rohit

വെല്ലിംഗ്ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് വെല്ലിംഗ്ടണിൽ നടക്കും. ആദ്യ മൂന്ന് മത്സരവും ജയിച്ച് പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയ ഇന്ത്യയെ നാലാം ഏകദിനത്തിൽ വലിയ മാർജിനിൽ കീഴടക്കി ന്യൂസിലൻഡ് മുഖം രക്ഷിച്ചിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ഹാമിൽട്ടണിൽ സംഭവിച്ച ദയനീയ പരാജയത്തിന് വെല്ലിംഗ്ടണിൽ പകരം വീട്ടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. വിരാട് കൊഹ്‌ലിക്ക് വിശ്രമമനുവദിച്ചതിനാൽ കഴിഞ്ഞ മത്സരത്തിൽ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമ്മ ഇന്ന് ജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. മറുവശത്ത് ഇന്നും വിജയം നേടി പരാജയഭാരം പരമാവധി കുറയ്ക്കാനാണ് വില്യംസണിന്റെയും കൂട്ടരുടെയും ലക്ഷ്യം. ലോകകപ്പിന് മുന്നോടിയായി ഏറെക്കുറെ ഇംഗ്ലണ്ടിലേതിന് സമാനമായ സാഹചര്യത്തിൽ മത്സര പരിചയം നേടുന്നതിനുള്ള അവസാന അവസരമാണ് ഇന്ത്യയ്ക്ക് ഈ പരമ്പര. ഈ മത്സരം ജയിച്ചാൽ ന്യൂസിലൻഡിൽ ഏറ്രവും ഉയർന്ന മാർജിനിൽ നേടുന്ന പരമ്പര നേട്ടമാകും ഇത്.

പകരം വീട്ടാൻ ഇന്ത്യ

ലോകകപ്പ് മുന്നിൽ നിൽക്കെ ഇന്ത്യൻ ഇലവനിൽ ഇന്നും പരീക്ഷണങ്ങളുണ്ടായേക്കും. കഴിഞ്ഞ രണ്ട് മത്സരത്തിലും പരിക്കുമൂലം കളിക്കാൻ കഴിയാതിരുന്ന എം.എസ്.ധോണി ഇന്ന് കളിച്ചേക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ഈ മത്സരത്തിൽ വിജയം നേടി വീണ്ടും വിജയ വഴിയിൽ തിരിച്ചെത്താനൊരുങ്ങുന്ന ഇന്ത്യയ്‌ക്ക് പരിചയ സമ്പന്നനായ ധോണിയുടെ സാന്നിധ്യം നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. അദ്ദേഹം ഫോമിലാണെന്നതും ഇന്ത്യയ്‌ക്ക് പ്ലസ് പോയിന്റാണ്. യുവതാരം ശുഭ്മാൻ ഗില്ലിനും ഇന്ന് അവസരം ലഭിച്ചേക്കും.അങ്ങനെ വന്നാൽ കാർത്തിക് പുറത്തിരിക്കേണ്ടി വരും.

സാധ്യതാ ടീം: രോഹിത്, ധവാൻ, ഗിൽ,റായ്ഡു,ധോണി, ജാദവ്,ഹാർദ്ദിക്, ഭുവനേശ്വർ, ചഹാൽ,കുൽദീപ്, ഖലീൽ.

ജയം തുടരാൻ കിവികൾ

കഴിഞ്ഞ മത്സരത്തിലെ ജയം സന്ദർശകർക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല,പരിക്കേറ്റ മാർട്ടിൻ ഗപ്‌ടിലിന് പകരം കോളിൻ മൂൺറോ ഇന്ന് ഓപ്പണറുടെ റോളിൽ ഇറങ്ങും. ഡഗ് ബ്രയെസ്‌വെൽ മിച്ചൽ സാന്റ്നർക്ക് പകരം ഇന്ന് കളത്തിലിറങ്ങിയേക്കും.

സാധ്യതാ ടീം: നിക്കോളാസ്, മൂൺറോ, വില്യംസൺ, ടെയ്ലർ, ലതാം, ഗ്രാൻഡ്ഹോമെ, നീഷം, ബ്രെയ്സ്‌വെൽ/സാന്റ്നർ, ആസ്റ്റിൽ, ബൗൾട്ട്, ഹെൻറി/സൗത്തി.