മനുഷ്യാവസ്ഥകളെ ശക്തമായി അവതരിപ്പിക്കാൻ വർത്തമാനകാലത്തെ ഏറ്റവും മികച്ച സാഹിത്യനിർമിതി ചെറുകഥ തന്നെയാണെന്നതിന് രണ്ട് അഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല.
യുവകഥാകൃത്ത് മിഥുൻ കൃഷ്ണയുടെ ആദ്യസമാഹാരമാണ് ചൈനീസ് മഞ്ഞ. പത്തു കഥകളുടെ സമാഹാരം. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചതിനാൽ പുസ്തകമാകുന്നതിന് മുമ്പ് തന്നെ ഒരർത്ഥത്തിൽ ആസ്വദിക്കപ്പെട്ടവയാണ് ഇതിലെ കഥകൾ.
സമാഹാരത്തിലെ ശ്രദ്ധേയമായ കഥകളിലൊന്നാണ് പാസ്പോർട്ട്സൈസ് ഫോട്ടോ. കുഞ്ഞൂട്ടിയമ്മയുടെ ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണിത്. പേര് സൂചിപ്പിക്കും പോലെ വാർധക്യത്തിലെത്തിനിൽക്കുന്ന കഥാപാത്രം. അവരുടെ ദിനചര്യകളെ കുറിച്ച് പറഞ്ഞാണ് കഥയുടെ തുടക്കം. മുഖം കഴുകുമ്പോൾ പേരക്കുട്ടിയുടെ വാക്കുകളാണ് അവരുടെ നെഞ്ചിൽ.' ദേ അച്ഛാ മംഗാൾയാൻ പകർത്തിയ ആദ്യ ഫോട്ടോ... അച്ഛമ്മയുടെ മുഖംപോലേണ്ട്.. നിറയെ കുണ്ടുംകുഴിയും ചുളുക്കും. ഹഹഹ". മകനിൽനിന്നും അയാളുടെ ഭാര്യയിൽനിന്നും അവർ അനുഭവിക്കുന്ന മാനസികാഘാതം ,' ഫാമിലി ഫോട്ടോയിൽ എന്തിനാ അമ്മ. അമ്മയുടെ പാസ്പോർട്ട്സൈസ് ഫോട്ടോ അല്ലേ എടുക്കേണ്ടത് " -ചുരുക്കം വാക്കുകളിൽ വരച്ചിടാൻ കഥാകൃത്തിന് കഴിയുന്നു. സ്റ്റുഡിയോയിൽ എത്തിയ മകനും ഭാര്യയും ഫാമിലി ഫോട്ടോയിൽനിന്ന് അമ്മയെ ക്രോപ്പ് ചെയ്ത് ഒഴിവാക്കാനും അങ്ങനെ ഒഴിവാക്കുന്ന അവരുടെ മുഖം പാസ്പോർട്ട് സൈസ് രൂപത്തിലാക്കാനും ആലോചിക്കുന്നു. എന്നാൽ കഥാവസാനത്തിൽ നൂറ് രൂപ ഫോട്ടോഗ്രാഫർക്ക് നൽകി പാസ്പോർട്ട്സൈസ് ഫോട്ടോയെന്ന് പറയുന്ന കുഞ്ഞൂട്ടിയമ്മയ്ക്ക് വായനക്കാരുടെ മനസിൽ 'നായകപരിവേഷ"മുണ്ടാകും.
കന്നുകാലി ഇറച്ചി നിരോധനം പശ്ചാത്തലമാകുന്ന കഥയാണ് ചൈനീസ് മഞ്ഞ. ഇറച്ചിവെട്ടുകാരനായ ചന്ദ്രുവിന്റെയും പട്ടം വിൽപ്പനക്കാരന്റെയും മാനസികാവസ്ഥയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കന്നുകാലി ഇറച്ചി നിരോധനം ഒരിക്കലും തൊഴിൽ പ്രതിസന്ധിയുണ്ടാകില്ലെന്ന് കരുതിയ മേഖലയിലും അതുണ്ടാക്കി. ഓർഡർ തികയ്ക്കാൻ പട്ടിയെയും ഒടുവിൽ മനുഷ്യനെയും വരെ വെട്ടികൂട്ടുന്നതിലേക്ക് എത്തിക്കുന്നു.
സമാഹാരത്തിലെ ബ്ലു ടിക്, അച്ചുവിന്റെ അമ്മ, രണ്ടാമത്തെ കാരണം തുടങ്ങി പിന്നെയും ഏതാനും കഥകൾകൂടി വായനക്കാരെ ആകർഷിക്കും. ശരാശരി മലയാളിക്ക് അനുഭവഭേദ്യമല്ലാത്ത ഒരുജീവിതപശ്ചാത്തലവും ഈക്കഥകളിൽ കടന്ന് വരുന്നില്ല. കഥാകാരന്റെ ഇടപെടൽ വായനക്കാരനെ മനുഷ്യരിലെ ക്രൂരതകളെ ലഘൂകരിക്കുകയും നന്മയെ പൊലിപ്പിക്കാനുമുള്ള ഒരുമനുഷ്യസ്നേഹിയുടെ അഭിലാഷം ഈ കഥകളുടെ ഞരമ്പുകളിലുണ്ട്. സംസാരിക്കുമ്പോൾ രാഷ്ട്രീയം മറച്ചുവയ്ക്കേണ്ടതില്ലെന്ന ലാളിത്യമാണ് ഈക്കഥകളുടെ ശക്തി. ചുരുക്കത്തിൽ ദുർഗ്രാഹ്യത ഇല്ലാത്ത ഭാഷയിൽ എഴുതപ്പെട്ട ജീവിതഗന്ധിയായ കഥകളുടെ സമാഹാരമെന്ന് ഒറ്റവാക്യത്തിൽ 'ചൈനീസ് മഞ്ഞ"യെ വിശേഷിപ്പിക്കാം. ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില ₹ 80