രംഗപടം 1
റ് റ് റ് റ് റ് റ് റ് ശബ്ദം മുഴങ്ങി...... പിന്നാലേ അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുമെന്ന അനൗൺസ് മെന്റും .... കർട്ടൻ ഉയർന്നു. രണ്ടുകഥാപാത്രങ്ങൾ മുറിയ്ക്കകത്ത് സ്ഥാപിച്ചിരുന്ന ലിഫ്റ്റിനുള്ളിൽ കയറി. 11അടിയോളം മാത്രം ഉയരമുള്ള സ്റ്റേജിൽ നിന്നും ലിഫ്റ്റ് മുകളിലേക്ക് ഉയർന്നു മറഞ്ഞു. അനൗൺസ് മെന്റ് ഉയർന്നു...രംഗപടം കലാരത്നം ആർട്ടിസ്റ്റ് സുജാതൻ.സ്റ്റേജിലെ പരിമിത സൗകര്യങ്ങൾക്കുള്ളിൽ കാണികളെ വിസ്മയിപ്പിക്കുന്ന സെറ്റുകളിലൂടെ രംഗപടത്തിന് സുജാതനെ തേടിയെത്തിയത് നാടകത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ആദ്യ അവാർഡ് മുതൽ പത്തൊമ്പത് അവാർഡ്. നാടക രംഗത്തെ ലൈഫ്ടൈം അച്ചീവ്മെന്റിന് സംസ്ഥാന സർക്കാരിന്റെ എസ്.എൽ പുരം അവാർഡ്. പിന്നെ അക്കാഡമി അവാർഡടക്കം നിരവധി അംഗീകാരങ്ങൾ.
രംഗപടമെന്നതിന്റെ പര്യായം ആർട്ടിസ്റ്റ് സുജാതൻ എന്നു വിശേഷിപ്പിക്കാവുന്ന പുരസ്കാര പെരുമ. നാലുകെട്ടിനും തറവാടുകൾക്കും പകരം സ്റ്റേജിൽ ലാൻഡ് ചെയ്യുന്ന വിമാനം. ഓടുന്ന ബസ്. പാളത്തിലൂടെ പായുന്ന തീവണ്ടി. വെള്ളത്തിലൂടെ പോകുന്ന ബോട്ട്. മൂന്നു നില മാളിക തുടങ്ങി സ്റ്റേജിൽ ജീവൻ വെക്കുന്ന സുജാതന്റെ വിസ്മയക്കാഴ്ചകൾ നീളുകയാണ്. സുജാതനില്ലെങ്കിൽ കേരളത്തിൽ പ്രൊഫഷണൽ നാടക സമിതിയില്ല എന്നു പറയാവുന്ന തരത്തിൽ നാടകങ്ങളുടെ രംഗപട ശിൽപ്പിയായ ഈ പെരുന്തച്ചൻ റീപ്പയും മരപ്പലകകളും ചായക്കൂട്ടുകളും കൊണ്ട് അരങ്ങിൽ തീർക്കുന്ന വിസ്മയത്തിന് മുന്നിൽ കണ്ണു മിഴിക്കുകയാണ് നാടകാസ്വാദകർ. കേരളവും ഇന്ത്യയും കടന്നു ചൈനയിൽ നടന്ന ലോക നാടക മത്സരം വേദി വരെ സുജാതന്റെ കലാപെരുമ എത്തി.
