ഭാരതാംബയുടെ പരമോന്നത പുരസ്കാരങ്ങളിലൊന്നായ പത്മശ്രീ ബ്രഹ്മശ്രീ വിശുദ്ധാനന്ദസ്വാമികളിലൂടെ ശിവഗിരി ശാരദാംബയുടെ സന്നിധിയിലെത്തിയിരിക്കുന്നു. ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ ശിഷ്യപരമ്പരയുടെ അദ്ധ്യക്ഷസ്ഥാനമലങ്കരിക്കുന്ന വിശുദ്ധാനന്ദ സ്വാമിജിയിലേക്ക് രാജ്യത്തിന്റെ ഈ പരമോന്നത ആദരം വന്നുചേർന്നത് യാദൃച്ഛികമായിട്ടല്ല. അത് ചരിത്രവും കാലവും കൂടി സംവദിച്ചപ്പോഴുണ്ടായ ഒരു നിർണയത്തിന്റെ ഫലമായിട്ടാണ്. ഗുരുസേവയുടെയും ഗുരുഭക്തിയുടെയും ഗുരുധർമ്മത്തിന്റെയും ഇന്നലെകളിൽ നിന്ന് വർത്തമാനകാലത്തിലൂടെ വരുംകാലത്തെ അഭിമുഖീകരിക്കുവാനും നവീകരിക്കുവാനുമുള്ള മനപ്പാകത്തിലേക്ക് സമൂഹത്തെ നയിക്കുകയെന്ന വലിയൊരു ദാർശനികദൗത്യത്തെ നിശബ്ദമായി നിർവഹിക്കുന്ന സ്വാമിജിക്ക് പത്മശ്രീ കിട്ടിയതിലൂടെ പ്രചോദിതരായിത്തീരുന്നത് യഥാർത്ഥത്തിൽ ഗുരുഭക്തന്മാരാണ്.
കാരണം ഗുരുഭക്തിയുടെ ആനന്ദക്കടലിൽ നിത്യവും ഹൃദയസ്നാനം നടത്തുന്ന സ്വാമിജിയാണ് ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന്റെ ഈ പരമോന്നത പുരസ്കാരത്തെ ശിവഗിരിയുടെ പീതാംബരത്തിലേക്ക് കൊണ്ടുവരുന്ന ഗുരുപരമ്പരയിലെ ആദ്യത്തെ സംന്യസ്ത ശിഷ്യൻ. ഗുരുവിന്റെ ലാളിത്യവും വിനയവും കരുണയും നിശ്ചയദാർഢ്യവും കർമ്മകുശലതയും കൃത്യനിഷ്ഠയും സമഭാവനയുമൊക്കെ പിന്തുടരുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സ്വാമിജിയെ സംബന്ധിച്ചിടത്തോളം ഈ ആദരവ് ഗുരുവിന്റെ കൃപാകടാക്ഷത്തിൽ നിന്നുദയം കൊണ്ടതാണ്. അചഞ്ചലമായ ഗുരുഭക്തിയാണ് സ്വാമിജിയുടെ സന്ന്യാസജീവിതത്തിന്റെ മഹാസമ്പത്തായിരിക്കുന്നത്. ഗുരുഭക്തിയുടെ ദാനാദാനത്തിലൂടെ ഗുരുദർശനം വിഭാവനം ചെയ്യുന്ന സമ്പൂർണ മനുഷ്യത്വത്തിലേക്ക് സമൂഹത്തെ നയിക്കുന്ന സ്വാമിജിയുടെ സ്നേഹാദരങ്ങൾ അനുഭവിക്കുവാൻ മറ്റുള്ളവരെപ്പോലെ എനിക്കും അനവധി അവസരങ്ങൾ കിട്ടിയിട്ടുണ്ട്.
