gulf-news

ദുബായ്∙ ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ മൂന്നുദിവസത്തെ സന്ദർശനത്തിനു നാളെ യു.എ.ഇ തലസ്ഥാനമായ അബുദാബിയിൽ എത്തും. ഗൾഫ് രാജ്യങ്ങളിലേക്ക് ആദ്യമായി എത്തുന്ന മാർപാപ്പയുടെ സന്ദർ‌ശനം ചരിത്രത്തിൽ രേഖപ്പെടുത്താനൊരുങ്ങുകയാണ് ലോകം. യു.എ.ഇയിൽ മാനവ സാഹോദര്യസംഗമത്തെ അഭിസംബോധന ചെയ്യുന്ന ഫ്രാൻസിസ് മാർപാപ്പ, അബുദാബി ഗ്രാൻഡ് മസ്ജിദിൽ മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണു സന്ദർശനം. നാളെ രാത്രി 10ന് അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തുന്ന മാർപാപ്പയ്ക്ക് ഔദ്യോഗിക വരവേൽപ് നൽകും. തുടർന്ന് ഈജിപ്തിലെ അൽ അസ്ഹർ മസ്ജിദ് ഇമാം ഡോ.അഹ്മദ് അൽ തയ്യിബുമായി കൂടിക്കാഴ്ച. നാലിന് ഉച്ചയ്ക്കു 12നു പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സ്വീകരണം. വൈകിട്ട് അഞ്ചിനു ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദിലേക്ക്. ആറിനു മാനവ സാഹോദര്യ സംഗമത്തിൽ പങ്കെടുക്കും. 5നു രാവിലെ 9നു സെന്റ് ജോസഫ്സ് കത്തീഡ്രൽ സന്ദർശിക്കും. 10.30നു സായിദ് സ്പോർട്സ് സിറ്റിയിൽ കുർബാന അർപ്പിക്കും.

1.35 ലക്ഷം വിശ്വാസികൾ പങ്കെടുക്കും.

യു.എ.ഇ സഹിഷ്ണുതാ വർഷമായി ആചരിക്കുന്ന വേളയിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണു മാർപാപ്പയുടെ സന്ദർശനം. കുർബാനയിൽ പങ്കെടുക്കുന്നവർക്കു പ്രത്യേക അവധി പ്രഖ്യാപിച്ച യു.എ.ഇ അധികൃതർ, വിവിധ എമിറേറ്റുകളിൽ നിന്ന് വിശ്വാസികൾക്ക് എത്താൻ പൊതുവാഹനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.