കൊൽക്കത്ത: കള്ളപ്പണത്തിനെതിരെയുള്ള തന്റെ യുദ്ധം പല രാഷ്ട്രീയ നേതാക്കളെയും ഭയപ്പെടുത്തിയെന്നും തെറ്റു ചെയ്തില്ലെങ്കിൽ എന്തിനാണ് തന്നെ ഭയക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊൽക്കത്തയിൽ തിരഞ്ഞെടുപ്പ് റാലിക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ മോദി രൂക്ഷവിമർശനം നടത്തിയത്. ജനങ്ങൾക്ക് ബി.ജെ.പിയോടുള്ള സ്നേഹം കണ്ട് മമതാ ബാനർജി ബി.ജെ.പി പ്രവർത്തകർക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതിലൂടെ രാഷ്ട്രീയ എതിരാളികൾ കർഷകരെ തെറ്റായ വഴിക്കു നയിക്കുകയാണെന്നും ബംഗാളിലെ താക്കൂർനഗറിൽ നടന്ന റാലിയിൽ മോദി ആരോപിച്ചു. കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിൽ ഉറച്ചുനിൽക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. റാലി നടക്കുന്ന മൈതാനത്തു തിക്കും തിരക്കുമുണ്ടായതിനെ തുടർന്ന് മോദി പ്രസംഗം വെട്ടിക്കുറച്ചു. റാലിക്കു മുൻപ് ബംഗാളിലെ മത സംഘടനയായ മതുവ താക്കൂർബാരി സന്ദർശിച്ച പ്രധാനമന്ത്രി സമുദായ മേധാവി ബാരോ മായുടെ അനുഗ്രഹം തേടി. തിക്കിലും തിരക്കിലും 16 പേർക്ക് പരിക്ക് ഠാക്കൂർനഗർ: റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്കേറ്റു. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈതാനത്തിന് പുറത്ത് കാത്തുനിന്നവർ വേദിക്കരികിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് തിക്കും തിരക്കുമുണ്ടാക്കിയത്. ജനങ്ങളെ ശാന്തരാക്കാൻ മൈക്കിലൂടെ പ്രധാനമന്ത്രി നിർദ്ദേശിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ബഹളത്തിനിടെ കുഴഞ്ഞു വീണ സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ജനങ്ങൾക്ക് അസൗകര്യം നേരിട്ടതിൽ പ്രധാനമന്ത്രി ക്ഷമ ചോദിച്ചു.