സ്വാമിജിക്ക് പത്മശ്രീ കിട്ടിയെന്ന വാർത്ത ഞാൻ ആദ്യമറിഞ്ഞത് 'കേരളകൗമുദി"യിൽ നിന്നുമാണ്. അതറിഞ്ഞപ്പോൾ തന്നെ സന്തോഷാധിക്യം കൊണ്ട് ഞാൻ സ്വാമിജിയെ ഫോണിൽ വിളിച്ചുനോക്കി. കാഞ്ചീപുരം ശ്രീനാരായണാശ്രമത്തിലെ മഹാഗുരുപൂജയിൽ പങ്കുകൊണ്ടശേഷം ചെന്നൈയിലെ വെപ്പേരി ശ്രീനാരായണ ഗുരുമന്ദിരത്തിലേക്കുള്ള യാത്രയിലായിരുന്നു അപ്പോൾ സ്വാമിജി. അതിനാൽ എനിക്ക് എന്റെ സന്തോഷം പങ്കുവയ്ക്കാനായില്ല. പക്ഷേ കുറേനേരം കഴിഞ്ഞപ്പോൾ സ്വാമിജി തിരികെ വിളിച്ച് വിശേഷമാരാഞ്ഞു.
ഞാൻ പുരസ്കാരലബ്ധിയിൽ സന്തോഷം പ്രകടിപ്പിച്ചപ്പോൾ സ്വാമിജി നിർമ്മമനായി അതിൽ പങ്കുചേർന്നു. ആ മംഗളനിമിഷത്തെ സാക്ഷാൽ ഗുരുമഹിമയുടെ തുടർച്ചയായിക്കണ്ട് ഞാൻ നമ്രശിരസ്കനാവുകയായിരുന്നു. കാരണം 1926 ലെ ഗുരുവിന്റെ രണ്ടാം സിലോൺ യാത്രയിൽ അനുയാത്രികനായിരുന്ന നടരാജൻ (നടരാജഗുരു) ഗുരുവിനും ഇങ്ങനെയൊരു സ്വഭാവമഹിമയുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തുനില്ക്കുന്ന ഓരോ ആളിനും തന്നോടാണ് ഗുരുവിന് അധികം സ്നേഹമുള്ളതെന്ന അനുഭവമുണ്ടാക്കുന്ന ഒരപൂർവ്വത ഗുരുവിനുണ്ടായിരുന്നു.
അതിന്റെ ഒരു തുടർച്ച സ്വാമിജിയിലും കാണുന്നുവെന്നത് ഗുരുസ്പർശനത്തിന്റെ ഒരദൃശ്യത തന്നെയെന്നതിൽ സംശയമില്ല.
ദിവസവും പുലർച്ചെ മൂന്നു മണിക്ക് നിദ്ര വിട്ടു ഗുരുധ്യാനത്തിലും ഗുരുസേവയിലും മുഴുകി അസംഗനായിരിക്കുന്ന സ്വാമിജിയുടെ ഹൃദയത്തിൽ ഗുരുഭക്തിയുടെ ആദ്യകിരണം പതിഞ്ഞത് സ്വപിതാവിന്റെ ഗുരുചിന്തയിൽ നിന്നുമാണ്. ചെങ്ങന്നൂർ അരിക്കര കൊഴുവല്ലൂർ ആനയിടത്ത് കിഴക്കേക്കര രാഘവൻ എന്നൊരു തികഞ്ഞ ഗുരുഭക്തനായിരുന്നു സ്വാമിജിയുടെ പിതാവ്. പിതാവിന്റെ വ്രതവും പ്രാർത്ഥനയും കണ്ടും കേട്ടും അനുഭവിച്ചും വളർന്നുവന്ന സോമനാഥന് ഗുരുവല്ലാതെ മറ്റൊരു ദൈവമില്ലായിരുന്നു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോഴും ചിന്തയും സ്മരണയുമെല്ലാം ഗുരുസ്വരൂപത്തെപ്പറ്റി മാത്രമായിരുന്നു.
