തിരുവനന്തപുരം: വരുന്ന ലോക‌്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമാണ് സംസ്ഥാനത്ത് നലിവിലുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ. എപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും നേരിടാൻ പാർട്ടി തയ്യാറാണ്. തിരഞ്ഞെടുപ്പ് സർവേകളെ തള്ളിക്കളഞ്ഞ കോടിയേരി റിപ്പോർട്ടുകൾ ആസൂത്രിതമാണെന്നും ആരോപിച്ചു.
പാർട്ടി മേഖലാജാഥകളുടെ സമാപനത്തോടെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്ര സംസ്ഥാന ബഡ്ജറ്റുകളിൽ ഊന്നിയായിരിക്കും പ്രചരണം. 14 ജില്ലകളിലും ഇത് സംബന്ധിച്ച് സെമിനാർ നടത്തും.
എൽ.ഡി.എഫിൽ പുതിയതായി വന്നവർ ആരും സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച ഒരാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്നാണ് സി.പി.എം നിർദേശം. 11ന് ചേരുന്ന ഇടതുമുന്നണിയോഗത്തിൽ തീരുമാനം പ്രഖ്യാപിക്കും.
ടോമിൻ തച്ചങ്കരിയെ കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തുനിന്നു മാറ്റിയതു യൂണിയനുകളുടെ സമ്മർദ്ദത്തിന് വഴങ്ങിയല്ലെന്നും കോടിയേരി പറഞ്ഞു.