ലക്‌നൗ: രാജ്യത്തെ സൈനികർക്കുവേണ്ടി സർജിക്കൽ സ്ട്രൈക്ക് നടത്തി പകരം ചോദിച്ച നരേന്ദ്രമോദി സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ഇത് മൗനി ബാബയുടെ സർക്കാരല്ല. കേന്ദ്രസർക്കാരിന്റെ ബജറ്റിൽ പ്രതിപക്ഷവും രാഹുൽ ഗാന്ധിയും ഞെട്ടിയിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
രാമക്ഷേത്രം അതേസ്ഥലത്തു തന്നെ നിർമ്മിക്കും. രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. എൻ.ഡി.എ സർക്കാർ രാമക്ഷേത്രത്തിനു വേണ്ടി ശ്രമിക്കുമ്പോൾ യു.പി.എ സർക്കാർ ക്ഷേത്ര നിർമ്മാണം തടസപ്പെടുത്തുന്ന സമീപനമാണു സ്വീകരിച്ചത്. പ്രതിപക്ഷ സഖ്യത്തിലെ നേതാക്കൾ രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ വലിയ വിജയമായിരിക്കും ബിജെപിക്കു ലഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള നേതാക്കളെയാണ് ഇന്ത്യയ്ക്ക് ആവശ്യം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണിത്. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനും വികസനം കൊണ്ടുവരുന്നതിനും ശേഷിയുള്ള ഒരു നേതാവിനെയാണ് ആവശ്യം. ബി.ജെ.പിയോടൊപ്പമാണ് ആ നേതാവുള്ളതെന്നും അദ്ദേഹം പറഞ്ഞു.