അത് വൈകാരികമായൊരു തിരത്തള്ളലായി മനസ്സിനെയാകെ മൂടിയപ്പോൾ വിദ്യാലയം വിട്ട് ശിവഗിരിയിലെത്തുവാനുള്ള നാളിനായി ദിനങ്ങളൊന്നൊന്നായി എണ്ണിയെണ്ണിത്തീർത്തു. 1968 ജനുവരി ഒന്നിന് പുലർച്ചെ മഹാസമാധി മന്ദിരത്തിനുള്ളിൽ ഗുരുവിന്റെ വെണ്ണക്കൽപ്രതിമ പ്രതിഷ്ഠിക്കുമ്പോഴും അഭിഷേകം നടത്തുമ്പോഴും ഗുരുമന്ത്രമുരുവിട്ടുകൊണ്ടിരുന്ന പതിനായിരങ്ങളിലൊരുവനായി ആ പുണ്യഭൂമിയിൽ പിതാവിനൊപ്പം സോമനാഥനുമുണ്ടായിരുന്നു. ഗുരുസ്വരൂപത്തിനു മുന്നിൽ അമ്പതാണ്ടുമുമ്പ് അകമലരിട്ടു വണങ്ങിനിന്ന ആ നിമിഷം ഇന്നും അതേ തെളിമയോടെ സ്വാമിജിയുടെ മനസ്സിലുണ്ട്. അവിടെ നിന്നും സ്വഗൃഹത്തിലേക്ക് മടങ്ങിപ്പോയെങ്കിലും മനസാകെ ഗുരുവിന്റെ സവിധത്തിലായിരുന്നു. അതിനാൽ അക്കൊല്ലത്തെ തീർത്ഥാടനകാലത്തുതന്നെ വീണ്ടും ശിവഗിരിയിലെത്തി. അന്നു ബ്രഹ്മവിദ്യാലയം പ്രവർത്തനം തുടങ്ങിയിരുന്നില്ല. അങ്ങനെയിരിക്കെ തിരുവല്ലയിലെ ശ്രീരാമകൃഷ്ണാശ്രമത്തിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് അബ്രാഹ്മണർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തപ്പെട്ട തന്ത്രവേദാന്തം കോഴ്സിൽ ശിവഗിരിയുടെ അനുവാദത്തോടെ പഠിതാവായി. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ആര്യങ്കാവ് ശാസ്താക്ഷേത്രത്തിൽ ഈശ്വരസേവ ചെയ്യുന്നതിന് നിയമനം കിട്ടിയെങ്കിലും വൈകാതെ അതുപേക്ഷിച്ച് ഗുരുസേവ ചെയ്യുന്നതിനായി ശിവഗിരിയിൽത്തന്നെ മടങ്ങിയെത്തി. അതോടെ കുടുംബബന്ധങ്ങളിൽ നിന്നെല്ലാം വിമുക്തനുമായി.
1970 ൽ ശിവഗിരിയിൽ ബ്രഹ്മവിദ്യാലയം പ്രവർത്തനമാരംഭിച്ചപ്പോൾ സോമനാഥൻ അവിടുത്തെ ആദ്യബാച്ചിൽ വിദ്യാർത്ഥിയായിച്ചേർന്നു. അന്നു ധർമ്മസംഘത്തിന്റെ അദ്ധ്യക്ഷൻ നിജാനന്ദസ്വാമികളും ജനറൽ സെക്രട്ടറി പ്രകാശാനന്ദസ്വാമികളുമായിരുന്നു. സുധാനന്ദസ്വാമി, അമൃതാനന്ദസ്വാമി, വിദ്യാനന്ദസ്വാമി, ശാശ്വതീകാനന്ദസ്വാമി തുടങ്ങിയവരായിരുന്നു അന്നത്തെ സതീർത്ഥ്യന്മാർ. മഹാസംസ്കൃതപണ്ഡിതന്മാരായിരുന്ന പ്രൊഫ. കെ. ബാലരാമപ്പണിക്കർ, എം. എച്ച്. ശാസ്ത്രികൾ, ഇ.