rahul-

അഹമ്മദാബാദ് : സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം പരാജയമാണെന്ന് ആരോപിച്ച് ഗുജറാത്തിലെ വനിതാ എം.എൽ.എ രാജിവച്ചു. ഉൻജ മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എ ആയ ആശാ പട്ടേലാണ് രാജിവെച്ചത്. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കുന്നുവെന്നും എം.എൽ.എ ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ നേതൃത്വം പരാജയമാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് സംസ്ഥാനത്ത് നടത്തുന്നതെന്നും കോൺഗ്രസ് അദ്ധ്യക്ഷനയച്ച കത്തിൽ ആശ പട്ടേൽ ആരോപിച്ചു. സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ കലഹം പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നും ആശ കത്തിൽ പറയുന്നു. അതേസമയം മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം കൊണ്ടുവന്ന നരേന്ദ്രമോദി സർക്കാരിന്റെ നടപടിയെ കത്തിൽ അഭിനന്ദിക്കുന്നുമുണ്ട്.

2017 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഏഴുവണ തുടർച്ചയായി ജയിച്ചിരുന്ന മുൻ മന്ത്രി നാരായണ പട്ടേലിനെ തോൽപ്പിച്ചാണ് ആശാ പട്ടേൽ ഇവിടെ അട്ടിമറി വിജയം നേടിയത്.