കേന്ദ്രസർക്കാർ ജീവനക്കാരാണ് രവിയും രാജനും. അയൽവാസികളല്ലെങ്കിലും ഒരേ നാട്ടുകാർ. രവി ഗസറ്റഡ് ഓഫീസർ. രാജൻ ശിപായിയും. തസ്തികകളുടെ ഉയർച്ചയും താഴ്ചയും അവർ ചിന്തിക്കാറില്ല. പെരുമാറ്റത്തിലും അതില്ല. ഒന്നിച്ചാണ് ഓഫീസിൽ പോകുന്നതും വരുന്നതും. പണ്ടൊക്കെ സ്കൂട്ടറിലായിരുന്നു യാത്ര. ഇപ്പോൾ രവിക്ക് കാറുണ്ട്. അവധിയല്ലെങ്കിൽ ഒരുമിച്ചായിരിക്കും യാത്ര.
യാത്രയ്ക്കിടയിൽ മിക്കവാറും മക്കളുടെ പഠനകാര്യങ്ങളാവും ചർച്ചാവിഷയമാകുക. രവിക്ക് രണ്ട് ആൺകുട്ടികൾ. നഗരത്തിലെ മുന്തിയ സ്കൂളിലാണ് അവർ പഠിക്കുന്നത്. ഒരാണും ഒരു പെണ്ണുമാണ് രാജന്. നാട്ടിൻപുറത്തെ സർക്കാർ സ്കൂളിലാണ് അവർ. രവിയുടെ മക്കൾ പഠിക്കാൻ മിടുക്കർ. നാട്ടിലെ ഒരു പലവ്യഞ്ജനക്കടയോ പച്ചക്കറിക്കടയോ രവിയുടെ മക്കൾക്ക് നിശ്ചയമില്ല. രാജന്റെ മക്കൾ നാട്ടിലെ എല്ലാ വിഭാഗക്കാരുമായി ഇടപഴകും. രാജനും ഭാര്യയും മക്കളെ ബന്ധുക്കളുടെ കല്യാണത്തിനും ഗൃഹപ്രവേശത്തിനുമൊക്കെ കൊണ്ടുപോകും. മക്കൾ വീട്ടിലിരുന്ന് പഠിക്കട്ടെ എന്നാണ് രവിയുടെയും ഭാര്യയുടെയും നിലപാട്. മക്കൾ ബന്ധുവീടുകളിലോ സുഹൃത്തുക്കളുടെ വീട്ടിലോ വരാൻ താത്പര്യം പ്രകടിപ്പിച്ചാൽ തന്നെ രവിയുടെ മുഖം കറുക്കും.
നിലവാരം കുറഞ്ഞവരോട് കൂടുതൽ അടുത്താൽ മക്കളുടെ ഗുണങ്ങൾ നഷ്ടമാകും എന്ന അന്ധവിശ്വാസവുമുണ്ട്. കുട്ടികൾ മുതിർന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. എത്ര പ്രയാസമേറിയ ചോദ്യങ്ങൾക്കും മക്കൾ ഉത്തരം കണ്ടെത്തും. പരീക്ഷയിൽ മികച്ച മാർക്കും വാങ്ങും. അതേ സമയം ഒരു അതിഥി വീട്ടിൽ വന്നാൽ, ഒരു അപരിചിതനോട് സംസാരിക്കേണ്ടി വന്നാൽ പതറിപ്പോകും. സ്ഥിരം സ്കൂൾ കോളേജ് ബസ് റൂട്ടിൽ നിന്ന് വ്യതിചലിച്ച് എവിടേക്കെങ്കിലും പോകേണ്ടി വന്നാൽ കുഴങ്ങിയതു തന്നെ. ഒരു മിന്നൽ ഹർത്താൽ ദിനത്തിൽ ബസ് സർവീസെല്ലാം നിലച്ചപ്പോൾ നരകയാതനയായിരുന്നുവെന്ന് മക്കൾ തന്നോട് പറഞ്ഞതായി രവി വെളിപ്പെടുത്തി. ഇക്കണക്കിന് പോയാൽ ജീവിതം മുന്നോട്ട് പോയി സങ്കീർണപ്രശ്നങ്ങളുടെ മുന്നിൽ ചെന്നുപെടുമ്പോൾ എന്തുചെയ്യും എന്ന വ്യാകുലത രവി പ്രകടിപ്പിച്ചപ്പോൾ രാജൻ ആശ്വസിപ്പിച്ചു.
താറാവുകൾ ഒരിക്കലും മുങ്ങി മരിക്കില്ല. പക്ഷേ കോഴിക്ക് ജലം അന്തകനായി മാറിയേക്കാം. എത്രത്തോളം അനുഭവങ്ങളിൽ ചവിട്ടി നടക്കുന്നുവോ അത്രത്തോളം കാലിനും മനസിനും കരുത്ത് കിട്ടും. ഇലയിലായാലും ചിരട്ടയിലായാലും മൺപാത്രത്തിലായാലും ഭക്ഷണം കഴിക്കാൻ ശീലിച്ചാൽ സ്വർണ്ണക്കരണ്ടി കിട്ടിയാലും അഹങ്കരിക്കില്ല. അന്നു കാറിൽ സഞ്ചരിക്കുമ്പോൾ രവി പറഞ്ഞു, രാജന്റെ ശൈലിയാണ് നല്ലത്. കുട്ടിക്കാലത്ത് ഒരുപാട് സുഖങ്ങളും സൗകര്യങ്ങളും അച്ഛനമ്മമാർ ഒരുക്കിക്കൊടുക്കും. എക്കാലത്തും ഇതേ പോലെയായിരിക്കുമെന്ന് കുട്ടികൾ തെറ്റിദ്ധരിക്കും. ആ സുഖ സൗകര്യങ്ങൾ ദുഃശീലങ്ങളായി മാറും. പിന്നെയത് മാറ്റാനും കഴിയില്ല.
രവിയെ സാന്ത്വനിപ്പിച്ചുകൊണ്ട് രാജൻ തന്റെ മുത്തശ്ശി പണ്ടു പറഞ്ഞ ഒരു വാക്യം ഓർമ്മിച്ചു. വെള്ളം ഒഴുകിയൊഴുകിത്തെളിയണം അതു ശുദ്ധമാകാൻ. അഗ്നി ആളിപ്പടരണം മാലിന്യങ്ങൾ ശുദ്ധമാകാൻ. അതുപോലെ അനുഭവങ്ങളിൽ തിളച്ചു മറിയുന്ന മനസ് കാലം ചെല്ലുംതോറും ശാന്തമായി തുടങ്ങും.ജീവിതം സുഖകരമാകുകയും ചെയ്യും.
(ഫോൺ : 9946108220)