കഥകളിയിൽ ചവറ അപ്പുക്കുട്ടൻപിള്ളയ്ക്കുള്ള പ്രിയം പറഞ്ഞറിയിക്കാനാകില്ല. ഈ കലാകാരന്റെ ഓരോ ശ്വാസത്തിലും അരങ്ങും നിലവിളക്കും തെളിഞ്ഞു നിൽക്കുന്നു, പതിനൊന്നാം വയസിൽ തുടങ്ങിയ കഥകളി സപര്യ ഇന്നും തുടരുകയാണ്. കഥകളി ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ യാത്രകൾ. അൻപതു വർഷത്തിലധികമുള്ള അരങ്ങിലെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം രചിച്ച മൂന്ന് ഗ്രന്ഥങ്ങൾ കഥകളിക്ക് മാത്രമല്ല ഭാഷയ്ക്കും, സാഹിത്യരംഗത്തിനും എന്നും മുതൽക്കൂട്ടുമാണ്. 'കഥകളിയിലെ മനോധർമ്മങ്ങൾ", 'കഥകളിയിലെ രസവിചാരം" എന്നീ ഗ്രന്ഥങ്ങൾ കഥകളി രംഗത്തെ അമൂല്യ രത്നങ്ങളെന്നാണ് സാഹിത്യരംഗത്തെ പല പ്രമുഖരുടെയും വിലയിരുത്തൽ. കഥകളിയെ അധികരിച്ച് അധികം പുസ്തകങ്ങളൊന്നും നിലവിലില്ലാത്തതിനാൽ അപ്പുക്കുട്ടൻ പിള്ളയുടെ രചനകളുടെ പ്രസക്തിയുമേറെയാണ്.
കഥകളിയിലെ മനോധർമ്മ അഭിനയത്തിന്റെ സാദ്ധ്യതകളെ കുറിച്ചുള്ള വിശദമായ പഠനമാണ് കഥകളിയിലെ 'മനോധർമ്മങ്ങൾ". അത്തരത്തിലുള്ള പ്രഥമ ഗ്രന്ഥമെന്ന പദവി ഒരുപക്ഷേ കഥകളിയിലെ മനോധർമ്മങ്ങൾക്ക് അവകാശപ്പെടാം. ആ രംഗത്ത് അത്രത്തോളം അനുഭവജ്ഞാനമുള്ള ഒരാൾക്ക് മാത്രം എഴുതാൻ കഴിയുന്ന ഒന്ന്. സാധാരണ ജനങ്ങൾക്ക് കഥകളിയെന്ന ക്ലാസിക് കലയെ കൂടുതൽ സ്വീകാര്യമാക്കുക എന്നതാണ് 'കഥകളിയിലെ രസവിചാരങ്ങൾ"എന്ന ഗ്രന്ഥത്തിന്റെ ലക്ഷ്യം. കഥകളിയിലെ ഓരോ രംഗവും സാധാരണക്കാർക്കു കൂടി ആസ്വദിക്കത്തക്ക വിധത്തിലേക്ക് എത്തിക്കുക എന്നതാണ് പുസ്തകത്തിന്റെ ലക്ഷ്യം. ചമയം മുതൽ സാത്വികഭാവം വരെയുള്ള കഥകളിയിലെ സമസ്തഘടകങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമമാണ് കഥകളിയിലെ രസവിചാരങ്ങൾ. കഥകളിയിലെ രസങ്ങളെക്കുറിച്ചും രസ സംക്രമണങ്ങളെ കുറിച്ചും ഇതിൽ വിശദമായി പരാമർശിക്കുന്നുണ്ട്. കഥകളി സാഹിത്യത്തിലെ ബിംബ കൽപ്പനകളെക്കുറിച്ചും രംഗത്ത് എത്താത്ത കഥാപാത്രങ്ങളെ കുറിച്ചും കൃത്യമായ വിശദീകരിക്കുന്നുമുണ്ട്.
