വേഴാമ്പലുകളുടെ വംശത്തിൽ പെട്ട പക്ഷിയാണ് പാണ്ടൻ വേഴാമ്പൽ എന്ന മലബാർ പൈഡ് ഹോൺബിൽ. കറുപ്പും വെളുപ്പും നിറത്തിലുള്ള ഒരു പക്ഷി. കോഴി വേഴാമ്പലിനേക്കാൾ വലുതാണ്. എന്നാൽ മലമുഴക്കിയുടെ അത്ര വലുതല്ല താനും. ഇതിനു രണ്ടിനുമിടയിൽ ശരീരവലിപ്പമുള്ള ഒരു പക്ഷി. കൊക്കിനു മുകളിൽ ഇവയ്ക്കും മലമുഴക്കിയെ പോലെ മകുടമുണ്ട്. മുഖം, കഴുത്ത്, നെഞ്ച്, പുറം ഒക്കെ നല്ല കറുപ്പ് നിറം. ശരീരത്തിന്റെ അടിഭാഗം വെളുപ്പും കഴുത്തിൽ ഒരു വെള്ള അടയാളവുമുണ്ട്. നീണ്ടു വളഞ്ഞ വലിയ മഞ്ഞകൊക്കിനു മുകളിൽ പകുതി മഞ്ഞയും ബാക്കി കറുപ്പും നിറത്തിൽ ഒരു മകുടവുമുണ്ട്. വെള്ളയും കറുപ്പും നിറത്തിൽ വാൽ തൂവലുകൾ. കറുത്ത കണ്ണുകൾ. ആൺ പക്ഷിയുടെ കണ്ണിനു ചുറ്റും കറുപ്പ് നിറവും പെണ്ണിന് കണ്ണിനു ചുറ്റും മഞ്ഞ നിറവുമാണ്. ഇളം മഞ്ഞ നിറത്തിൽ സോക്സ് പോലെ തൂവലുകൾ നിറഞ്ഞ കാലുകൾ.
പലപ്പോഴും കൂട്ടങ്ങളായി മണ്ണിൽ പൊടിപറത്തി അതിൽ ഉരുണ്ടു കളിക്കുന്നത് ഇവയുടെ ഒരു ശീലമാണ്. ഇന്ത്യയിലേയും ശ്രീലങ്കയിലേയും ആർദ്ര വനങ്ങളിലും നിത്യഹരിത വനങ്ങളിലുമാണ് ഇവയെ കാണാറുള്ളത്. ഒരു കാലത്ത് കേരളത്തിൽ ഇവയെ വ്യാപകമായി കാണുമായിരുന്നെങ്കിലും ഇപ്പോൾ അത്ര കാണാറില്ല. കേരളത്തിന് പുറത്താണ് ഇവയെ കൂടുതൽ കണ്ടിട്ടുള്ളത്. മറ്റു വേഴാമ്പലുകളെ പോലെ തന്നെ വിവിധ തരം കാട്ടു പഴങ്ങളും ചെറിയ ജീവികളുമൊക്കെയാണ് ഇവരുടെയും ഭക്ഷണം. സാധാരണ പോലെ മരപ്പൊത്തുകളിൽ മുട്ടയിടാനുള്ള സ്ഥലവും ഒരുക്കുന്നു. കൂടിന്റെ കവാടം ചെളിയും കാഷ്ഠവും ഒക്കെ ചേർത്ത് അടയ്ക്കുന്നു. ഒരു കിളിവാതിൽ മാത്രം ബാക്കി വയ്ക്കും. അതിലൂടെ ആഹാരം കൊക്കിനുള്ളിലേയ്ക്ക് കൊടുത്ത് ആൺപക്ഷി ഇണയെയും തന്റെ കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നു. കൂട്ടിനുള്ളിൽ പെൺപക്ഷി രണ്ടോ മൂന്നോ വെളുത്ത മുട്ടകൾ ഇടും. മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾ പറക്കാറാവുന്നത് വരെ അച്ഛനും അമ്മയും ഒരുമിച്ചു തീറ്റിപ്പോറ്റുന്നു.
വർഷങ്ങൾക്കു മുമ്പ് വ്യാപകമായി ഈ പക്ഷികളെ ആളുകൾ ഇറച്ചിയ്ക്കും മുട്ടയ്ക്കുമായി വേട്ടയാടിയിരുന്നു. പൊത്തിനുള്ളിൽ തൂവലുകളില്ലാതെ കഴിയുന്ന പെൺപക്ഷിയെ പിടിക്കാൻ എളുപ്പമായിരുന്നു. ഇന്ന് നിയമങ്ങൾ കർശനമായതോടെ അത് നിന്നെങ്കിലും ഇവയുടെ വംശം നിലനിൽപ്പിന്റെ ഭീഷണിയിലാണ്.