modi-

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ വെല്ലുവിളി ഉയർത്തുന്നവരിൽ മൂന്നു വനിതകളും. ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി,​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി,​ അവസാന നിമിഷം കോൺഗ്രസ് രംഗത്തിറക്കിയ പ്രിയങ്ക ഗാന്ധി എന്നിവരാണ് വീണ്ടും അധികാരത്തിലെത്താനുള്ള എൻ.ഡി.എയുടെയും നരേന്ദ്രമോദിയുടെയും ശ്രമത്തിന് വെല്ലുവിളി ഉയർത്തുന്നത്.

പ്രിയങ്കാ ഗാന്ധിയെക്കാളും മായാവതിയും മമതാ ബാനർജിയുമാകും ബി.ജെ.പിക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുക. ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഭാവി തീരുമാനിക്കുന്ന ഉത്തർപ്രദേശിൽ മായാവതിയുടെ ബി.എസ്.പിയും അഖിലേഷ് യാദവിന്റെ സമാജ്‌വാദിയും നേട്ടമുണ്ടാക്കുമെന്നാണ് തിരഞ്ഞെടുപ്പ് സർവേകൾ നൽകുന്ന റിപ്പോർട്ടുകൾ.

ബി.ജെ.പിക്കും കോൺഗ്രസിനും ഒരുപോലെ വെല്ലുവിളി ഉയർത്തുന്ന തീപ്പൊരി നേതാവായ മമതാ ബാനർജി കൊൽക്കത്തയിൽ പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി സംഘടിപ്പിച്ച റാലി ബി.ജെ.പിയെയും മോദിയെയും അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചിരുന്നു.

മായവതിയും മമതയും നേതൃത്വം നൽകുന്ന വിശാല സഖ്യത്തിലേക്ക് പ്രിയങ്ക കൂടിയെത്തുമ്പോൾ ബി.ജെ.പിക്ക് ഇവർക്കെതിരെ കൂടുതൽ പ്രതിരോധം തീർക്കേണ്ടി വരും. രണ്ടാം ഇന്ദിരാഗാന്ധി എന്ന വിശേഷണവുമായി രംഗത്തിറങ്ങുന്ന പ്രിയങ്ക ഗാന്ധിയും മോദിക്ക് വെല്ലുവിളി ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ.

പ്രതിപക്ഷത്തിന് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ പോന്നവരാണ് മായാവതിയും മമതാ ബാനർജിയും. ബി.ജെ.പിക്ക് ഇല്ലാതെ പോകുന്നതും ഇങ്ങനെയുള്ള വനിതാ നേതാക്കളാണ്.