പ്രൊഫഷണൽ നാടക രംഗത്തെ ആദ്യ ശിൽപ്പി എന്നു വിശേഷിപ്പിക്കാവുന്ന അച്ഛൻ ആർട്ടിസ്റ്റ് കേശവനൊപ്പം കെ.പി.എ.സിയുടെ മുറ്റത്താണ് 16 വയസുമുതൽ സുജാതൻ ബ്രഷ് കൈയ്യിലെടുത്തത്. ഒരു ഫ്രണ്ട് കർട്ടനും ഒരു ബാക്ക് കർട്ടനുമായിരുന്നു.അന്നത്തെ നാടകങ്ങളിൽ. ബാക്ക് കർട്ടനിൽ ഒരു പുഴയോരത്തിന്റെ ചിത്രത്തിനു മുന്നിലായിരിക്കും പ്രണയവും ബലാത്സംഗവും മരണവുമെല്ലാം. ഈ രംഗപടത്തിൽ വ്യത്യസ്തത കൊണ്ടുവന്ന ആർട്ടിസ്റ്റ് കേശവന്റെ പാത പിന്തുടർന്ന മകൻ വരച്ച ഓടുന്ന ബസും ബസിൽക്കൂടി കാണുന്ന ഓടി മറയുന്ന പ്രകൃതി ദൃശ്യങ്ങളും എല്ലാം കാണികളെ അമ്പരപ്പിച്ചു. കെ പി എ സിയുടെ 'കൈയും തലയും പുറത്തിടരുത് " എന്ന നാടകത്തിൽ ഓടുന്ന ബസിന്റെ ഉൾഭാഗത്ത് നടക്കുന്ന നാടകം കാണികളെ വിസ്മയത്തിലാഴ്ത്തി. കോട്ടയം നാഷണൽ തിയേറ്റേഴ്സിന്റെ നിശാസന്ധ്യ എന്ന നാടകത്തിനു വേണ്ടിയാണ് സുജാതൻ ആദ്യമായി രംഗപടമൊരുക്കിയത്. അഞ്ച് പതിറ്റാണ്ടു കഴിഞ്ഞ് ഡിജിറ്റൽ രംഗപടത്തിന്റെ തിരനോട്ടം വരെ നാടക രംഗത്തെത്തിയിട്ടും ആ കൈവിരലുകളുടെ മാന്ത്രികത ഒരു സാങ്കേതിക വിദ്യക്കും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.
രംഗപടം 2
കുരുത്തോല കൊണ്ടലങ്കരിച്ച വീടിന്റെ രംഗപടം. പൂമുഖത്ത് കത്തിച്ചുവച്ച നിലവിളക്ക്. വാതിൽ തുറന്ന് കൈയിൽ അഷ്ടമംഗല്യവുമായി വധു മുറ്റത്തേക്കിറങ്ങി. കല്യാണപ്പെണ്ണ് സദസ്യരെ വണങ്ങി മുറ്റത്തൊരുക്കിയ മണ്ഡപത്തിലേക്ക്. വരനായ ജിജോയുടെ അച്ഛൻ ആർട്ടിസ്റ്റ് സുജാതൻ. വധു അമ്മുവിന്റെ അച്ഛൻ ആർട്ടിസ്റ്റ് സി.സി.അശോകൻ. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലെ രംഗപടം കല്യാണ മണ്ഡപമെന്നറിഞ്ഞപ്പോൾ നാടകം കാണുന്നതു പോലെ പലരും കൺമിഴിച്ചു. മകന്റെ വിവാഹത്തിനും നാടകത്തിന്റെ ഇഫക്ട് വേണമെന്ന് സുജാതന്റെ നിർദ്ദേശം ചിത്രകാരനായ അശോകനും സമ്മതമായി. ഇരുവരും ചേർന്നാണ് മക്കളുടെ വിവാഹത്തിന് രംഗപടമൊരുക്കിയത്. ഈ രംഗപടത്തിന് ആവശ്യക്കാരേറിയതോടെ വിവാഹത്തിനു ശേഷം വൻ ഡിമാന്റായി . കോട്ടയം നഗരത്തിന് പടിഞ്ഞാറ് വേളൂര് ചെന്ന് ആർട്ടിസ്റ്റ് സുജാതനെ തിരക്കിയാൽ അച്ഛന്റെ ഓർമ നിലനിറുത്താൻ സുജാതൻ തീർത്ത ആർട്ടിസ്റ്റ് കേശവൻ സ്മാരക ഹാളിനു സമീപത്തെ വീടു നാട്ടുകാർ കാട്ടിത്തരും. വീടിന്റെ പൂമുഖത്തിരിക്കുമ്പോൾ ബുക്ക് ഷെൽഫിൽ നിന്നും താഴേക്ക് വീഴാനൊരുങ്ങുന്ന പുസ്തകങ്ങൾ കാണാം. കൈനീട്ടി പുസ്തകങ്ങൾ താഴെ വീഴാതെ വെക്കാൻ ശ്രമിച്ചാൽ കൈചെന്ന് തൊടുന്നത് പെയിന്റടിച്ച വെറും ഭിത്തിയിലാണ്. ത്രിമാന രീതിയിൽ സുജാതൻ വരച്ച പുസ്തക ഷെൽഫ് നിങ്ങളെ കബളിപ്പിക്കും. മയൻ തീർത്ത ഇന്ദ്ര പ്രസ്ഥത്തിൽ ദുര്യോധനനും സംഘത്തിനുമുണ്ടായ സ്ഥല ജല വിഭ്രാന്തിഅവസ്ഥയായിരിക്കും സുജാതന്റെ വീട്ടിൽ ആദ്യമായെത്തുന്നവർക്ക് ഉണ്ടാവുക. കോട്ടയം പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിന്റെ സ്റ്റേജിന് മുന്നിൽ ഇരുവശങ്ങളിലും കാണികളെ വിസ്മയിപ്പിക്കുന്ന ഇത്തരം പുസ്തക ഷെൽഫ് ഒരുക്കിയിട്ടുണ്ട്.
