ഊട്ടിയിലെ കാലാവസ്ഥ പ്രവചിക്കാനാവില്ല. വെയിലും മഴയും പെട്ടെന്ന് മാറി മാറി വരാം. ഇടയ്ക്കു ഓർത്തിരിക്കാതെ മിസ്റ്റും കയറി വന്നേക്കും. ചിലപ്പോൾ നല്ല തണുപ്പും! അന്നൊരു ദിവസം ഉച്ചയ്ക്ക് വീട്ടിൽ നിന്നും ഊണുകഴിഞ്ഞു പുറപ്പെടുമ്പോൾ മഴ ചാറാൻ തുടങ്ങിയിരുന്നു. അതിനാൽ കുടയുമായിട്ടാണ് ഇറങ്ങിയത്. പത്തു മിനിറ്റിനുള്ളിൽ ഓഫീസിലെത്തി. കലശലായ മഴ ഇല്ലായിരുന്നെങ്കിലും നടന്നു പോന്നതിനാൽ കുട ഒരു വിധം നനഞ്ഞു. വന്നയുടൻ സ്റ്റുഡിയോയിൽ ഒരുഭാഗത്ത് ഉണങ്ങിക്കിട്ടാൻ വേണ്ടി കുട നിവർത്തിത്തന്നെ വച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ അത് ഉണങ്ങിയതായി കണ്ടു. ഇനി മടക്കി വച്ചുകളയാം എന്നുതീരുമാനിച്ച് കുട എടുത്ത് മടക്കി ചുരുട്ടിവച്ചു.
കുട ഇരുന്ന തറയിലേക്ക് നോക്കുമ്പോൾ കുടക്കമ്പിയിൽ നിന്നും അത്രയും സമയം കൊണ്ട് ഇറ്റിറ്റു വീണ വെള്ളത്തുള്ളികൾ ചേർന്ന് ഏതോ ഒരു ആകൃതി രൂപപ്പെട്ടിരിക്കുന്നതായി കണ്ടു, അത്ര വ്യക്തമായില്ല. പോയി മറുഭാഗത്ത് നിന്ന് നോക്കുമ്പോൾ ഒരാൾ സ്കൂട്ടർ അല്ലെങ്കിൽ സ്കൂട്ടി ഓടിച്ചുപോകുന്നപോലെ തോന്നിച്ചു. ഉടൻ തന്നെ കാമറ എടുത്ത് അവൈലബിൾ ലൈറ്റിൽ അതിന്റെ ഒരു ഫോട്ടോ എടുത്തു. അൺലോഡ് ചെയ്തു സ്ക്രീനിലിട്ടു നോക്കുമ്പോൾ ശരിക്കും ആ രൂപം ഒരു സ്കൂട്ടർ യാത്രക്കാരന്റേതുപോലെ തന്നെ തോന്നിച്ചു. കോൺക്രീറ്റു തറയിലെ പാടും അടയാളങ്ങളുമെല്ലാം അതോടൊപ്പം കാണുകയും ചെയ്യും.
അത് കുടയിൽ നിന്നും ഇറ്റുവീണ വെള്ളത്തുള്ളികൾ കൊണ്ട് രൂപപ്പെട്ടതാണെന്നും ഇന്ന രീതിയിൽ എടുത്തതാണെന്നുമെല്ലാം കാണിച്ച് ഒരു മിനുക്കു പണികളുമില്ലാതെ പ്രശസ്തമായ ഗട്ടി ഇമേജിലേക്കു അയച്ചു. നമ്മളുടെ ഐഡിയ അവർക്കു മനസ്സിലാകുമോ, ഞാൻ സങ്കല്പിച്ച വീക്ഷണത്തിലൂടെ സായിപ്പന്മാർ ഇത് നോക്കിക്കാണുമോ എന്നൊക്കെ സന്ദേഹമുണ്ടായിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ അത് അവർ അംഗീകരിച്ചതായി മെയിൽ വരികയും അവരുടെ സൈറ്റുകളിൽ ഈ പടം ചേർത്തിരിക്കുന്നതായും കണ്ടു. ഇന്നും വിദേശരാജ്യങ്ങളിലെ അവരുടെ പല സൈറ്റുകളിലും ഇത് കാണാം.