വി. ദാമോദരൻ തുടങ്ങിയ പ്രഗത്ഭമതികളുടെ ശിഷ്യത്വം സംസ്കൃതത്തിലും വേദാന്തത്തിലും ഗുരുദർശനത്തിലും വ്യുത്പത്തി നേടുവാൻ സഹായകമായി. ബ്രഹ്മവിദ്യാപഠനത്തിനുശേഷം ഒരു പരിവ്രാജകനായി ഉത്തരേന്ത്യയിലെത്തി തീർത്ഥഘട്ടങ്ങളിലൂടെ സഞ്ചാരം തുടർന്നു. ധ്യാനവും മനനവും നിദിധ്യാസനവുമൊക്കെയായി കുറേക്കാലം കടന്നുപോയി. പിന്നീട് 'വേദാർത്ഥചിന്താമണി" എന്ന വേദാന്ത ഗ്രന്ഥത്തിലൂടെ പാണ്ഡിത്യലോകത്തിന്റെയാകെ ഗുരുസ്ഥാനീയനായിത്തീർന്ന ശ്രീമാധവാനന്ദസ്വാമികളുടെ ഉത്തമശിഷ്യൻ വിമലാനന്ദസ്വാമികളുടെയടുത്തെത്തി. അരുവിപ്പുറത്തുവച്ച് ഗുരുദേവന്റെ അനുഗ്രഹം നേടുവാൻ ഭാഗ്യം സിദ്ധിച്ചിരുന്ന മഹാപണ്ഡിതനായി ശോഭിച്ചിരുന്ന, സ്വാമികളുമൊത്തുള്ള ഗുജറാത്തിലെ സഹവാസകാലം ഗുരുദർശനത്തിന്റെ മഹിമാവിലേക്കുള്ള ആത്മസഞ്ചാരമായി സ്വാമിജിക്ക് അനുഭവപ്പെട്ടു.
ഗുരുനിയോഗം വീണ്ടും സ്വാമിജിയെ ശിവഗിരിയിലെത്തിച്ചു. ധർമ്മസംഘാംഗമായിത്തീർന്നശേഷം കാഞ്ചീപുരം ആശ്രമത്തിൽ കുറേക്കാലം സേവനമനുഷ്ഠിച്ചു. 1984 ൽ ധർമ്മസംഘത്തിന്റെ ജനറൽ സെക്രട്ടറിയായി. പിന്നീട് കോവളത്തിനടുത്തുള്ള കുന്നുംപാറമഠത്തിന്റെ സെക്രട്ടറിയായും സേവനനിരതനായി. അതിനുശേഷം ഗുരുദേവന്റെ തപോഭൂമിയായിരുന്ന മരുത്വാമലയിലേക്കുപോയി. അവിടെ ഗുരുധർമ്മപ്രചരണത്തിനായി ഗുരുധർമ്മമഠം സ്ഥാപിച്ചു. കാൽ നൂറ്റാണ്ടിലധികമായുള്ള സ്വാമിജിയുടെ സ്ഥിരവാസം കൊണ്ടും അതിപ്രയത്നം കൊണ്ടും ഇന്നവിടം ഗുരുഭക്തരുടെ ഒരു പ്രധാനതീർത്ഥാടനകേന്ദ്രമായി വികസിച്ചിരിക്കുന്നു. സ്വാമിജിയുടെ മുഖ്യകാർമ്മികത്വത്തിലും നേതൃത്വത്തിലും അവിടെ 384 ദിവസം തുടർച്ചയായി നീണ്ടുനിന്ന വിശ്വശാന്തിയജ്ഞം ശ്രീനാരായണീയസമൂഹത്തിനു കിട്ടിയ ആത്മീയോത്കർഷത്തിന്റെ സൂര്യോദയമായിരുന്നു. യേശുദേവനെ ക്രിസ്തുദേവനായി രൂപാന്തരപ്പെടുത്തിയ താബോർമലപോലെ ചെമ്പഴന്തിയിലെ നാണുആശാനെ ശ്രീനാരായണഗുരുദേവനായി രൂപാന്തരം ചെയ്ത മരുത്വാമലയിൽ ഗുരുധ്യാനത്തിനും ഗുരുചിന്തനത്തിനുമായി 121 അടി ഉയരത്തിൽ 7 നിലകളുള്ള ഒരു വിശ്വശാന്തിമന്ദിരം പടുത്തുയർത്തുന്നതിൽ വ്യാപൃതനായിരിക്കെയാണ് ഗുരുനിയോഗമെന്നോണം 2016 ൽ സ്വാമിജി ധർമ്മസംഘം ട്രസ്റ്റിന്റെ അദ്ധ്യക്ഷപദവിയിലെത്തുന്നത്.