രംഗപടം 3
മലയാള പ്രൊഫഷണൽ നാടകവേദിയുടെ അരനൂറ്റാണ്ടത്തെ ചരിത്രം ആർട്ടിസ്റ്റ് സുജാതന്റെ വളർച്ചയുടെ ചരിത്രമെന്നു പറയാം. തലമുറകളുടെ ഇടവേളകൾക്ക് അപ്പുറവും ഇപ്പുറവും നമ്മൾ കണ്ട നാടകങ്ങൾക്കെല്ലാം രംഗപടം ഒരുക്കിയത് കാഴ്ചയിലും ജീവിതത്തിലും സന്യാസിയെപ്പോലെ ശാന്തനായി നിറചിരിയോടെ ആൾക്കൂട്ടത്തിൽ തനിച്ച് നടക്കുന്ന ഈയൊരു മനുഷ്യനായിരുന്നു. നാടക പ്രസ്ഥാനത്തിന് നിറം മങ്ങിത്തുടങ്ങിയിട്ടും സുജാതന്റെ ചായക്കൂട്ടുകൾക്ക് തിളക്കമൊഴിഞ്ഞിട്ടില്ല.
സുജാതനില്ലാതെ പ്രൊഫഷണൽ നാടക വേദിക്ക് മറ്റൊരു രംഗപടമില്ല. പരാജയവും വിജയവും ഓരോരുത്തരുടെയും കാഴ്ചപ്പാടിന് അനുസരിച്ച് വ്യത്യാസപ്പെടുന്ന ഒന്നാണ്. ഇന്നത്തെ സാഹചര്യത്തിൽ നിന്നു നോക്കുമ്പോൾ പഴയതലമുറ പരാജയമായി തോന്നിയേക്കാം. പക്ഷെ അതവരെ വേണ്ടരീതിയിൽ മനസ്സിലാക്കാഞ്ഞിട്ടാണ്. സ്വാർത്ഥയില്ലാത്തവരായിരുന്നു മുൻകാല കലാകാരന്മാർ. വെള്ളത്തിൽ ഒഴുകി നടന്ന പൊങ്ങുതടിപോലെയായിരുന്നു അവരുടെ ജീവിതം. കുടുംബം, മക്കൾ, ഭാര്യ എന്നതിനെ കുറിച്ചൊന്നും അവർ കാര്യമായി ചിന്തിച്ചിരുന്നില്ല. കലയായിരുന്നു അവർക്കെല്ലാം. അതുകൊണ്ടു തന്നെ അവരിൽ പലർക്കും വഴിയരികിൽ കിടന്നുമരിക്കേണ്ടി വന്നു. മക്കൾ അച്ഛന്മാരെ തള്ളിപ്പറയുന്നതു കേൾക്കേണ്ടി വന്നു. കലയോടുണ്ടായിരുന്ന നിസ്വാർത്ഥ മനോഭാവമാണ് അവരെ വേറിട്ട വഴികളിലൂടെയെല്ലാം സഞ്ചരിപ്പിച്ചത്.
