയ പ്രവേശന വാർത്തകൾ ശരിവച്ച് പ്രസ്താവന നടത്തി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കിൽ മാണ്ഡ്യയിൽ നിന്നു മത്സരിക്കുമെന്ന് സുമലത വ്യക്തമാക്കി. എന്നാൽ തീരുമാനം ഉറപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. എൺപതുകളിൽ മലയാള സിനിമയിലും സജീവമായിരുന്ന സുമലതയുടെ ഭർത്താവ് അംബരീഷ് വൃക്ക സംബന്ധമായ രോഗത്തെ തുടർന്നു കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്. കന്നഡ ചലച്ചിത്ര താരവും മുൻ കേന്ദ്ര, സംസ്ഥാന മന്ത്രിയുമായിരുന്ന അദ്ദേഹം 1998-99ൽ ലോക്‌സഭയിൽ ജനതാദൾ (എസ്) എം.പിയായാണ് രാഷ്‌ട്രീയത്തിലെത്തിയത്. പിന്നീട് കോൺഗ്രസിൽ ചേർന്ന അംബരീഷ് 2 തവണ മാണ്ഡ്യയിൽ നിന്നു ലോക്‌സഭയിലെത്തി. മൻമോഹൻ സിംഗ് സർക്കാരിൽ വാർത്താവിനിമയ സഹമന്ത്രിയായി. കാവേരി തർക്കപരിഹാര ട്രൈബ്യൂണൽ വിധിയിൽ പ്രതിഷേധിച്ച് 2008ൽ രാജിവച്ചു. അതേസമയം സുമലത ജെ.ഡി.എസ് അംഗമല്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം കോൺഗ്രസാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.