സമസ്തജനങ്ങളെയും ആത്മസാഹോദര്യത്തിന്റെ ഏകതയിലേക്ക് നയിക്കുവാനുള്ള സാധനാമാർഗങ്ങളൊരുക്കിയും ജീവിതാഭ്യുന്നതിക്കുള്ള കർമ്മപദ്ധതികൾ ആവിഷ്കരിച്ചും ശിവഗിരിയെ ലോകത്തിന്റെ ആത്മീയതലസ്ഥാനമാക്കിയെടുക്കുവാനുള്ള ഒരു മഹാപ്രയത്നത്തിനാണ് സ്വാമിജി ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വലിയ വികസനപ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ പ്രധാനമായത് ഗുരുവിന്റെ പേരിലുള്ള ഒരു വിശ്വസർവകലാശാലയുടെ സംസ്ഥാപനമാണ്. ഗുരുദേവന്റെ വിദ്യാഭ്യാസസങ്കല്പം ശാസ്ത്രീയമായി സാർവ്വത്രികമാക്കുകയാണ് ലക്ഷ്യം. മറ്റൊന്നു ശ്രീനാരായണ മ്യൂസിയമാണ്. ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി രൂപം കൊണ്ട ഗുരുനിധി പദ്ധതി, അന്നക്ഷേത്രം, തീർത്ഥാടന ആഡിറ്റോറിയം നിർമ്മിതി , സ്കൂളുകളുടെയും ആതുരാലയങ്ങളുടെയും മഠങ്ങളുടെയും നവീകരണം, ശിവഗിരി ടിവി ചാനൽ തുടങ്ങി ആശയപ്രചരണം ശക്തിപ്പെടുത്തുന്നതിനുള്ള നൂതനമായ സംരംഭങ്ങൾ, ഗുരു ധ്യാനപഠന സാധനാകേന്ദ്രങ്ങൾ, ഗാന്ധിജി ഗുരുദേവനുമായി സംഭാഷണം നടത്തിയ വനജാക്ഷിമന്ദിരത്തിന്റെ പുനർനിർമ്മിതി..... ഇങ്ങനെ സ്വാമിജിയുടെ ആത്മീയ-ഭൗതിക സമന്വയത്തിന്റെ ദാർശനികവീഥി നീളുകയാണ്. ആധുനികലോകം നേരിടുന്ന പ്രശ്നങ്ങളും ആഗോളഭീകരതയും ഇന്നു ലോകശാന്തിയെ ഹനിക്കുമ്പോൾ ഗുരുദർശനം എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്നു സ്വാമിജി പറയുന്നത് ലോകമൊന്നാകെ കേൾക്കേണ്ടതാണ്.