സ്വാർത്ഥതയില്ലാത്ത കലാകാരനായിരുന്നു എന്റെ അച്ഛൻ. പന്തൽ പണി മുതൽ രംഗപടം വരെ ചെയ്യാത്ത കൈത്തൊഴിലുകൾ ഇല്ലായിരുന്നു.. കലയോട് അമിതമായ സ്നേഹമായിരുന്നു. മക്കൾക്ക് നൽകാവുന്ന ഏറ്റവും വലിയ സ്വത്ത് കലയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഒരിക്കലും കണക്കു പറഞ്ഞു കാശുവാങ്ങിക്കാൻ തയ്യാറായില്ല. അങ്ങനെ തന്നെ ജീവിച്ച് മരിച്ചു. ജീവിതത്തിൽ ഒന്നും നേടിയില്ല. അച്ഛന്റെ ജീവിതം മുഴുവൻ കണ്ടുവളർന്ന എനിക്ക് ഒരിക്കലും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ പറ്റില്ല. ആ അച്ഛന്റെ മകനായതുകൊണ്ടുമാത്രമാണ് ഞാൻ ഇന്നത്തെ ആർട്ടിസ്റ്റ് സുജാതനായതും. എന്റെ അച്ഛൻ ആരായിരുന്നുവെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്, കലയോട് സ്നേഹമില്ലാത്തൊരു തലമുറയാണ് ഇന്നുള്ളത്. നാടകം അവർക്കിന്ന് യാതൊരു വിലയുമില്ലാത്ത ഒന്നാണ്. പണ്ടത്തെ തലമുറ പ്രതിഫലേച്ഛയില്ലാതെയായിരുന്നു ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നത്. നാടകം തന്നെയായിരുന്നു അവരുടെ ജീവിതം. നാടക ക്യാമ്പായിരുന്നു അവരുടെ ലോകം.
തന്റെ കുഴപ്പം മൂലം ഒരു നാടകവും മുടങ്ങരുതെന്ന് നിർബന്ധമുണ്ടായിരുന്നവർ. അവരെത്ര മദ്യാപാനിയോ കുടുംബത്തെ നോക്കാത്തവരോ ആകട്ടെ, സത്യസന്ധരായിരുന്നു. ഇന്ന് അതല്ല നിസ്സാര പ്രശ്നം കൊണ്ടുപോലും നാടകം മുടങ്ങുന്ന അവസ്ഥയാണ്. പ്രതിഫലം കണക്കു പറഞ്ഞ് വാങ്ങുന്നവരാണുള്ളത്. എന്നാൽ ഒരു നാടകകലാകാരനും അവൻ ആഗ്രഹിക്കുന്നതുപോലെ പ്രതിഫലം ഇന്നും കിട്ടുന്നില്ല. വർഷത്തിൽ നൂറോ നൂറ്റിയിരുപതോ നാടകങ്ങൾ കാണും. അതിൽ നിന്നുള്ള വരുമാനം മാത്രമാണ് അവർക്കുള്ളത്. എന്തുകൊണ്ട് ഇന്ന് സാമൂഹ്യവിമർശനമുള്ള നാടകങ്ങൾ ഉണ്ടാകുന്നില്ലെന്നു ചോദിച്ചാൽ, അതിനുള്ള വേദികൾ ഇവിടെ കിട്ടുന്നില്ല എന്നു തന്നെയാണ് ഉത്തരം. ആരെയും വേദനിപ്പിക്കാതെ, കുറ്റപ്പെടുത്താതെ വേണം ഇന്നു നാടകമുണ്ടാക്കാൻ.
ഇന്ന് ഒരു രംഗപടം സജ്ജീകരിക്കുമ്പോൾ അമ്പലമോ പള്ളിയോ ഏതെങ്കിലും മതചിഹ്നങ്ങളോ വരാതിരിക്കാൻ നോക്കും. രംഗത്ത് അമ്പലമുണ്ടെങ്കിൽ ഹിന്ദുപശ്ചാത്തലമുള്ള നാടകമായി മുദ്രകുത്തും. പിന്നെയത് പള്ളികളിൽ ബുക്ക് ചെയ്യില്ല, ഇതു തന്നെ തിരിച്ചും നടക്കും. അത്രകണ്ട് സങ്കുചിതമായി മാറി സമൂഹം. നാടകക്കാരനെപ്പോലെ ഇത്രയും അവഗണിക്കപ്പെട്ട മറ്റൊരു വിഭാഗം ഉണ്ടാകാൻ സാധ്യതതയില്ല. ഒരു മിമിക്രിക്കാരന് കിട്ടുന്ന പരിഗണനപോലും നാടകക്കാരന് കിട്ടുന്നില്ല. ജീവിതം മുഴുവൻ നാടകത്തിനുവേണ്ടി ഹോമിച്ചവനെ ആരും തിരിച്ചറിയില്ല. അരനൂറ്റാണ്ടായി നാടക രംഗത്തുള്ള സുജാതൻ തിരിഞ്ഞുനോക്കുന്നു.
കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാതെ, ഒരേ രീതിയിൽ പോകുന്ന ഒന്നാണ് പ്രൊഫഷണൽ നാടകങ്ങൾ. കഴിയാവുന്ന പരീക്ഷണങ്ങൾ നടത്താൻ ശ്രമിച്ചിട്ടുണ്ട്. ഇത്രയും കാലം എനിക്ക് പിടിച്ചു നിൽക്കാൻ സാധിച്ചത് കാലത്തിനൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞതുകൊണ്ടാണ്. പുതിയ മെറ്റീരിയലുകൾ ഉപയോഗിച്ച് പരീക്ഷണങ്ങൾക്ക് ശ്രമിക്കുന്നുണ്ട്. ബ്രഷും ചായക്കൂട്ടുമല്ല കമ്പികളും അവിടെ ലഭ്യമായ സാധനങ്ങളുപയോഗിച്ചാണ് ചൈനയിൽ ലോക നാടക മത്സരത്തിൽ ഇന്ത്യൻ നാടകത്തിന് സെറ്റൊരുക്കിയത്.
വരുമാനത്തിന് മറ്റു മാർഗങ്ങളോ ചെയ്യാൻ വേറെ ജോലികളോ ഇല്ലാത്തുകൊണ്ടും ഈ ഫീൽഡിൽ തുടരുകയാണ്. എനിക്കിന്നും സാമ്പാദ്യമെന്നു പറയാൻ ഒന്നുമില്ല. ആർട്ടിസ്റ്റ് കേശവന്റെ മകൻ എന്ന് പറഞ്ഞാൽ എവിടെയും എനിക്കൊരു സ്ഥാനം കിട്ടിയിരുന്നു. എല്ലാക്കാര്യത്തിലും അച്ഛനെ ഞാൻ പിന്തുടർന്നിട്ടില്ല. അച്ഛന് ചാരായകുപ്പി വാങ്ങിക്കൊണ്ടുവരുന്ന ജോലി എനിക്കുണ്ടായിരുന്നിട്ടും ഞാനിതുവരെ മദ്യത്തിന്റെ രുചി നോക്കിയിട്ടില്ല. എനിക്കൊരിക്കലുമൊരു കച്ചവടക്കാരനാകാൻ കഴിഞ്ഞിട്ടില്ല. കലാകാരനായി നിൽക്കാനെ ശ്രമിച്ചിട്ടുള്ളൂ. ആ നിലയ്ക്ക് ഞാനൊരു പരാജയം തന്നെയായിരിക്കും. പക്ഷേ ഞാൻ സംതൃപ്തനാണ്. ഇപ്പോഴും ഒരു സ്കെച്ച് നോക്കിയല്ല വരയ്ക്കുന്നത്. എന്റെ ജീവിതാനുഭവങ്ങളിൽ നിന്നോർത്തെടുത്താണ്. ജീവിതത്തിൽ കണ്ടിട്ടുള്ളതാണ് വരയ്ക്കുന്നത്. ബാങ്കിൽ നിന്ന് ലോണെടുത്താണ് അച്ഛന്റെ പേരിലൊരു ഓഡിറ്റോറിയം നിർമ്മിച്ചു,
ഇതുണ്ടാക്കുമ്പോൾ ലക്ഷ്യം നാടകത്തെ സ്നേഹിക്കുന്ന ഒരു തലമുറയ്ക്കായി, നാടകത്തിനായി എന്റെ വക ഒരിടമെന്നതായിരുന്നു. എനിക്ക് തെറ്റി. ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആണ് ആ ഓഡിറ്റോറിയം. നാടകത്തെ വേണ്ടാത്തവർക് ക് എന്തിന് എന്റെയീ സൗജന്യം?. വലിയൊരു കടബാധ്യത മാത്രം എനിക്ക് മിച്ചം. ചായക്കൂട്ടുകൾ നാളെ താഴെവച്ചാലും എന്നെ ഞാനാക്കിയ നാടകത്തിന്റെ യവനിക ഉയർന്നു നിൽക്കണമെന്നാണ് ആഗ്രഹം.