kerala-police-

തിരുവനന്തപുരം : എസ്.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനായ ശരത്തിനെയാണ് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ മോശം പരാമർശം നടത്തിയതിനാണ് സ‌സ്‌പെൻഷനെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിശദീകരണം.

പാളയത്ത് സിഗ്‌നൽ ലംഘിച്ചെത്തിയ ബൈക്ക് തടഞ്ഞതിനെ തുടർന്നാണ് എസ്.എഫ്.ഐ പ്രവർത്തകർ മൂന്ന് പൊലീസുകാരെ മർദ്ദിച്ചത്. ശരത്തിനെ കൂടാതെ വിനയ ചന്ദ്രൻ, അമൽ കൃഷ്ണ എന്നിവർക്കും മർദ്ദനമേറ്റിരുന്നു. ബൈക്കിലെത്തിയവരെ പൊലീസ് തടഞ്ഞതോടെ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികളെത്തിയാണ് പൊലീസുകാരെ നേരിട്ടത്.

അക്രമികളെ അറസ്റ്റു ചെയ്യുന്നതില്‍ കന്റോൺമെന്റ് പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്‌.ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെയും പ്രവർത്തകനായ ആരോമലിന്റെയും നേതൃത്വത്തിലായിരുന്നു മർദ്ദനം. സംഭവത്തിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.