ഇരയിമ്മൻ തമ്പിയുടെ ആട്ടക്കഥകളായ കീചക വധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നിവ വ്യാഖ്യാനവും പ്രവേശകവും മനോധർമ്മാഭിനയം, സോപാനസംഗീത മഹിമ, കവിയുടെ ആത്മപ്രകാശം, പ്രതിഭ എന്നീ പ്രത്യേക പഠനങ്ങൾ ചേർത്തും ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും പത്രങ്ങളിലുമൊക്കെ കഥകളിയെ സംബന്ധിക്കുന്ന നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇവയുടെയൊക്കെ പൊതുവായ ലക്ഷ്യം കഥകളിയെ കൂടുതൽ ജനകീയമാക്കുക എന്നതാണ്. കഥകളി സാഹിത്യത്തിന്റെ പുനരാഖ്യാനമാണ് മറ്റൊരു സംഭാവന. കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച സ്ത്രീപ്രകൃതിയിലെ നാട്യഭാഷ്യങ്ങൾ, തൊട്ടുകൂടായ്മ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഈ ലേഖനങ്ങളാണ് 'കഥകളിയിലെ രസവിചാരങ്ങൾ" എന്ന പുസ്തകത്തിന്റെ രചനയിലേക്കുള്ള പ്രേരണയായത്.
അദ്ദേഹം അവതരിപ്പിക്കുന്ന നാട്യശാസ്ത്രത്തിന്റെ ആംഗികവും വാചികവുമായ അവതരണമായ ലക്ചർ ഡെമോൺസ്ട്രേഷന് ആരാധകരേറെയാണ്. ഇതേപേരിൽ പലരും അവതരിപ്പിച്ച പൊള്ളയായ പരിപാടികളോടുള്ള പ്രതിഷേധ സൂചകമായാണ് അദ്ദേഹം ഈ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ഏകദേശം എട്ട് മാസത്തോളം നീണ്ടു നിൽക്കുന്ന തയ്യാറെടുപ്പുകൾ നടത്തി ലക്ചർ ഡെമോൺസ്ട്രേഷൻ എന്ന ഘടകത്തിന് പുതിയ മുഖം നൽകാൻ അദ്ദേഹത്തിനായി. സൂര്യ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തുന്ന ലക്ചർ ഡെമോൺസ്ട്രേഷൻ ആസ്വദിക്കാനെത്തുന്നവരും നിരവധിയാണ്. കഥകളി സാഹിത്യത്തിലെ കവികളെ പുനരാഖ്യാനം ചെയ്യാനുള്ള ധൈര്യവും അദ്ദേഹം കാണിച്ചു എന്നതും ശ്രദ്ധേയമാണ്.
കഥകളിയിലെ ആംഗിക വാചിക ഘടകങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണയും നിലപാടുകളും അദ്ദേഹത്തിനുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണ്, മഹാഭാരതകഥയിലെ ഭീമൻ ഒരിക്കലും രണ്ടാമൂഴക്കാരനല്ല. ഒന്നാമതെത്താൻ എന്തുകൊണ്ടും യോഗ്യനാണ് ഭീമനെന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ മഹാഭാരതത്തിൽ ചിലയിടങ്ങളിൽ അർജുനനെ ഒന്നാമനായി പറയുന്നു. ഇങ്ങനെ സാഹചര്യങ്ങൾക്ക് അനുസൃതമായി ഓരോരുത്തരുടേയും പ്രാധാന്യം കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. അതായത് കഥയിൽ സ്ഥിരമായി ഒന്നാമനോ രണ്ടാമനോ ഇല്ല. ഇതൊക്കെ കഥകളിയിലെ അന്തർനാടകങ്ങളാണ് എന്നതാണ് അപ്പുക്കുട്ടൻ പിള്ളയുടെ അഭിപ്രായം. അതുപോലെ തന്നെ കിരാതം എന്ന കഥാഭാഗത്തെ പുനരാഖ്യാനം ചെയ്തിരിക്കുന്നത് സമൂഹത്തിലെ അനാചാരങ്ങളുമായി ബന്ധപ്പെടുത്തിയാണ്. കാട്ടാളനായെത്തിയ ശിവനു മുന്നിൽ അർജുനൻ അടിയറവു പറയുന്നതാണ് കിരാതത്തിന്റെ കഥ. കാട്ടാളൻ സ്പർശിച്ചതുകൊണ്ട് തന്റെ ശുദ്ധി നഷ്ടപ്പെട്ടുവെന്ന് വിലപിക്കുന്ന അർജുനൻ പൊതുസമൂഹത്തിന്റെ പരിഛേദമാണ്. ഒരാൾ തൊട്ടതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല എന്നാണ് സാക്ഷാൽ മഹേശ്വരൻ പറയുന്നത്. അയിത്തം എന്ന അസംബന്ധത്തെ അവസാനിപ്പിക്കുക എന്നതാണ് കിരാതത്തിന്റെ സന്ദേശം.