'വർത്തമാനകാലത്തെ കലുഷിതമാക്കുന്നത് യഥാർത്ഥ മാനവികതയിൽ നിന്നുമുള്ള മനുഷ്യന്റെ അകന്നുപോകലാണ്. മനുഷ്യൻ മനുഷ്യത്വമെന്ന സത്തയിൽ നിന്നുമകന്ന് മറ്റു പലതിന്റേയും വക്താവായി തീരുന്നുവെന്നതാണ് സമകാലികലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിൽനിന്നുമാണ് എല്ലാ പ്രതിസന്ധികളും സങ്കീർണ്ണതകളും ഉണ്ടാകുന്നത്. 'മനുഷ്യൻ നന്നായില്ലെങ്കിൽ ലോകം നന്നായിട്ട് എന്ത് പ്രയോജനം" എന്നാണ് ഗുരു ചോദിച്ചത്. ഇന്ന് ലോകം നന്നാക്കുവാനാണ് എല്ലാവരും ഇറങ്ങി തിരിച്ചിരിക്കുന്നത്. ശാസ്ത്രങ്ങളും ശാസ്ത്രജ്ഞൻമാരുമെല്ലാം അതിനുള്ള സിദ്ധാന്തങ്ങളും കർമ്മപദ്ധതികളും ഒരുക്കി മുന്നേറുകയാണ്.
പക്ഷേ മനുഷ്യനെ സമാധാനചിത്തനായ ഒരു സമ്പൂർണ്ണ മനുഷ്യനാക്കി വളർത്തുവാനും നന്നാക്കുവാനും നമ്മുടെ ആധുനികവിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനും കഴിയുന്നില്ല. അതുകൊണ്ട് ആദ്യം മനുഷ്യനെ നന്നാക്കുക, അതിനുവേണ്ട മാർഗങ്ങൾ ആവിഷ്കരിക്കുക, ഗുരുദർശനം നൽകുന്നത് ഇതെല്ലാമാണ്. ലോകം നന്നായതുകൊണ്ട് മനുഷ്യൻ നന്നാകണമെന്നില്ല. എന്നാൽ മനുഷ്യൻ നന്നായാൽ ലോകം നന്നാകുമെന്നുള്ളത് തീർച്ചയാണ്. ഗുരുദർശനം നൽകുന്ന ഈ ദാർശനികാവബോധം എന്നാണോ പ്രയോഗത്തിൽ വരുന്നത് അന്നേ നമ്മുടെ വർത്തമാനകാലം ശാന്തമാകുകയുള്ളു. അതിനാദ്യം വേണ്ടത് ഗുരുദർശനം സാർവ്വത്രികമായിത്തീരുക എന്നതാണ്. വിദ്യാഭ്യാസത്തിന്റെ താഴേത്തട്ട് മുതൽ മുകളറ്റം വരേയും ഗുരുദർശനം ദേശഭാഷാഭേദം കൂടാതെ പാഠ്യവിഷയമായാൽ, ഗുരുദേവ സാഹിത്യത്തിന്റെ ഒരംശമെങ്കിലും നമ്മുടെ കലാലയങ്ങളിലെ ഗ്രന്ഥപ്പുരകളിലുണ്ടായാൽ, അത് വേണ്ടുംപ്രകാരം വിനിമയം ചെയ്യപ്പെട്ടാൽ, അതിനുള്ള സാധ്യതയെ വളർത്തിയെടുക്കാനാവും."
'സമജീവിഷ്ഠ യഃ സ്നേഹഃ
സ തത്രാപി പ്രശസ്യതേ".
(സമസ്തസഹജീവികളിലുമുള്ള സ്നേഹം യാതൊന്നാണോ അതാണ് പ്രശംസനീയമായിട്ടുള്ളത്.)
ഗുരുദേവൻ ശ്രീനാരായണധർമ്മത്തിലുടെ വെളിവാക്കുന്ന ഈ വരികൾ ആവർത്തിച്ചുകൊണ്ട് ഞാൻ സ്വാമിജിക്കൊരു തുലാഭാരം നേരുകയാണ്. ആ പ്രശംസനീയതയുടെ ഉയരത്തിലേക്കുയരുന്ന, എല്ലാ അർത്ഥത്തിലും വിശുദ്ധിയുടെ പത്മദളങ്ങൾ കൊണ്ട് ഗുരുദർശനത്തിന്റെ പ്രകാശം പരത്തുന്ന, സ്വാമിജിക്ക് ഈ പുരസ്കാരവേളയിൽ നമോവാകം.
(ലേഖകന്റെ ഫോൺ : 9061812819)