കഥകളിയിലെ ആസ്വാദന രംഗത്തും വലിയ മാറ്റങ്ങളുണ്ടായി. അതൊരിക്കലും നല്ല മാറ്റങ്ങളല്ല എന്നതാണ് അദ്ദേഹത്തിന്റെ സങ്കടം. അൻപത് വർഷം മുമ്പുള്ള ആസ്വാദകരല്ല ഇന്നുള്ളത്. ഇന്ന് വളരെ കുറച്ച് ആൾക്കാർക്ക് മാത്രമാണ് കഥകളിയെ കുറിച്ചും കഥയെ കുറിച്ചുമൊക്കെ വ്യക്തമായ ധാരണയുള്ളത്. അവരുടെ എണ്ണംപോലും ദിനംപ്രതി ശോഷിച്ചു വരികയാണ്. ഒരു സ്റ്റാറ്റസ് സിംബൽ എന്ന നിലയിലേക്ക് പലപ്പോഴും കഥകളി ഒതുങ്ങിപ്പോകുന്നുണ്ട്. ഇപ്പോഴുള്ള സമ്പ്രദായം അരങ്ങിലവതരിപ്പിക്കുന്ന കഥാസാരം അച്ചടിച്ച് കാണികൾക്ക് വിതരണം ചെയുകയും തുടർന്ന് കളി അവതരിപ്പിക്കുക എന്നതാണ്. അത് ശരിയായ ആസ്വാദനമല്ല. പതിനൊന്നാം വയസിലാണ് അദ്ദേഹം കഥകളിക്ക് കച്ചകെട്ടുന്നത്. തുടർന്ന് വിദ്യാഭ്യാസത്തോടൊപ്പം കഥകളി പരിശീലനവും ഓരോ പ്രാധാന്യത്തോടെ നടന്നു. തെക്കൻ വടക്കൻ ചിട്ടകളിലുള്ള അഭ്യാസം പൂർത്തിയാക്കി.
കളരിയിലെ പഠനം പൂർത്തീകരിച്ച ശേഷം സ്വന്തമായി കഥകളി യോഗം വാങ്ങി ഇഷ്ടമുള്ള വേഷങ്ങളൊക്കെ കെട്ടി പരിശീലനം തുടർന്നു. വേഷം കെട്ടുന്നതിനും ആസ്വദിക്കുന്നതിനും ഒപ്പം കേരള സർവകലാശാലയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും ആഗ്രാ സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. നടൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ മുന്നോട്ടു പോകുന്നതിനിടയിൽ ആഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പിൽ ജോലി ലഭിച്ചു. കഥകളി വേഷങ്ങൾക്കൊപ്പം ആ വേഷവും വിജയകരമായി പൂർത്തിയാക്കി. 2007ൽ അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് സർവീസിൽ നിന്നും 35 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിച്ച അപ്പുക്കുട്ടൻ പിള്ള അതിനു ശേഷം കഥകളി രംഗത്ത് കൂടുതൽ സജീവമായി.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ ആഭിമുഖ്യത്തിൽ കഥകളിയേയും സോപാനസംഗീതത്തേയും കുറിച്ച് പ്രദർശന പ്രഭാഷണ പരമ്പരകൾ വിദേശികളും സ്വദേശികളുമായ ആസ്വാദകർക്കു വേണ്ടി നടത്താറുണ്ട്. മിക്കപ്പോഴും സ്വന്തം വീടുതന്നെയാണ് അതിന് വേദിയാകുന്നത്. കേരള കൾച്ചറൽ കമ്മീഷൻ, കേരള കലാമണ്ഡലം,കേരള ഫോക് ലോർ അക്കാഡമി എന്നിവിടങ്ങളിൽ അംഗമായി പ്രവർത്തിച്ചിട്ടുള്ള ചവറ അപ്പുക്കുട്ടൻ പിള്ള 2012 മുതൽ ഇരയിമ്മൻ തമ്പി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി വൈസ് ചെയർമാനായി പ്രവർത്തിച്ചു വരികയാണ്. കഴിഞ്ഞ 57 വർഷമായി കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഈ അതുല്യ കലാകാരന് അർഹമായ അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. പക്ഷേ അക്കാര്യത്തിൽ അദ്ദേഹത്തിന് തെല്ലും പരിഭവമില്ല.